| Friday, 29th December 2017, 3:04 pm

പാകിസ്താനില്‍ തടവിലായിരുന്ന 145 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമബാദ്: പാകിസ്താനില്‍ തടവില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിനെ കുടുംബം സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും വാദ പ്രതിവാദങ്ങള്‍ തുടരുന്നതിനിടെ തടവിലായിരുന്ന 145 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ വിട്ടയച്ചു. സമുദ്രാതിര്‍ത്തി ലംഘിച്ചതിന് പിടിയിലായ മല്‍സ്യത്തൊഴിലാളികളെയാണ് പാക്കിസ്ഥാന്‍ മോചിപ്പിച്ചത്.

കഴിഞ്ഞദിവസമാണ് കറാച്ചിയിലെ ജയിലില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ മോചിപ്പിച്ചത്. ഇവരെ റോഡ് മാര്‍ഗം വാഗ അതിര്‍ത്തിയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. 145 പേരെയും വാഗാ അതിര്‍ത്തിയില്‍വച്ച് ഇന്ത്യക്ക് കൈമാറുമെന്ന് പാക്കിസ്ഥാന്‍ അധികൃതര്‍ വ്യക്തമാക്കി.

3 വര്‍ഷത്തോളമായി ജയിലില്‍ കഴിയുകയായിരുന്നവരാണ് മോചിതരായത്. ഗുജറാത്ത്, ഡിയു സ്വദേശികളാണ് ഇവരില്‍ ഭൂരിഭാഗവും. സമുദ്രാര്‍തിര്‍ത്തി ലംഘിക്കുന്നതിന് ആറ് മാസം മാത്രമാണ് ശിക്ഷയെങ്കിലും പൗരത്വ പരിശോധനയാണ് ഇവരുടെ മോചനം വൈകിപ്പിച്ചിരുന്നത്.

നേരത്തെ ചാരനെന്ന് ആരോപിച്ച പാകിസ്താന്‍ അറസ്റ്റ് ചെയ്ത കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബം അദ്ദേഹത്തെ ജയിലില്‍ സന്ദര്‍ശിച്ചപ്പോഴുണ്ടായ സംഭവ വികാസങ്ങളുടെ പേരില്‍ ഇരു രാജ്യവും പരസ്യ പ്രസ്താവനകള്‍ തുടരുകയാണ്. കുടുംബത്തെ അധികൃതരും പാക് മാധ്യമങ്ങളും ചേര്‍ന്ന് അപമാനിച്ചതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

We use cookies to give you the best possible experience. Learn more