അടൂര്‍: അടൂര്‍ താലൂക്കില്‍ മൂന്നു ദിവസത്തേയ്ക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. എസ്.പിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ആര്‍.ടി.ഒയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രദേശത്ത് സുരക്ഷ കര്‍ശനമാക്കി. ഏനാത്ത്, അടൂര്‍, കൊടുമണ്‍, പന്തളം പരിധികളിലാണ് നിരോധനാജ്ഞ.
ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ ഹര്‍ത്താലിന് പിന്നാലെയാണ് അടൂരില്‍ അക്രമ പരമ്പര അരങ്ങേറുന്നത്.
അതേസമയം, ഇന്നലെ നഗരത്തില്‍ മൂന്നു സ്ഥലങ്ങളില്‍ ബോംബേറുണ്ടായി. സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗം രവീന്ദ്രന്റെ വീടിനു നേരെയാണ് ആദ്യം ബോംബേറുണ്ടായത്. ആക്രമണത്തില്‍ രവീന്ദ്രന് പരിക്കുണ്ട്. രണ്ടു കടകള്‍ക്ക് നേരെയും ബോംബേറുണ്ടായി. ഇതില്‍ ഏഴ് പേര്‍ക്ക് പരിക്കുണ്ട്.
കൂടാതെ 12 സി.പി.ഐ.എം പ്രവര്‍ത്തകരുടെ വീടിനു നേരേയും വാഹനങ്ങള്‍ക്ക് നേരേയും ആക്രമണമുണ്ടായി. ഏനാത്ത് ബി.ജെ.പി മേഖല പ്രസിടന്റ് അനിലിന്റെ വീടിനു നേരേയും കല്ലേറുണ്ടായി. വിവിധ ഇടങ്ങളില്‍ അറസ്റ്റ് നടക്കുനുണ്ടെങ്കിലും അക്രമം തുടരുകയാണ്.
അതേസമയം, കണ്ണൂരില്‍ വ്യാപക അക്രമം തുടരുകയാണ്. ബി.ജെ.പിയുടേയും സി.പി.ഐ.എമ്മിന്റേയും നേതാക്കളുടെ വീടുകള്‍ക്ക് നേരെ ആക്രമണവും ബോംബേറും ഉണ്ടായി.
എ.എന്‍.ഷംസീര്‍ എം.എല്‍.എ, സി.പി.ഐ.എം മുന്‍ ജില്ലാ സെക്രട്ടറി പി.ശശി, ബി.ജെ.പി രാജ്യസഭാ എം.പി. വി.മുരളീധരന്‍, എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് ബോംബേറുണ്ടായത്.
തലശ്ശേരിയില്‍ സി.പി.ഐ.എം നേതാവിന്റെ വീട് അടിച്ചു തകര്‍ത്തു. വാഴയില്‍ ശശിയുടെ തിരുവങ്ങാട്ടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. തലശ്ശേരി ബി.ജെ.പി മണ്ഡലം പ്രസിഡന്റിന്റെ വീടും ആക്രമിക്കപ്പെട്ടിട്ടുണ്ട്.
ഇരിട്ടിയില്‍ സി.പി.ഐ.എം പ്രവര്‍ത്തകന് നേരെ ആക്രമണമുണ്ടായി. പെരുമ്പറമ്പ് സ്വദേശി വിശാഖിന് വെട്ടേറ്റു. കണ്ണൂരിലെ വിവിധയിടങ്ങളിലെ സി.പി.ഐ.എമ്മിന്റേയും ബി.ജെ.പിയുടേയും ആര്‍.എസ്.എസിന്റേയും ഓഫീസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി.