തിരുവനന്തപുരം: ജമാ അത്തെ ഇസ്‌ലാമിയുടെ 14 പുസ്തകങ്ങള്‍ പരിശോധിക്കാനായി ഇന്റലിജന്‍സ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേകസമിതിയ്ക്ക് രൂപം നല്‍കി. ദേശവിരുദ്ധപരാമര്‍ശമുണ്ടോ എന്ന് പരിശോധിക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സമിതി രൂപീകരിച്ചത്.
ഇന്റലിജന്‍സ് മേധാവി ബി.എസ് മുഹമ്മദ് യാസീന്‍, പി.ആര്‍.ഡി ഡയറക്ടര്‍ ഡോ. കെ. അമ്പാടി, മുന്‍ എം.പി സെബാസ്റ്റ്യന്‍പോള്‍ എന്നിവരുള്‍പ്പെട്ട സമിതിയോട് ജൂണ്‍ 27-ന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
ജമാഅത്തെ ഇസ്ലാമി ഹിന്ദ് എന്ന സംഘടനയുടെ പുസ്തകങ്ങള്‍ ദേശവിരുദ്ധത പ്രചരിപ്പിക്കുന്നുവെന്നും അതിനാല്‍ അവ നിരോധിക്കണമെന്നും ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യഹര്‍ജി പരിഗണിച്ച് കൊണ്ടാണ് ഹൈക്കോടതി സര്‍ക്കാറിനോട് ഇക്കാര്യം നിര്‍ദ്ദേശിച്ചത്.
ജമാ അത്തെ ഇസ്‌ലാമിയുടെ പുസ്തകങ്ങള്‍ക്കെതിരെ ഇന്റലിജന്‍സ് മേധാവിയായിരുന്ന ടി.പി സെന്‍കുമാര്‍ 2013-ല്‍ ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പുസ്തകങ്ങളില്‍ ദേശവിരുദ്ധ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റ് റിപ്പോര്‍ട്ട്.
വര്‍ഗീയ രാഷ്ട്രീയം മിത്തും യാഥാര്‍ത്ഥ്യവും, ബുദ്ധന്‍ യേശു മുഹമ്മദ്, ഇസ്ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തം, ഇന്ത്യയിലെ ഭീകരാക്രമണങ്ങളും ഉത്തരംകിട്ടാത്ത ചോദ്യങ്ങളും, ഒരു ജാതി, ഒരു ദൈവം, പ്രകാശം പരത്തുന്ന പ്രസ്ഥാനം, മതേതരത്വം ജനാധിപത്യം വിശകലനം, ജയില്‍ അനുഭവങ്ങള്‍, സത്യസാക്ഷ്യം, യേശുവിന്റെ പാത മുഹമ്മദിന്റെയും, ജമാഅത്തെ ഇസ്ലാമി ലഘുപരിചയം തുടങ്ങിയ പുസ്തകങ്ങള്‍ ഇവയില്‍പ്പെടുന്നു. ഇവയില്‍ നാലെണ്ണം ഇപ്പോള്‍ ലഭ്യമല്ലെന്ന് പി.ആര്‍.ഡി ഡയറക്ടര്‍ ഡോ. അമ്പാടി പറഞ്ഞു.