മൊബൈല്‍ ഐ.സി.യുവില്‍ ഗുരുതരാവസ്ഥയില്‍ വടകര ആശ ഹോസ്പിറ്റലില്‍ നിന്നും 14കാരിയായ വേദയെന്ന പെണ്‍കുട്ടിയെ കൊണ്ടുവന്നതിനെ തുടര്‍ന്നുള്ള സംഭവങ്ങള്‍ ഒരാഴ്ചയ്ക്കിപ്പുറവും കോഴിക്കോട് മിംസ് ആശുപത്രിയിലെ പീഡിയാട്രീഷ്യനായ ഡോക്ടര്‍ മഞ്ജുള വ്യക്തമായി ഓര്‍ക്കുന്നു. അതിസങ്കീര്‍ണമായിരുന്നു കുട്ടിയുടെ അവസ്ഥ. കാര്‍ഡിയാക് അറസ്റ്റുണ്ടായി. ആശുപത്രിയിലെത്തിച്ചയുടന്‍ വെന്റിലേറ്ററിലേക്കു മാറ്റുകയാണുണ്ടായത്. കുട്ടിയുടെ മാതാപിതാക്കള്‍ രോഗപശ്ചാത്തലം സംബന്ധിച്ച് കൃത്യമായ വിവരം നല്‍കാത്തതിനാല്‍ ചികിത്സ തുടങ്ങാന്‍ വളരെ ബുദ്ധിമുട്ട് നേരിട്ടിരുന്നുവെന്നാണ് ഡോക്ടര്‍ മഞ്ജുള പറയുന്നത്.
ഇതേത്തുടര്‍ന്നാണ് അന്നുതന്നെ എല്ലാ പരിശോധനകള്‍ക്കും അയച്ചതെന്ന് ഡോക്ടര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ കഫം പരിശോധിച്ചതില്‍ നിന്നും ട്യൂബര്‍കുലോസിസ് സ്ഥിരീകരിച്ചിരിക്കുകയാണ്. ആശുപത്രിയിലെ ചികിത്സയ്ക്കിടെ ശ്വാസകോശത്തിലേക്ക് കടത്തിവിട്ട ട്യൂബില്‍ കണ്ട കഫം പരിശോധനയ്ക്ക് അയച്ചിരുന്നു. ടി.ബി ബാക്ടീരിയ കണ്ടെത്താനുള്ള ജീന്‍ എക്‌സ്‌പേര്‍ട്ട് പരിശോധനയാണ് നടത്തിയത്. ഈ പരിശോധനയിലാണ് ക്ഷയരോഗം സ്ഥിരീകരിച്ചത്. കൃത്യസമയത്ത് ചികിത്സിച്ചിരുന്നെങ്കില്‍ ഒഴിവാക്കാന്‍ കഴിയുന്ന ഒന്നായിരുന്നു വേദയുടെ മരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
“കുട്ടിയുടെ രോഗവിവരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അച്ഛനും അമ്മയും കൃത്യമായി പറഞ്ഞിരുന്നില്ല. അതാണ് ഭയങ്കരമായിട്ട് ഞങ്ങള്‍ ബുദ്ധിമുട്ടിയത്. ഇത്ര ഗുരുതരാവസ്ഥയില്‍ വരുമ്പോള്‍ ബാഗ്രൗണ്ട് ഹിസ്റ്ററി അറിയാതെ ചികിത്സിക്കുക വളരെ ബുദ്ധിമുട്ടാണ്. ബന്ധുക്കളോട് ചോദിച്ചപ്പോള്‍ അവര്‍ കൃത്യമായൊന്നും പറഞ്ഞില്ല. ഒരു ദിവസമേ പനിച്ചുള്ളൂവെന്നാണ് പറഞ്ഞത്. ചുമയുണ്ട് മൂന്നാലാഴ്ചയായിട്ടെന്നു പറയുന്നു. കാര്യമായിട്ട് പനിച്ചിട്ടൊന്നുമില്ല. വൈകുന്നേരം കഞ്ഞി കുടിച്ചശേഷം തലകറങ്ങിവീണുവെന്നാണ് അവര്‍ പറഞ്ഞത്. പക്ഷേ എക്‌സ്‌റേ കണ്ടപ്പോള്‍ ഒരു തരത്തിലും ക്ലിനിക്കലി കോറിലേറ്റ് ചെയ്യാന്‍ പറ്റുന്നില്ല.” ഡോക്ടര്‍ പറയുന്നു.
ശക്തമായ പനിയെ തുടര്‍ന്നാണ് കോഴിക്കോട് ജില്ലയിലെ വടകര നാദാപുരം റോഡ് സ്വദേശിയായ വേദയെ നവംബര്‍ 6ന് വടകര ആശ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സിവിയര്‍ ന്യൂമോണിയ സ്ഥിരീകരിക്കുകയും തുടര്‍ ചികിത്സയ്ക്കായി മൊബൈല്‍ ഐ.സി.യുവില്‍ മിംസ് ഹോസ്പിറ്റലിലേക്ക് മാറ്റുകയുമാണുണ്ടായത്. വേദയുടെ രോഗം മൂര്‍ച്ഛിക്കാന്‍ കാരണം കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതാണെന്നാണ് വേദയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ ആരോപിക്കുന്നത്.
