യു.പിയില്‍ പരിശോധനകളില്ലാതെ രക്തദാനം; 14 കുട്ടികള്‍ക്ക് എച്ച്.ഐ.വിയും, ഹെപ്പറ്റൈറ്റിസും
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ 14 കുട്ടികളില്‍ എച്ച്. ഐ.വി.യും ഹെപ്പറ്റൈറ്റിസും സ്ഥിരീകരിച്ചു. സര്‍ക്കാര്‍ ആശുപത്രിയായ ലാല ലജ്പത് റായ് ആശുപത്രിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 180 തലസീമിയ രോഗികള്‍ ഈ കേന്ദ്രത്തില്‍ നിന്നും രക്തം സ്വീകരിക്കുന്നുണ്ട്.
രക്തം സ്വീകരിച്ച 14 കുട്ടികള്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി, സി തുടങ്ങിയ അണുബാധകള്‍ പോസിറ്റീവ് ആണെന്ന് പരിശോധനയില്‍ തെളിഞ്ഞതായി കാണ്‍പൂര്‍ ആശുപത്രി ഡോക്ടര്‍മാര്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
രക്തപരിശോധനകളിലെ പിഴവാണ് അണുബാധയ്ക്ക് കാരണമായത് എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അണുബാധ സ്ഥിരീകരിച്ച കുട്ടികള്‍ സ്വകാര്യ ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും പ്രാദേശികമായും രക്തം സ്വീകരിച്ചിരുന്നു.
ഈ കാര്യം ആശങ്കാജനകമാണെന്നും രക്തദാനത്തിലെ അപകടസാധ്യതകള്‍ കാണിക്കുന്നതാണെന്നും എല്‍ .എല്‍ .ആറിലെ പീഡിയാട്രിക് വിഭാഗം മേധാവിയും കേന്ദ്രത്തിന്റെ നോഡല്‍ ഓഫീസറുമായ ഡോ.അരുണ്‍ ആര്യ പറഞ്ഞു.
‘ഞങ്ങള്‍ ഹെപ്പറ്റൈറ്റിസ് രോഗികളെ ഗ്യാസ്‌ട്രോ-എന്‍ട്രോളജി വിഭാഗത്തിലേക്കും എച്ച്.ഐ.വി രോഗികളെ കാണ്‍പൂരിലെ റഫറല്‍ സെന്ററിലേക്കും റഫര്‍ ചെയ്തിട്ടുണ്ട്. എച്ച്.ഐ.വി അണുബാധ ആശങ്കാജനകം ആണ്,’ അദ്ദേഹം പറഞ്ഞു.
കുട്ടികള്‍ നിലവില്‍ തന്നെ ഗുരുതരമായ ഒരു രോഗവുമായി പോരാടുകയാണ്. ഇപ്പോള്‍ ആരോഗ്യനില കൂടുതല്‍ അപകടത്തിലായെന്നും ഡോ. അരുണ്‍ പറഞ്ഞു
രോഗബാധിതരായ കുട്ടികളില്‍ ഏഴ് പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി യും അഞ്ച് പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് സി യും രണ്ടു പേര്‍ക്ക് എച്ച്. ഐ.വി.യും സ്ഥിരീകരിച്ചതായി ഡോക്ടര്‍ വ്യക്തമാക്കി.
കാണ്‍പൂര്‍ സിറ്റി, ദേഹത്ത് ,ഫറൂഖാബാദ്,ഔറയ്യ,ഇറ്റാവ, കനവ്ജ് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള കുട്ടികളിലാണ് രോഗം സ്ഥിരീകരിച്ചത്.
Content Highlight: 14 kids infected with HIV, Hepatitis