വെള്ളവും ഭക്ഷണവും കറന്റുമില്ലാതെ, കത്തുന്ന ചൂടില്‍ ഒരൊറ്റ മുറിയില്‍ തിങ്ങിപ്പാര്‍ക്കുന്ന 14 മലയാളി പ്രവാസികള്‍. ഷാര്‍ജയിലെ മദാം എന്ന സ്ഥലത്ത് ഡെസേര്‍ട്ട് സഫാരികള്‍ നടത്തുന്ന സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്തിരുന്ന മലയാളികളാണ് ഇപ്പോള്‍ മാസങ്ങളായി വലിയ ദുരിതത്തിലൂടെ കടന്നുപോകുന്നത്. കൊവിഡും ലോക്ക്ഡൗണും മൂലം തൊഴിലിടങ്ങളെല്ലാം അടച്ചിട്ടതോടെ ശമ്പളവും ഭക്ഷണവും താമസസൗകര്യങ്ങളുമില്ലാതെ ദുരിതത്തിലാണ് പ്രായമായവരും രോഗികളും ഉള്‍പ്പെടെയുള്ള ഇവര്‍. കുടുങ്ങിപ്പോയ ഈ മലയാളികളില്‍ ഒരാള്‍ ഡൂള്‍ന്യൂസിനോട് സംസാരിച്ചു.
‘സഫാരികള്‍ക്കായി വാഹനങ്ങള്‍ നല്‍കുന്ന പാര്‍ക്കിലാണ് ഞങ്ങള്‍ ജോലി ചെയ്തിരുന്നത്. മാര്‍ച്ച് 7ന് ഈ റൂമില്‍ കയറിയതാണ്. ആദ്യം രണ്ടു റൂമിലായാണ് 14 പേര്‍ കഴിഞ്ഞിരുന്നത്. പിന്നീട് ഒരു റൂമിലെ ഫ്യൂസ് ഊരി. അന്നുമുതല്‍ ഞങ്ങള്‍ എല്ലാവരും ഒറ്റമുറിയില്‍ തിങ്ങിപ്പാര്‍ക്കുകയാണ്.’ കുടുങ്ങിപ്പോയ മലയാളികളിലൊരാളായ മുഹമ്മദ് ബഷീര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
മാര്‍ച്ച് മാസത്തിന്റെ തുടക്കം മുതല്‍ ഇവരില്‍ പലരും ഈ റൂമുകളിലാണ് കഴിയുന്നത്. നാട്ടിലേക്ക് തിരിച്ചുപോകാനായി നോര്‍ക്കയിലും ഇന്ത്യന്‍ എംബസിയിലും രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഇതുവരെയും മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്ന് ഇവര്‍ പറയുന്നു. 42 ഡിഗ്രി സെല്‍ഷ്യസ് ഉള്ള സ്ഥലത്താണ് ഇവര്‍ കറന്റ് പോലുമില്ലാതെ കഴിയുന്നത് ഒറ്റ മുറിയില്‍ തിങ്ങിപ്പാര്‍ക്കുന്നത്. ദൈദ് പ്രവാസി ഇന്ത്യ തുടങ്ങിയ സന്നദ്ധ ഗ്രൂപ്പുകളാണ് ഇവര്‍ക്ക് ഇത്രയും നാള്‍ ഭക്ഷണം പോലും എത്തിച്ചിരുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇവര്‍ താമസിക്കുന്ന സ്ഥലത്തിന്റെ പരിസരത്തുള്ള പലര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ കൂട്ടത്തില്‍ ഒരാള്‍ക്ക് പോലും രോഗം വന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും ഇവര്‍ പറയുന്നു. പലര്‍ക്കും ഇതിനിടയില്‍ പനിയും മറ്റു വന്നിരുന്നു.
‘ശമ്പളം ഇല്ലാത്തതിനാല്‍ വാടക കൊടുക്കാന്‍ ആയിട്ടില്ല. ജൂണ്‍ 10 വരെയാണ് വാടക അടക്കാനുള്ള കാലാവധി. അതുകഴിഞ്ഞാല്‍ ഇവര്‍ പുറത്താക്കുമോ എന്നാണ് പേടി. അങ്ങിനെ പുറത്താക്കിയാലും ഒന്നും ചെയ്യാനാകില്ല.’ മുഹമ്മദ് ബഷീര്‍ പറഞ്ഞു.
ഡെസേര്‍ട്ട് സഫാരി മേഖലയില്‍ ജോലി ചെയ്യുന്ന ഇവരില്‍ പലരും വിസിറ്റിംഗ് വിസയിലും തദ്ദേശീയരായ അറബികളുടെ വീടുകളില്‍ പണിയെടുക്കുന്നതിനുമായി നല്‍കുന്ന വിസയിലും ഗള്‍ഫ് രാജ്യങ്ങളിലെത്തി പിന്നീട് മറ്റു ജോലികളില്‍ ഏര്‍പ്പെടുന്നവരാണ്. പലരും ചെറിയ കഫ്‌റ്റേരിയകളില്‍ ജോലി ചെയ്യുന്നവരുണ്ട്. താമസസ്ഥലത്തിനോ ജോലിക്കോ കൃത്യമായ കോണ്‍ട്രാക്ടുകള്‍ ഇല്ലാത്തതിനാല്‍ ഇവരെ ഇറക്കിവിട്ടാല്‍ യാതൊരു നിയമപരിരക്ഷയും യു.എ.ഇയില്‍ ഇവര്‍ക്ക് ലഭിക്കില്ല.
കൊവിഡും ലോക്ക്ഡൗണും ഏറ്റവും ആദ്യം ബാധിച്ചത് ഗള്‍ഫിലെ വിനോദമേഖലകളിലായിരുന്നു. ഇപ്പോള്‍ പല ഗള്‍ഫ് രാജ്യങ്ങളും ലോക്ക്ഡൗണ്‍ എടുത്തുമാറ്റി വാണിജ്യ വ്യവസായ മേഖലകള്‍ തുറക്കാന്‍ തുടങ്ങിയിട്ടുണ്ട്. പക്ഷെ വിനോദസഞ്ചാര മേഖലകളും അല്ലെങ്കില്‍ അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കും അവരുടെ ജീവിതം സാധാരണനിലയിലാകാന്‍ ഇനിയും ഏറെ സമയമെടുക്കും. അതിനാല്‍ തന്നെ നാട്ടിലെത്തുകയല്ലാതെ തങ്ങള്‍ക്ക് മുന്നില്‍ വേറെ മാര്‍ഗങ്ങളില്ലെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക