സഖ്യകക്ഷി സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റിയില്ല; കര്‍ണാടകയില്‍ 14 എം.എല്‍.എമാര്‍ രാജിവെച്ചിട്ടുണ്ടെന്നും ജെ.ഡി.എസ് വിമത നേതാവ്
national news
സഖ്യകക്ഷി സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റിയില്ല; കര്‍ണാടകയില്‍ 14 എം.എല്‍.എമാര്‍ രാജിവെച്ചിട്ടുണ്ടെന്നും ജെ.ഡി.എസ് വിമത നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th July 2019, 7:13 pm

ബെംഗളൂരു: കര്‍ണാടകയില്‍ എം.എല്‍.എമാരുടെ രാജി തുടരുന്നു. 14 എം.എല്‍.എമാര്‍ നിലവില്‍ രാജിവെച്ചിട്ടുണ്ടെന്ന് ജെ.ഡി.എസ് വിമത നേതാവ് എച്ച് വിശ്വനാഥ് പറഞ്ഞു.

‘സഖ്യകക്ഷി സര്‍ക്കാര്‍ കര്‍ണാടകയിലെ ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റിയില്ല. എല്ലാവരിലും വിശ്വാസമര്‍പ്പിക്കാന്‍ ഈ സര്‍ക്കാര്‍ തയ്യാറായില്ല. അതുകൊണ്ട് സ്വമേധയാ രാജിവെക്കുകയായിരുന്നു’- വിശ്വനാഥ് പറഞ്ഞു.

ഓപറേഷന്‍ കമലവുമായി എം.എല്‍.എമാരുടെ രാജിക്ക് ബന്ധമില്ലെന്നും വിശ്വനാഥ് കൂട്ടിച്ചേര്‍ത്തു. സ്പീക്കര്‍ക്ക് രാജി സമര്‍പ്പിച്ച ശേഷം എം.എല്‍.എമാര്‍ ഗവര്‍ണര്‍ വാജുഭായ് വാലയേയും കണ്ടതായും റിപ്പോര്‍ട്ടുണ്ട്.

രാജിവെച്ച ചില കോണ്‍ഗ്രസ് എം.എല്‍.എമാര്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ്-ജെ.ഡി.എസ് നേതൃത്വം സമവായ നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് എം.എല്‍.എമാര്‍ ഈ ആവശ്യം മുന്നോട്ട് വെച്ചിരിക്കുന്നത്.

സിദ്ധരാമയ്യ മുഖ്യമന്ത്രി ആകുകയാണെങ്കില്‍ തങ്ങളുടെ രാജി പിന്‍വലിക്കാമെന്നാണ് എം.എല്‍.എമാര്‍ അറിയിച്ചിരിക്കുന്നത്. നേരത്തെ തന്നെ സിദ്ധരാമയ്യയുമായി അടുത്ത് നില്‍ക്കുന്ന എം.എല്‍.എമാര്‍ ഈ ആവശ്യം രഹസ്യമായി മുന്നോട്ട് വെച്ചിരുന്നു.

കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാര്‍ രാജിവെച്ച സാഹചര്യത്തില്‍ കര്‍ണാടകയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറാണെന്ന് ബി.ജെ.പി അറിയിച്ചിരുന്നു.

ഗവര്‍ണര്‍ ക്ഷണിച്ചാല്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ബി.എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയാകുമെന്നും കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഡി.വി സദാനന്ദഗൗഡ പറഞ്ഞിരുന്നു.

‘ഏറ്റവും വലിയ ഒറ്റകക്ഷി ബി.ജെ.പിയാണ്. 105 എം.എല്‍.എമാര്‍ ഞങ്ങള്‍ക്കുണ്ട്. പക്ഷേ, എല്ലാകാര്യത്തിലും പരമാധികാരം ഗവര്‍ണര്‍ക്കാണ്. ഗവര്‍ണര്‍ ഞങ്ങളെ ക്ഷണിച്ചാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പി. തയ്യാറാണ്’- സദാനന്ദഗൗഡ പറഞ്ഞിരുന്നു.