| Friday, 20th November 2020, 1:11 pm

ദുര്‍ഗാ പൂജാ ആഘോഷത്തിന് നല്‍കാന്‍ പണമില്ല; ഗ്രാമത്തില്‍ ആദിവാസി കുടുംബങ്ങള്‍ക്ക് ഊരുവിലക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: ദുര്‍ഗാ പൂജാ ആഘോഷത്തിന് നല്‍കാന്‍ പണമില്ലാത്തത്തിന്റെ പേരില്‍ മധ്യപ്രദേശില്‍ ഗോണ്ട്  വിഭാഗത്തിലെ 14 കുടുംബങ്ങള്‍ക്ക് രണ്ടാഴ്ചത്തേക്ക് ഊരുവിലക്ക് കല്‍പ്പിച്ചു. മധ്യപ്രദേശിലെ ഭല്‍ഗത് ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം നടന്നത്. ദുര്‍ഗാ പൂജ ആഘോഷങ്ങള്‍ക്കായി 200 രൂപ നല്‍കാനാവാത്തതിന്റെ പേരിലാണ് ഇവരെ ഊരുവിലക്കിയത്.

ഇവര്‍ക്ക് റേഷനും ചികിത്സയും ഗ്രാമമുഖ്യര്‍ നിഷേധിച്ചു. നവംബര്‍ 3 മുതല്‍ 17 വരെയാണ് ഇവര്‍ക്ക് ഈ വിലക്ക് നേരിടേണ്ടി വന്നത്. ഇതേതുടര്‍ന്ന് ഇവര്‍ ജില്ലാ അധികൃതരെ സമീപിക്കുകയായിരുന്നു. ഇവരിടപെട്ട് പ്രശ്‌നത്തിന് പരിഹാരം കണ്ടു.

ഒക്ടോബര്‍ 14 ന് പ്രാദേശിക ദുര്‍ഗാപൂജ സംഘാടകരായ സര്‍വ്വജനിക് ദുര്‍ഗാപൂജ സന്‍സ്ഥ ഗ്രാമത്തില്‍ യോഗം ചേരുകയും ഗ്രാമത്തിലുള്ള 170 കുടുംബങ്ങളും ആഘോഷത്തിന് 200 രൂപ വീതം നല്‍കണമെന്ന് തീരുമാനിക്കുകയുമായിരുന്നു.

എന്നാല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള സാമ്പത്തിക പ്രശ്‌നത്താല്‍ ഈ തുക നല്‍കാന്‍ പറ്റില്ലെന്ന് ഗോണ്ട് ഗോത്രത്തിലെ 40 കുടുംബങ്ങള്‍ അറിയിക്കുകയായിരുന്നു. ഇവരില്‍ പലരും ഇതരസംസ്ഥാന തൊഴിലാളികളാണ്. ലോക്ഡൗണിനെ തുടര്‍ന്ന് ജോലി പോയ ഇവര്‍ ദിവസങ്ങളോളം നടന്നാണ് വീട്ടിലെത്തിയത്. അതിനാല്‍ ഇത്രയും തുക ഇപ്പോഴത്തെ അവസ്ഥയില്‍ നല്‍കാനാവില്ലെന്ന് ഇവര്‍ പറയുകയായിരുന്നു.

നിരന്തര സമ്മര്‍ദ്ദം മൂലം ഒടുവില്‍ 40 കുടുംബങ്ങളില്‍ 26 കുടുംബങ്ങള്‍ പണം നല്‍കി. ബാക്കിയുള്ളവര്‍ നൂറു രൂപ നല്‍കാമെന്ന് പറഞ്ഞെങ്കിലും ഇത് സ്വീകരിക്കപ്പെട്ടില്ല.

തുടര്‍ന്ന് ദുര്‍ഗാപൂജയ്ക്ക് ശേഷം നവംബര്‍ മൂന്നിന് സംഘാടകര്‍ യോഗം ചേരുകയും 14 കുടുംബങ്ങള്‍ക്കും ഊരുവിലക്ക് പ്രഖ്യാപിക്കുകയുമായിരുന്നു. ഗ്രാമവാസികളിലാരും ഇവരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ പാടില്ല, റേഷന്‍ നല്‍കില്ല, ഗ്രാമത്തിലെ ഡോക്ടറോട് ഇവര്‍ക്കാര്‍ക്കും ചികിത്സ നല്‍കരുതെന്ന് നിര്‍ദ്ദേശിച്ചു. പ്രൈവറ്റ് ഡോക്ടര്‍മാര്‍ക്കും ഇതേ നിര്‍ദ്ദേശം നല്‍കി.

ഊരുവിലക്ക് നേരിട്ട ലക്ഷ്മി വഡ്ഖാദെ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞതിങ്ങനെയാണ്

‘ രോഗിയായ ഭര്‍ത്താവിനെയും മകളെയും നാട്ടില്‍ വിലക്കിയപ്പോള്‍ ഞാന്‍ അലഹബാദില്‍ ജോലി അന്വേഷിക്കുകയായിരുന്നു. ലോക്ഡൗണിന് നാഷിക്കില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയത് ആറുദിവസം നടന്നിട്ടാണ്. ദിവസങ്ങളോളം ഞങ്ങളുടെ കൈയ്യില്‍ പണമുണ്ടായിരുന്നില്ല,’

നൂറു രൂപ നല്‍കാമാമെന്ന് താന്‍ പറഞ്ഞെങ്കിലും ഇവര്‍ കേട്ടില്ലെന്ന് ഈ സ്ത്രീ പറയുന്നു.

‘ കഴിഞ്ഞ വര്‍ഷവും എന്റെ കുടുംബത്തെ ഇതേപോലെ ബഹിഷ്‌കരിച്ചു. നഗരത്തിലെ ജോലിയില്‍ തിരിച്ചുകയറി 500 രൂപ അയച്ച ശേഷമാണ് കുടുംബത്തിന് മേലുള്ള വിലക്ക് നീങ്ങിയത്,’ ലക്ഷ്മി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more