Daily News
ബി.ജെ.പി ജില്ലാ പ്രസിഡന്റ് അടക്കം 14 പേര്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവും പിഴയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Dec 10, 03:35 am
Wednesday, 10th December 2014, 9:05 am

bjp-01കോഴിക്കോട്: ചെറുവണ്ണൂരിലെ ഭൂമി കൈയേറ്റ വിരുദ്ധ സമരത്തിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട കേസില്‍ കോഴിക്കോട് ബി.ജെ.പി ജില്ലാ പ്രസിഡന്റ് പി. രഘുനാഥ് അടക്കം 14 പേര്‍ക്ക് കോടതി അഞ്ചുവര്‍ഷം കഠിനതടവും പിഴയും വിധിച്ചു.  12,200 രൂപയാണ് പിഴ നല്‍കേണ്ടത്.

എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്. കൃഷ്ണകുമാറാണ് ശിക്ഷ വിധിച്ചത്. നിയമം കൈയിലെടുക്കുന്നവര്‍ക്ക് താക്കീതാകണം ശിക്ഷാവിധിയെന്ന് കോടതി നിരീക്ഷിച്ചു. ജനാധിപത്യ വ്യവസ്ഥയില്‍ പൊലീസിനും സര്‍ക്കാറിനും വ്യക്തിക്കുമെതിരെ പ്രതികരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും എന്നാല്‍, നിയമം കൈയിലെടുക്കാതെ സമാധാനപൂര്‍വമാകണം പ്രതിഷേധമെന്നും കോടതി പറഞ്ഞു.

2012 ആഗസ്ത് 16ന് ചെറുവണ്ണൂരിലെ ഇന്‍ഡസ് മോട്ടോഴ്‌സ് കമ്പനിക്ക് മുന്നിലുണ്ടായ സമരത്തിനിടയിലാണ് ആക്രമണം ഉണ്ടായത്. ഇന്‍ഡസ് കമ്പനി ഉടമ പി.വി അബ്ദുല്‍വഹാബ് ഭൂമി കൈയേറിയെന്നും അതു തിരിച്ചുപിടിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ബി.ജെ.പി. സമരം നടത്തിയിരുന്നത്. എന്നാല്‍ ഇത് അക്രമാസക്തമാവുകയായിരുന്നു. ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തു.

27 പ്രതികള്‍ ഉണ്ടായിരുന്ന കേസില്‍ 10 പേരെ കോടതി വെറുതെവിട്ടു. രണ്ട് പേര്‍ ഇപ്പോഴും ഒളിവിലാണ്. ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കേസ് ജുവനൈല്‍ കോടതിക്ക് കൈമാറി. അക്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

“രാഷ്ട്രീയ പാര്‍ട്ടികള്‍ നിയമം കൈയിലെടുത്താല്‍ നിയമവാഴ്ച നിലനില്‍ക്കില്ല. അരാജകത്വമാണ് പിന്നെയുണ്ടാവുക. ഭരണഘടനാപരമായ അവകാശങ്ങള്‍ ആര്‍ക്കും പരിധിവിട്ട് സ്വാതന്ത്ര്യം നല്‍കുന്നില്ല. നിയന്ത്രണങ്ങള്‍ പലപ്പോഴും വേണ്ടിവരും. മുഴുവന്‍ സമൂഹത്തിനും വിധി മുന്നറിയിപ്പായി മാറണം” കോടതി ഉത്തരവില്‍ പറയുന്നു.

കിനാലൂര്‍ നടുപ്പൊയില്‍ രാമദാസ്, അരക്കിണര്‍ തേവര്‍കാട്ടില്‍ റിജേഷ്, കുണ്ടായിത്തോട് ആമാങ്കുനി പുളിക്കല്‍ ഉമേഷ്, അരക്കിണര്‍ കാവുങ്ങല്‍ രാജേഷ്, വഴിക്കടവ് ചിറങ്കട മണിക്കുട്ടന്‍, കുരുവട്ടൂര്‍ നടുവൊടിയില്‍ റിജിലേഷ്, ഒളവണ്ണ ആമിയില്‍ മീത്തല്‍ ആനന്ദന്‍, പന്നിക്കോട്ടൂര്‍ പണയക്കുന്നുമ്മല്‍ സുധീഷ്, കാക്കൂര്‍ മാനത്താന്‍ കണ്ടി രതീഷ്, നടുവട്ടം കുഞ്ഞിത്തയ്യില്‍ രാജേഷ്, കയ്യടിത്തോട് മേയന പ്രയോഷ് കുമാര്‍, തമ്പാനങ്ങാടി കരിക്കോട്ടുകുഴി സിദുകൃഷ്ണന്‍, വഴിക്കടവ് ചരുവിള പുത്തന്‍ വീട്ടില്‍ രജീഷ് എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റ് പ്രതികള്‍.