റിയാദ്: സൗദിയില്‍ സ്വദേശിവത്കരണ നിയമങ്ങള്‍ ശക്തമാക്കിയത് കാരണം തൊഴിലാളികളെ കിട്ടാതായതോടെ 13 ലക്ഷം കരാറുകാര്‍ സൗദിയില്‍ നിന്നും പിന്‍വാങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. നിര്‍മാണ മേഖലയില്‍ നിന്നു മാത്രമാണ് ഇത്രയധികം പേര്‍ പിന്‍വാങ്ങുന്നത്. കരാറുകാരിലധികം പേര്‍ക്കും സൗദി ക്വാട്ട തികയ്ക്കാന്‍ കഴിയാഞ്ഞതും പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.
പദ്ധതികളധികവും പാതി വഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കരാറുകാരുടെ പിന്‍മാറ്റം. സര്‍ക്കാരിന്റെ കടുത്ത നീക്കങ്ങള്‍ സ്വകാര്യ മേഖയെ കൂടാതെ സര്‍ക്കാര്‍ പദ്ധതികളെ കൂടെ ബാധിക്കുമെന്നാണ് സൂചിപ്പിക്കപ്പെടുന്നത്.
നിലവില്‍ പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി പുതിയ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ വിസ അനുവദിക്കാത്തതും കരാറുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ നടപ്പിലാക്കിയ നിതാഖാത് ക്വാട്ട 10 ശതമാനത്തില്‍ നിന്നും 3 ശതമാനമായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കരാറുകാരുടെ പ്രതിനിധി സംഘം സൗദി തൊഴില്‍ മന്ത്രി മുഫ്രജ് അല്‍ ഹഖാനിയെ കണ്ടിരുന്നു. കൂടുല്‍ വിദേശ തൊഴിലാളികളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മന്ത്രാലയത്തിന് കത്തയച്ചതായും ഇവര്‍ അറിയിച്ചു.