ഗുര്‍ഗൗണ്‍: ഗുഡ്ഗാവിലെ ബിസിനസുകാരന്റെ വീട്ടിലെ ക്ലോസറ്റിനുള്ളില്‍ കണ്ടെത്തിയ 14കാരിയെ രക്ഷിച്ചു. ജാര്‍ഖണ്ഡ് സ്വദേശിനിയെയാണ് രക്ഷിച്ചത്. പെണ്‍കുട്ടിയുടെ ശരീരത്തിന്റെ മര്‍ദ്ദനത്തിന് ഇരയായതിന്റെ പാടുകളുണ്ട്.
ഏഴുമാസം മുമ്പ് ജാര്‍ഖണ്ഡില്‍ നിന്നും വീട്ടുജോലിക്കായി ബിസിനസുകാരന്റെ വീട്ടിലെത്തിയതാണ് പെണ്‍കുട്ടി. പെണ്‍കുട്ടിയെ ദല്‍ഹിയിലേക്കു കൊണ്ടുവന്ന അമ്മാവന്‍ ബിസിനസുകാരനു കൈമാറുകയായിരുന്നു.
വീട്ടുടമസ്ഥന്‍ തന്നെ മര്‍ദ്ദിക്കുകയും പട്ടിണിക്കിടുകയും ചെയ്‌തെന്ന് ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. ദിവസം രണ്ടു റൊട്ടികള്‍ മാത്രമാണ് തന്നിരുന്നത്. സ്ഥിരമായി മോപ്പുകൊണ്ട് അടിക്കാറുണ്ടെന്നും ഒതു തവണ കത്തികൊണ്ട് ആക്രമിച്ചെന്നും പെണ്‍കുട്ടി മൊഴി നല്‍കി.
ശക്തി വാഹിനിയെന്ന എന്‍.ജി.ഒയുടെ പ്രവര്‍ത്തകരാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. ഹെല്‍പ്പ് ലൈനില്‍ നിന്നുള്ള സന്ദേശം ലഭിച്ചയുടന്‍ പോലീസിനൊപ്പം ബിസിനസുകാരന്റെ വീട്ടിലെത്തിയ ഇവര്‍ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
സംഘം ആദ്യം വീട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. ഹെല്‍പ്പ് ലൈനില്‍ നിന്നും വീണ്ടും സന്ദേശം എത്തിയതിനെ തുടര്‍ന്ന് പോലീസ് വീണ്ടും വീട്ടിലെത്തി പരിശോധിച്ചു. അപ്പോഴാണ് ക്ലോസറ്റിനരികില്‍ പെണ്‍കുട്ടിയെ ബോധമറ്റ നിലയില്‍ കണ്ടെത്തിയത്.
പെണ്‍കുട്ടിയെ ആദ്യം ക്ലോസറ്റില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. കുട്ടിയുടെ കാല് വീങ്ങിയിട്ടുണ്ടെന്നും കണ്ണിനു സമീപം മുറിവേറ്റ പാടുകളുണ്ടെന്നും ആക്ടിവിസ്റ്റുകള്‍ പറയുന്നു.
“ബിസിനസുകാരന്റെ ഇരട്ടക്കുട്ടികളെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് പെണ്‍കുട്ടിയെ കൊണ്ടുവന്നത്. വൈകുന്നേരം 5.30ന് ഞങ്ങള്‍ വീട് പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടിയെ കണ്ടിരുന്നില്ല. പോലീസിന് ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ വീണ്ടും അതേ പരാതി ലഭിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.” ശക്തി വാഹിനി അംഗമായ ഋഷികാന്ത് പറഞ്ഞു.
ബിസിനസുകാരന്‍ സ്ഥലത്തില്ല. പോലീസ് അയാളുടെ ഭാര്യയെ ചോദ്യം ചെയ്യുന്നുണ്ട്.