ന്യൂദല്‍ഹി: അതിജീവിതയുടെ ജാതകം പരിശോധിക്കണമെന്നാവശ്യപ്പെട്ട അലഹബാദ് ഹൈക്കോടതിയുടെ വിധി സ്‌റ്റേ ചെയ്ത് സുപ്രീം കോടതി. അതിജീവിതയുടെ ജാതകം പരിശോധിച്ച് ചൊവ്വാ ദോഷമുണ്ടോയെന്ന് നിര്‍ണയിക്കണമെന്ന് ലക്‌നൗ സര്‍വകലാശാലയിലെ ജ്യോതിഷ വിഭാഗം മേധാവിയോട് അലഹബാദ് ഹൈക്കോടതി വിധിച്ചിരുന്നു.
ആ വിധിയാണ് ശനിയാഴ്ച ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജസ്റ്റിസ് പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് സ്റ്റേ ചെയ്തിരിക്കുന്നത്.
വ്യാജ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസിലാണ് ജസ്റ്റിസ് ബ്രിജ് രാജ് സിങ്ങിന്റെ വിധി. തന്നെ വിവാഹം കഴിക്കാമെന്ന വ്യാജ വാഗ്ദാനം നടത്തി പീഡിപ്പിക്കുകയായിരുന്നുവെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. എന്നാല്‍ ചൊവ്വാ ദോഷമുള്ളത് കൊണ്ട് വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്നായിരുന്നു എതിര്‍ഭാഗത്തിന്റെ വാദം.
തുടര്‍ന്നാണ് അതിജീവിതയുടെ ജാതകം പരിശോധിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്. പത്ത് ദിവസത്തിനകം ജാതകം ഹാജരാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ വിചിത്ര ഉത്തരവില്‍ സുപ്രീം കോടതി സ്വമേധയാ ഇടപെടുകയായിരുന്നു.
വാദം തുടരുന്നതിന് മുമ്പ് തന്നെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് വിധി കണ്ടിരുന്നില്ലേയെന്ന് സുപ്രീം കോടതി ചോദിച്ചു.
എന്നാല്‍ താന്‍ വിധി കണ്ടിരുന്നുവെന്നും അസ്വസ്ഥയുണ്ടാക്കുന്ന വിധി സ്‌റ്റേ ചെയ്യണമെന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു.
ഇരു കക്ഷികളുടെയും സമ്മതത്തോടെയാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും തെളിവുകള്‍ ആവശ്യപ്പെടാന്‍ കോടതിക്ക് അധികാരമുണ്ടെന്നും എതിര്‍ഭാഗത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. ജ്യോതിഷം സര്‍വകലാശാലകളില്‍ പഠിപ്പിക്കുന്ന വിഷയമാണെന്നും അഭിഭാഷകന്‍ പറഞ്ഞു.
‘എന്നാല്‍ ഇത് സ്വകാര്യതയുടെ ലംഘനമാണ്. ജ്യോതിഷത്തിന് ഇതുമായി എന്ത് ബന്ധമുണ്ടെന്നതിനെക്കുറിച്ച് ഉള്ള വസ്തുതകള്‍ പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല,’ ജസ്റ്റിസ് ധൂലിയ പറഞ്ഞു.
ജ്യോതിഷത്തിന്റെ വശം പരിഗണിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് ജസ്റ്റിസ് മിത്തലും അഭിപ്രായപ്പെട്ടു.
content highligh: promised marriage and molested; Allahabad court ordered to check the horoscope of rape victim; Supreme Court stayed