| Saturday, 3rd October 2020, 7:58 am

സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും നിരോധനാജ്ഞ; ഇളവുകള്‍ എന്തിനൊക്കെ, എന്തൊക്കെ ചെയ്യരുത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശനിയാഴ്ച മുതല്‍ നിരോധനാജ്ഞ നിലവില്‍ വന്നു. ഒരുമാസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ കളക്ടര്‍മാരാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല.

നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മരണാനന്തര ചടങ്ങുകള്‍ക്കും വിവാഹം പോലുള്ള ചടങ്ങുകള്‍ക്കും കര്‍ശനമായ വ്യവസ്ഥകളോടെ ആളുകള്‍ക്ക് പങ്കെടുക്കാം. ലോക്ഡൗണ്‍ പ്രഖ്യാപിക്കാതെ തന്നെ ആള്‍ക്കൂട്ടം ഒഴിവാക്കാനും സമ്പര്‍ക്ക വ്യാപനം തടയാനും ഉദ്ദേശിച്ചാണ് നടപടികള്‍.

നിരോധനാജ്ഞയിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെ ?

1. കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് അകത്തും പുറത്തും ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല. അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം ചേരുന്നത് വിലക്കും.

2. പൊതുസ്ഥലത്ത് ആള്‍കൂട്ടം ഉണ്ടാകുന്നത് ഒഴിവാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളും പൊലീസും ശ്രമിക്കും. ഹോട്ടല്‍, റെസ്റ്റോറന്റുകള്‍, മറ്റ് കടകള്‍ എന്നിവിടങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കണ്ടാല്‍ അത് നിരോധനാജ്ഞയുടെ ലംഘനമായി കണക്കാക്കും.

3. ജിംനേഷ്യം, മൈതാനം, ടര്‍ഫ് എന്നിവിടങ്ങളിലെ കായിക മത്സരങ്ങള്‍ പാടില്ല. യോഗ പരിശീലനവും നിരോധിച്ചു. ബീച്ചുകളിലെയും പാര്‍ക്കുകളിലെയും ടൂറിസം സെന്ററുകളിലെയും പ്രഭാത നടത്തവും സായാഹ്ന നടത്തവും പാടില്ല.

4. സ്ഥാപനങ്ങളിലെ സന്ദര്‍ശകരുടെ വിവരം ലഭിക്കാന്‍ ഈ പോര്‍ട്ടലിലെ വിസിറ്റര്‍ രജിസ്റ്റര്‍ നടത്തണം.

5. 20 ല്‍ കൂടുതല്‍ പേരുള്ള മീറ്റിങ്ങുകള്‍ സ്ഥാപനങ്ങള്‍ ഓണ്‍ലൈനായി നടത്തണം.

6. എല്ലാ ജീവനക്കാര്‍ക്കും സ്ഥാപനങ്ങള്‍ രണ്ട് ലെയര്‍ മാസ്‌കും സാനിറ്റൈസറും നല്‍കണം. മാസ്‌ക് എല്ലാ നേരവും ധരിക്കണം.

7. ആശുപത്രി ഒഴികെയുള്ള സ്ഥാപനങ്ങള്‍ എ.സി പ്രവര്‍ത്തിപ്പിക്കരുത്. ഓഫീസുകളില്‍ മതിയായ വായു സഞ്ചാരം ഉറപ്പാക്കണം.

8. ഷോപ്പുകളില്‍ 100 ചതുരശ്ര മീറ്ററില്‍ 15 പേര്‍ എന്ന നിലയില്‍ പ്രവേശിപ്പിക്കാം. അവശ്യ സേവന വിഭാഗത്തിലൊഴികെ കണ്ടെയ്ന്‍മെന്റ് സോണിലുള്ള ജീവനക്കാര്‍ സ്ഥാപനങ്ങളിലെത്തരുത്. എത്തിയാല്‍ നടപടിയെടുക്കും.

9. തിരക്കുള്ള മാര്‍ക്കറ്റുകളില്‍ സാധനങ്ങള്‍ കയറ്റാനും ഇറക്കാനും ചില നിയന്ത്രണമുണ്ടാകും. കടകള്‍ക്ക് ടോക്കണ്‍ നല്‍കും. അതാത് തദ്ദേശ സ്ഥാപനങ്ങള്‍ ഇക്കാര്യം നിയന്ത്രിക്കും.

10. ചന്തകളും ബസ് സ്റ്റാന്റുകളും പൊതു സ്ഥലങ്ങളും ദിവസവും അണുവിമുക്തമാക്കും. ഇത് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പു വരുത്തണം. കണ്ടയ്ന്‍മെന്റ് സോണുകളില്‍ നിലവിലെ നിയന്ത്രണം തുടരും.

11. കടകളിലും സ്ഥാപനങ്ങളില്‍ സാനിറ്റൈസറും തെര്‍മല്‍ ഗണ്ണും നിര്‍ബന്ധം. ഏതെങ്കിലും സ്വകാര്യ സ്ഥാപനത്തിലെയോ കടകളിലെയോ ജീവനക്കാര്‍ക്ക് കൊവിഡ് ലക്ഷണമുണ്ടങ്കില്‍ നേരിട്ട് ആശുപത്രിയില്‍ പോകരുത്. അതത് പ്രദേശത്തെ മെഡിക്കല്‍ ഓഫീസറുമായി ഫോണില്‍ ബന്ധപ്പെടണം. കൊവിഡ് ജാഗ്രത 19 പോര്‍ട്ടലില്‍ രജിസ്റ്ററും ചെയ്യണം.

ഇളവുകള്‍ എന്തിനൊക്കെ ?

1. സംസ്ഥാനത്ത് പൊതുഗതാഗതത്തിന് വിലക്കില്ല. കടകള്‍, ബാങ്കുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ തുറന്നുപ്രവര്‍ത്തിക്കും. പരീക്ഷകള്‍ക്കും തടസമില്ല. എന്നാല്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ല.

2. മരണാനന്തര ചടങ്ങുകള്‍, വിവാഹം തുടങ്ങിയവയ്ക്ക് കര്‍ശനമായ വ്യവസ്ഥകളോട് കൂടി ആളുകള്‍ക്ക് പങ്കെടുക്കാം.

3. മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേരും വിവാഹത്തിന് 50 പേര്‍ക്കും പങ്കെടുക്കാം.

4. സര്‍ക്കാര്‍, മത- രാഷ്ട്രീയ സംഘടനകളുടെ പരിപാടികളില്‍ 20 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടില്ല. ആറടി അകലം പാലിക്കണം. പരിപാടിനടക്കുന്ന ഹാന്‍ഡ് സാനിറ്റൈസര്‍ സ്ഥലത്ത് സൂക്ഷിക്കണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Kerala imposes Section 144 for a month due to rising covid-19 Concessions are for what and what not

We use cookies to give you the best possible experience. Learn more