രാമനവമി ആഘോഷങ്ങൾക്കിടയിലെ സംഘർഷം: ബിഹാറിൽ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേധിച്ചു; നിരോധനാജ്ഞ
national news
രാമനവമി ആഘോഷങ്ങൾക്കിടയിലെ സംഘർഷം: ബിഹാറിൽ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേധിച്ചു; നിരോധനാജ്ഞ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st April 2023, 4:06 pm

പട്ന: രാമനവമി ആഘോഷങ്ങൾക്കിടെ നടന്ന സംഘർഷങ്ങളെ തുടർന്ന് ബിഹാറിൽ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേധിച്ചു. 48 മണിക്കൂറിലേക്കാണ് ഇന്റർനെറ്റ് സേവനങ്ങളെ നിരോധിച്ചിരിക്കുന്നത്. ബിഹാറിലെ നളന്ദ, സസാരം എന്നിവയുൾപ്പെടെ നിരവധി ജില്ലകളിലാണ് നിരോധനം. ഈ പ്രദേശങ്ങളിൽ 144 പ്രഖ്യാപിച്ചിട്ടുണ്ട്.

നളന്ദ ജില്ലാ ആസ്ഥാനമായ ബിഹാർ ഷരീഫിലെ ലാഹേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ​രാമനവമി ഘോഷയാത്രയ്ക്ക് നേരെ ഒരു സംഘം കല്ലെറിഞ്ഞെന്ന് ചൂണ്ടിക്കാട്ടി ഇരുവിഭാ​ഗങ്ങളും തമ്മിൽ സംഘർഷമുണ്ടായിരുന്നു. സംഘർഷത്തിൽ പൊലീസുകാർക്കും പരിക്കേറ്റിരുന്നു.

സംഭവത്തിൽ ഇതുവരെ 28 പേരെ അറസ്റ്റ് ചെയ്തതായി പട്‌ന സെൻട്രൽ റേഞ്ച് ഇൻസ്‌പെക്ടർ ജനറൽ രാകേഷ് രതിയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

യഥാർത്ഥ പ്രതികളെ തിരിച്ചറിയാൻ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും സ്ഥിതിഗതികൾ നിയന്ത്രിക്കാൻ അധിക പൊലീസ് സൈന്യത്തെ നിയോ​ഗിച്ചതായും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. വ്യാജ വാർത്തകളുടെ പ്രചരണം തടയാൻ സമൂഹമാധ്യമങ്ങളിലും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണ്.

അതേസമയം രാമനവമി ദിനത്തിൽ രാജ്യത്ത് നടന്ന ആക്രമണങ്ങൾ ബി.ജെ.പി മുൻകൂർ തയ്യാറാക്കിയ തിരക്കഥയുടെ ഭാ​ഗമാണെന്നും അവയെല്ലാം വെറും ട്രെയിലർ മാത്രമാണെന്നും പാർട്ടിക്ക് മറ്റ് പദ്ധതികളുമുണ്ടെന്നും രാജ്യസഭാ എം.പി കപിൽ സിബൽ ട്വിറ്ററിൽ കുറിച്ചു.

Content Highlight: 144 declared in Bihar as communal tensions remain after Ram Navami