ജയ്പൂര്‍: രാജസ്ഥാനില്‍ പതിനാലുകാരിയെ കൊലപ്പെടുത്തി കല്‍ക്കരി ചൂളയിലിട്ട് കത്തിച്ചു. ബില്‍വാര്‍ ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കല്‍ക്കരി ചൂളയിലിട്ട് കത്തിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. കുറ്റക്കാരെന്ന് സംശയിക്കുന്ന മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു.
കന്നുകാലിയെ മേയ്ക്കാന്‍ രാവിലെ വീട്ടില്‍ നിന്നും പോയതിന് ശേഷമായിരുന്നു പെണ്‍കുട്ടിയെ കാണാതായതെന്ന് കുട്ടിയുടെ സഹോദരന്‍ പറയുന്നു. കന്നുകാലികളെ മേയ്ക്കാന്‍ പോയ അമ്മ വീട്ടിലേക്ക് തന്നെ മടങ്ങിയെത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ കാണാതിരുന്നതിനെ തുടര്‍ന്ന് ഉച്ചയോട് കൂടിയാണ് തെരച്ചില്‍ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാത്രി പത്ത് മണിയോടെയാണ് കല്‍ക്കരിചൂളയില്‍ അന്വേഷിച്ചെത്തിയത്. അപ്പോഴാണ് ഒരു ചൂളയില്‍ അസ്ഥികള്‍ ശ്രദ്ധയില്‍പ്പെട്ടതെന്നും തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇവര്‍ പെണ്‍കുട്ടിയുടെ കുടുംബത്തോട് കുറ്റസമ്മതം നടത്തിയതായാണ് സൂചന.
‘പൊലീസ് പെണ്‍കുട്ടിയുടെ കൈചെയിനും ഷൂസും കണ്ടെടുത്തിട്ടുണ്ട്. ഫോറന്‍സിക് സംഘം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തുടര്‍ അന്വേഷണത്തിനായി ചൂളയില്‍ നിന്നും കണ്ടെടുത്ത അസ്ഥിയുടെ ഡി.എന്‍.എ പരിശോധന നടത്തും,’ ബില്‍വാര്‍ പൊലീസ് സൂപ്രണ്ട് ആദര്‍ശ് സിന്ധു പറഞ്ഞു.
പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണെന്ന് കോട്രി പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ ക്രിവ്രരാജ് സിങ് പറഞ്ഞു. തുടര്‍ അന്വേഷണത്തിനായി ഫോറന്‍സിക് പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: 14 year old girl killed and burning her body ina coal furnace