| Thursday, 3rd November 2022, 11:30 pm

അമ്പടാ, ഇതിപ്പൊ ഒറിജിനൽ മാറി നിൽക്കുമല്ലോ; വ്യാജ ലോകകപ്പ് ട്രോഫികൾ പിടികൂടി ഖത്തർ

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തർ ലോകകപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കി. ഫുട്‌ബോൾ മാമാങ്കത്തിന് ആഗോള തലത്തിൽ തയ്യാറെടുപ്പുകൾ നടക്കുമ്പോൾ ലോകകപ്പ് ട്രോഫിയുടെ വ്യാജ പകർപ്പുകൾ പിടിച്ചെടുത്തെന്ന് വാർത്തയാണ് ഇപ്പോൾ പ്രചരിക്കുന്നത്.

ലോകകപ്പിന്റെ മാതൃകയിൽ 144 വ്യാജ പകർപ്പുകളാണ് ഖത്തർ പിടിച്ചെടുത്തത്. സാമ്പത്തിക-സൈബർ കുറ്റകൃത്യങ്ങൾ തടയുന്ന ഖത്തർ പോലീസിലെ വിഭാഗമാണ് രാജ്യത്ത് നടത്തിയ പരിശോധനയിൽ വ്യാജ ലോകകപ്പ് ട്രോഫികൾ പിടിച്ചെടുത്തത്.

ലോകകപ്പുമായി ബന്ധപ്പെട്ട് നിരവധി വ്യാജ ഉൽപ്പന്നങ്ങൾ രാജ്യത്ത് ഇറങ്ങുന്നെണ്ടെങ്കിലും ഇതാദ്യമാണ് ലോകകപ്പിന്റെ തന്നെ വ്യാജൻമാരെ പിടികൂടുന്നത്.

ലോകകപ്പിന്റെ മാതൃകകൾ വിൽപ്പനക്കെന്ന വെബ്‌സൈറ്റിലെ പരസ്യം കണ്ട് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് വ്യാജ ട്രോഫികൾ പിടിച്ചെടുത്തത്.

സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടില്ല. ലോകകപ്പുമായി ബന്ധപ്പെട്ട് വ്യാജൻമാരെ സൂക്ഷിക്കണമെന്ന് ഫിഫയും ഖത്തറും ഈയിടെ ആരാധകർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

കാറുകളിലോ നമ്പർ പ്ലേറ്റുകളിലോ ലോകകപ്പ് ലോഗോ പതിപ്പിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് ഖത്തർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ലോകകപ്പിന്റെ സ്‌പെഷ്യൽ നമ്പർ പ്ലേറ്റുകൾ ഓൺലൈനിൽ വിൽപ്പനക്കെത്തിയതിനെ തുടർന്നായിരുന്നു ഇത്.

കഴിഞ്ഞ മാസം ലോകകപ്പ് മാതൃകയിലുള്ള വസ്ത്രങ്ങൾ വിറ്റതിന് അഞ്ച് പേരെ ഖത്തർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യാജ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ബൗദ്ധിക സ്വത്തവകാശ നിയമപ്രകാരം ആയിരിക്കും കേസെടുക്കുക.

നവംബർ 20നാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകർ കാത്തിരിക്കുന്ന ഫിഫ ലോകകപ്പിന് ഖത്തറിൽ തുടക്കം കുറിക്കുന്നത്.

Content HIghlights: 144 Fake World Cup Trophies Seized In Qatar

We use cookies to give you the best possible experience. Learn more