|

സംസ്ഥാനത്ത് വീണ്ടും നിപ മരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ മരണം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ  14കാരനാണ് മരിച്ചത്‌. രണ്ട് ദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു.

കുട്ടിക്ക് പനി വന്നതിനെ തുടർന്ന് ആദ്യം പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ സ്ഥിതി വഷളായതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയായ മിംസിൽ എത്തിച്ചു.

മിംസിൽ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. പിന്നീട്‌ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടന്ന പൂനെ വൈറോളജി ലാബ് ഫലം രോഗം സ്ഥിരീകരിക്കുകയായിരുന്നു.

മലപ്പുറം പാണ്ടിക്കാടാണ് രോഗത്തിന്റെ പ്രഭവ കേന്ദ്രം. പ്രദേശത്തിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കുട്ടിയുമായി ഇടപഴകിയ എല്ലാവരും നിരീക്ഷണത്തിലാണ്. ശാസ്ത്രീയമായി രോഗിയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുമെന്നും കണ്‍ട്രോള്‍ സെല്‍ തുറക്കുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. കുട്ടിയുടെ സംസ്കാര ചടങ്ങുകൾ നിപ പ്രോട്ടോക്കോൾ പ്രകാരം നടക്കും.

കേരളത്തില്‍ ഇത് അഞ്ചാം തവണയാണ് നിപ സ്ഥിരീകരിക്കുന്നത്. ആദ്യം 2018ല്‍ കോഴിക്കോടാണ് നിപ റിപ്പോര്‍ട്ട് ചെയ്തത്.2021ലും 2023ലും രണ്ടുതവണകൂടി കോഴിക്കോട് നിപ സ്ഥിരീകരിച്ചിരുന്നു. 2019ല്‍ എറണാകുളത്തും നിപ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുവരെ 20 പേരാണ് നിപ ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്.

Content Highlight: 14 year old boy died due to  nipa virous

Latest Stories