കാസര്‍കോടിന് ഇന്ന് ആശ്വാസ ദിനം; രോഗം ഭേദമായി ആശുപത്രി വിടുന്നത് 14 പേര്‍
Kerala
കാസര്‍കോടിന് ഇന്ന് ആശ്വാസ ദിനം; രോഗം ഭേദമായി ആശുപത്രി വിടുന്നത് 14 പേര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th April 2020, 12:53 pm

കാസര്‍കോട്: കാസര്‍കോടിന് ഇന്ന് ആശ്വാസ ദിനം. കൊവിഡിന്റെ രണ്ടാം വരവിലെ ആദ്യ രോഗി ഉള്‍പ്പടെ 14 കാസര്‍കോട് സ്വദേശികളാണ് രോഗം ഭേദമായി ഇന്ന് ആശുപത്രി വിടുന്നത്.

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്ന് ആറ് പേരും പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള എട്ട് കാസര്‍കോട് സ്വദേശികളുമാണ് ഇന്ന് ആശുപത്രി വിടുന്നത്.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിന്ന് ഇന്ന് മൂന്ന് പേരെ ഡിസ്ചാര്‍ജ് ചെയ്തു. കൊവിഡ് നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് ഇവര്‍ ആശുപത്രി വിട്ടത്.

നിലവില്‍ 161 പേരാണ് ജില്ലയില്‍ കൊവിഡ് പോസിറ്റീവായി ചികിത്സ തേടിയിരുന്നത്. ഇതില്‍ ആദ്യമായാണ് ഇത്രയും പേര്‍ രോഗം ഭേദമായി ആശുപത്രി വിടുന്നത്. നേരത്തെ അഞ്ച് പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. ഇതോടെ കാസര്‍കോട് ജില്ലയില്‍ രോഗം ഭേദമായവരുടെ എണ്ണം 18 ആയി.

സംസ്ഥാനത്തെ കൊവിഡിന്റെ രണ്ടാം വരവിലെ ആദ്യ രോഗിയായ കളനാട് സ്വദേശിയുടെ സാമ്പിള്‍ പരിശോധന ഫലം വിലയിരുത്തി മെഡിക്കല്‍ ബോര്‍ഡാണ് ഡിസ്ചാര്‍ജിന് അനുമതി നല്‍കിയത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സായിലുള്ള ഏഴ് കാസര്‍കോട് സ്വദേശികളും ഇന്ന് ആശുപത്രി വിട്ടു.

അതേസമയം കൊവിഡ് 19 പ്രതിരോധത്തിന് സാങ്കേതിക വിദ്യയും ഉപയോഗിക്കാന്‍ കേരളം ഒരുങ്ങുകയാണ്. ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്ന മുറയ്ക്ക് കേരളത്തിലേക്ക് തിരിച്ചെത്തുന്നവര്‍ക്ക് ഡിജിറ്റല്‍ പാസ് നിര്‍ബന്ധമാക്കാനാണ് നീക്കം. രോഗസാധ്യതയുള്ളവരുടെ വിവരങ്ങള്‍ അറിയിക്കാന്‍ മൊബൈല്‍ ആപ്പ് കൊണ്ടുവരുന്നതും പരിഗണനയിലുണ്ട്.

വിദേശത്ത് നിന്നോ മറ്റോ കേരളത്തിലേക്ക് വരുന്നവര്‍ നേരത്തെ വിവരം രജിസ്റ്റര്‍ ചെയ്യണം. മുന്‍കൂര്‍ അനുമതി ലഭിക്കുന്നവര്‍ക്ക് ഡിജിറ്റല്‍ പാസ് അനുവദിക്കാനാണ് സര്‍ക്കാര്‍ നീക്കം.

പാസുള്ളവര്‍ക്കേ വിമാനത്താവളങ്ങളില്‍ നിന്നും റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറത്തുകടക്കാനാവൂ. ഇങ്ങനെ വരുന്നവരെ സമീപത്ത് തന്നെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കും. രോഗസാധ്യതയുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ് മറ്റൊരുഘട്ടം.

മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയിലുള്ളവരുടെ വിവരങ്ങളും ക്രോഡീകരിക്കും. ഇതിനായി തദ്ദേശഭരണസ്ഥാപനങ്ങളുടെ സഹായത്തോടെ വിവരങ്ങളെടുക്കും. ടെലിമെഡിസിന്‍ സംവിധാനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കും. ഐ.ടി മിഷന്റെ നേതൃത്വത്തിലാണ് ഡിജിറ്റല്‍ പ്രതിരോധമാര്‍ഗങ്ങള്‍ക്ക് സംസ്ഥാനം ഒരുങ്ങുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