|

ശബരിമല സംഘര്‍ഷം: 1407 പേര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന അക്രമസംഭവങ്ങളില്‍ 1407 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 258 കേസുകളും പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിലും പത്തനംതിട്ടയിലെ പന്തളം, തിരുവല്ല, ചിറ്റാര്‍, ആങ്ങമൂഴി സ്വദേശികളാണ് അറസ്റ്റിലായവരില്‍ ഏറെയും. എറണാകുളം റൂറലില്‍ നിന്ന് 75 പേരെയും തൃപ്പൂണിത്തുറയില്‍ നിന്ന് 51 പേരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇവര്‍ പത്തനംതിട്ട, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ നടന്ന അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടവരും നിരോധനാജ്ഞ ലംഘിച്ചവരുമാണ്. തിരുവനന്തപുരം റെയ്ഞ്ചില്‍ ഇതുവരെ 236 പേര്‍ അറസ്റ്റിലായി.


അറസ്റ്റിലായവരില്‍ പലര്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. സംഘര്‍ഷത്തിനിടെ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇവരുടെ പട്ടിക ഉടനെ പുറത്തുവിടുമെന്ന് പൊലീസ് അറിയിച്ചു. പമ്പയിലും നിലയ്ക്കലും അക്രമം നടത്തിയ കൂടുതല്‍ പേരെ ഇന്ന് അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

ശബരിമലയില്‍ അക്രമം നടത്തിയവരെന്ന് പൊലീസ് തിരിച്ചറിഞ്ഞ 210 പേരുടെ ചിത്രങ്ങളടങ്ങിയ ലുക്ക് ഔട്ട് നോട്ടീസ് ഇന്നലെ പുറത്തുവിട്ടിരുന്നു. ഇതില്‍ 160 പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തിരിച്ചറിഞ്ഞവരില്‍ പലരും അറസ്റ്റിലായിട്ടുണ്ട്. ഈ പട്ടികയില്‍ ഉള്‍പ്പെട്ടവരും അല്ലാത്തവരുമായ 157 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ പേരുടെ ചിത്രങ്ങള്‍ പുറത്തുവിടുമെന്നും പൊലീസ് പറഞ്ഞു.

Video Stories