| Saturday, 18th December 2021, 11:57 am

പ്രതിദിനം 14 ലക്ഷം രോഗികള്‍ വരെയുണ്ടാകും; ഒമിക്രോണ്‍ വ്യാപനത്തില്‍ മുന്നറിയിപ്പുമായി കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം കൂടുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. യു.കെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടേതിന് സമാനമായി രോഗ വ്യാപനതോത് രാജ്യത്ത് കൂടുന്ന സാഹചര്യമാണുള്ളന്നെും കേന്ദ്രസര്‍ക്കാരിന്റെ കൊവിഡ് ടാസ്‌ക് ഫോഴ്‌സ് അധ്യക്ഷനും നീതി ആയോഗ് അംഗവുമായ വി.കെ. പോള്‍ പറഞ്ഞു.

രാജ്യത്ത് പ്രതിദിനം ഒമിക്രോണ്‍ കേസ് ലക്ഷക്കണക്കിന് പേരില്‍ സ്ഥിരീകരിക്കുമെന്നാണ് മുന്നറിയിപ്പ്. നിലവില്‍ 11 സംസ്ഥാനങ്ങളിലായി 101 ഒമിക്രോണ്‍ കേസുകളാണ് ഇന്ത്യയില്‍ സ്ഥിരീകരിച്ചിട്ടുള്ളത്.

രാജ്യത്തെ ജനസംഖ്യ അനുസരിച്ച് പ്രതിദിനം 14 ലക്ഷം കേസുകള്‍ വരെ ഉണ്ടായേക്കാമെന്നാണ് വി.കെ. പോള്‍ പറയുന്നത്.

യു.കെയില്‍ എക്കാലത്തേയും റെക്കോര്‍ഡ് കൊവിഡ് കേസുകളാണ് നിലവില്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. 88,042 കേസുകളാണ് 24 മണിക്കൂറിനിടെ യു.കെയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 2.4 ശതമാനം ഒമിക്രോണ്‍ കേസുകളാണ്.

രാജ്യത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ ഉള്ളത് മഹാരാഷ്ട്രയിലാണ്. 32 കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചത്. കര്‍ണാടക, ഗുജറാത്ത്, ദല്‍ഹി, കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ കണ്ടെത്തിയിട്ടുണ്ട്.

അതേസമയം യു.കെയില്‍ അടുത്ത വര്‍ഷത്തോടെ ഒമിക്രോണ്‍ ആഞ്ഞടിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആളുകള്‍ കൂട്ടംകൂടുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയില്ലെങ്കില്‍ അതിവേഗം വൈറസ് വ്യാപിക്കുമെന്ന് വിദഗ്ധര്‍ നടത്തിയ ശാസ്ത്രീയ പഠനത്തില്‍ പറയുന്നു.

‘അടുത്ത വര്‍ഷം ജനുവരിയോടെ രോഗവ്യാപനം നിയന്ത്രണാതീതമാകും, ജനങ്ങള്‍ അലസത കാണിക്കരുത്,’ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ട്രോപ്പിക്കല്‍ മെഡിസിനിലെ ഡോക്ടറായ ഡോ. നിക്ക് ഡേവിസ് പറഞ്ഞു.

ഓരോ 2.4 ദിവസം കഴിയുമ്പോഴും വൈറസ് വ്യാപനം രാജ്യത്ത് വര്‍ധിക്കുകയാണെന്നാണ് പഠനത്തില്‍ പറയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: 14 Lakh Cases Daily Centre Warns On Omicron Spread With UK Parallel

Latest Stories

We use cookies to give you the best possible experience. Learn more