“ഇതുപോലെ സിവിയറായ ന്യൂമോണിയ ഉണ്ടായിട്ട് ഒരു ദിവസം പനിയെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ സാധിക്കില്ല. പിന്നെ ചോദിച്ചപ്പോള്‍ പറഞ്ഞു കഴിഞ്ഞ മൂന്നുദിവസമായിട്ട് ശ്വാസം മുട്ടലുണ്ടെന്ന്. എക്‌സ്‌റേ എടുത്തിരുന്നോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലയെന്നു പറഞ്ഞു, മരുന്നുകൊടുത്തപ്പോള്‍ ഇല്ല എന്നു പറഞ്ഞു. ആദ്യം പറഞ്ഞു ഒന്നും കൊടുത്തില്ല. പിന്നെപ്പറഞ്ഞു പ്രകൃതി ചികിത്സയുടെ എന്തോ ഗുളിക കൊടുത്തുവെന്ന്. ഹോമിയോ, അല്ലെങ്കില്‍ ആയുര്‍വേദം, അങ്ങനെ ഏതെങ്കിലും ഡോക്ടറെ കാണിച്ചിരുന്നോയെന്ന് ചോദിച്ചിരുന്നു. അതിനൊന്നും ബന്ധുക്കളില്‍ നിന്ന് മറുപടി ലഭിച്ചില്ല.” ഡോക്ടര്‍ മഞ്ജുള പറയുന്നു.
പതിനാല് വയസുള്ള ഒരു കുട്ടി ഇങ്ങനെ മരിക്കുന്നതില്‍ എന്തോ അസ്വാഭാവികത തോന്നിയിരുന്നു. ഹൃദയത്തിനോ അല്ലെങ്കില്‍ ശ്വാസകോശത്തിനോ കാര്യമായ പ്രശ്‌നമുണ്ടെന്ന നിഗമനത്തിലായിരുന്നു ഞങ്ങള്‍. ഹൃദയത്തിന്റെ പരിശോധനയില്‍ വലിയ കുഴപ്പമില്ലെന്ന് കണ്ടെത്തിയിരുന്നു. ശ്വാസകോശ പ്രശ്‌നമാണെന്ന സംശയത്തെ തുടര്‍ന്നാണ് എല്ലാ പരിശോധനകളും നടത്തിയത്. അതുകൊണ്ടാണ് കുട്ടി മരണപ്പെട്ടതോടെ പൊലീസിനെ ഇക്കാര്യം അറിയിച്ചതെന്നും ഡോക്ടര്‍ പറഞ്ഞു.
ഡോക്ടര്‍മാര്‍ ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തതിനെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് സെക്ഷന്‍ 174 പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് വടകര പൊലീസ് ഡൂള്‍ന്യൂസിനോടു പറഞ്ഞു.
ആശുപത്രിയില്‍ എത്തിക്കുന്നതിനു ദിവസങ്ങള്‍ക്കു മുമ്പു തന്നെ കുട്ടി കൃത്യമായി രോഗലക്ഷണങ്ങള്‍ കാട്ടിയിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മൂന്നാഴ്ചയായി പനിയുണ്ടായിരുന്നു. നല്ല ചുമയും ശ്വാസതടസവുമുണ്ടായിരുന്നു. അവശയായിരുന്ന കുട്ടിക്ക് പ്രാഥമികാവശ്യങ്ങള്‍ക്കു പോലും കിടക്കവിട്ട് എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ടായിരുന്നു. പരീക്ഷയെഴുതാന്‍ ബുദ്ധിമുട്ടുനേരിട്ടിരുന്നെന്നാണ് സഹപാഠികള്‍ പറയുന്നത്. ഈ സമയത്തൊന്നും കുട്ടിയെ രക്ഷിതാക്കള്‍ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നില്ലെന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച പ്രാദേശിക മാധ്യമപ്രവര്‍ത്തകനായ രാധാകൃഷ്ണന്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞത്.
കുട്ടിയുടെ പിതാവ് പ്രകൃതി ചികിത്സയില്‍ വിശ്വസിച്ചിരുന്നയാളാണ്. തേനും വെള്ളവും മറ്റും കൊടുത്തതല്ലാതെ കുട്ടിയ്ക്ക് മരുന്നായി ഒന്നും നല്‍കിയിരുന്നില്ലെന്നാണ് മനസിലായതെന്നും അദ്ദേഹം പറയുന്നു.
പെണ്‍കുട്ടിയുടെ അച്ഛന്‍ സിവില്‍ എഞ്ചിനിയറും അമ്മ പൊലീസ് ഉദ്യോഗസ്ഥയുമാണ്. പ്രകൃതി ചികിത്സയുടെ ആരാധകനായ ഇയാള്‍ ഭാര്യയുടെ രണ്ടാം പ്രസവത്തിലും പ്രകൃതി ചികിത്സയ്ക്കുവേണ്ടി വാശി പിടിച്ചിരുന്നതായി പറയുന്നു. എന്നാല്‍ നിവൃത്തിയില്ലെന്ന് കണ്ടതോടെയാണ് മോഡേണ് മെഡിസിന്‍ സ്വീകരിച്ചത്.