താലിബാന്‍ അനുകൂല പോസ്റ്റ്; അസമില്‍ 14 പേര്‍ക്കെതിരെ കൂട്ടത്തോടെ കേസ്
national news
താലിബാന്‍ അനുകൂല പോസ്റ്റ്; അസമില്‍ 14 പേര്‍ക്കെതിരെ കൂട്ടത്തോടെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st August 2021, 5:07 pm

ന്യൂദല്‍ഹി: സാമൂഹിക മാധ്യമങ്ങളില്‍ താലിബാനെ അനുകൂലിച്ച് പോസ്റ്റിട്ടെന്ന് ആരോപിച്ച് അസമില്‍ 14 പേരെ അറസ്റ്റ് ചെയ്തു.

ഐ.ടി ആക്ട്, സി.ആര്‍.പി.സി, യു.എ.പി.എ തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

കംപ്പൂര്‍ മെട്രോപൊളിറ്റന്‍, ബാര്‍പെറ്റ, ദുബ്രി, കരിംഖാന്‍ജ് എന്നീ ജില്ലകളില്‍ നിന്ന് 2 പേരെ വീതം അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ മതപണ്ഡിതനും മെഡിക്കല്‍ വിദ്യാര്‍ത്ഥിയും ഉള്‍പ്പെടുന്നു.

താലിബാനെ അനുകൂലിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ അഭിപ്രായം പങ്കുവെച്ച വിദേശത്തുള്ള മൂന്ന് അസം സ്വദേശികളെ കുറിച്ചും പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.

പോസ്റ്റുകളും ലൈക്കുകളും ചെയ്യുമ്പോള്‍ വളരെയധികം സൂക്ഷിക്കണമെന്ന് സ്പെഷ്യല്‍ ഡി.ജി.പി ജി.പി സിങ് പറഞ്ഞു.
സാമൂഹ്യമാധ്യമങ്ങളിലെ ഇത്തരം ഇടപെടലുകള്‍ പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഇത്തരം ഇടപെടലുകള്‍ നിരീക്ഷിക്കാന്‍ സൈബര്‍ സെല്ലില്‍ പ്രത്യേക പദ്ധതി സര്‍ക്കാര്‍ രൂപികരിച്ചിട്ടുണ്ട്.

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലെത്തിയ സാഹചര്യത്തിലാണ് പൊലീസിന്റെ നടപടി.

അസമില്‍ താലിബാന്‍ അനുകൂല വാദങ്ങള്‍ക്കെതിരെയുള്ള ശക്തമായ നീക്കങ്ങള്‍ ഇനിയും തുടരുമെന്നും ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ അറിയിച്ചു.

20 വര്‍ഷത്തിന് ശേഷം അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ നിന്നും പിന്‍വാങ്ങിയതിന് പിന്നാലെയാണ് താലിബാന്‍ അഫ്ഗാനെ പിടിച്ചെടുക്കാനുള്ള ആക്രമണം ശക്തമാക്കിയത്.

താലിബാന്‍ അഫ്ഗാന്‍ കീഴടക്കിയതോടെ പ്രസിഡന്റ് അഷ്‌റഫ് ഗാനി രാജ്യം വിട്ടിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: 14 people including several maulanas and a medical student arrested in Assam for social media posts supporting the Taliban