ബീജിങ്ങ്: ചൈനയിലെ മുസ്‌ലിം ഭൂരപക്ഷ മേഖലയായ ഷിന്‍ജിയാങ്ങില്‍ 2014 മുതല്‍ 13,000ത്തോളം പേരെ തീവ്രവാദികളെന്നാരോപിച്ച് അറസ്റ്റു ചെയ്ത് ചൈന. ഈ പ്രദേശത്തെ തീവ്രവാദ സംഘടനകള്‍ തങ്ങള്‍ തകര്‍ത്തെന്നും ചൈന അവകാശപ്പെടുന്നതായി ദ ഹിന്ദു റിപ്പോര്‍ട്ടു ചെയ്യുന്നു.
ഉയിഗൂര്‍, ചൈനയിലെ മറ്റു മുഖ്യ മുസ്‌ലിം മതവിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ഉത്തര പശ്ചിമ ചൈനയെക്കുറിച്ച് സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. രാജ്യത്തെ 10 ലക്ഷത്തോളം വരുന്ന ഉയിഗൂര്‍ മുസ് ലിംങ്ങളെ ചൈന അനധികൃത തടങ്കലില്‍ വെച്ചിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ ഇത്തരം തടവറകളുടെ സാന്നിധ്യം ചെെന നിഷേധിച്ചിരുന്നു. ഇവര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുകയാണെന്നായിരുന്നു ചൈനയുടെ വാദം. എന്നാല്‍ ക്യാമ്പുകളില്‍ നിന്ന് രക്ഷപ്പെട്ട ആളുകള്‍ ഇത് നിഷേധിച്ചിരുന്നു. ഇസ്‌ലാം മതം ഉപേക്ഷിക്കണമെന്നും, ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അനുഭാവികളാവണമെന്നും ആവശ്യപ്പെട്ട് തങ്ങളെ പീഡിപ്പിച്ചതായി ഇവര്‍ പറഞ്ഞിരുന്നു.
“നിയമത്തിലടിസ്ഥാനമായ തീവ്രവാദ നിര്‍വീകരണം” എന്ന പേരിലെ റിപ്പോര്‍ട്ടിലാണ് ഈ പ്രദേശത്തെ മത തീവ്രവാദത്തെ ചൈന തടഞ്ഞതായി പറയുന്നത്. 1558 തീവ്രവാദ ഗ്രൂപ്പുകളേയും 12995 തീവ്രവാദികളേയും ചൈന 2014 മുതല്‍ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2052 ആയുധങ്ങള്‍ പിടിച്ചടക്കുകയും, 30,0000 പേരെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് ഈ കാലയളവില്‍ ശിക്ഷിച്ചതായും നിയമവിരുദ്ധമായ 34,5229 മത പ്രസിദ്ധീകരണങ്ങള്‍ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉയിഗൂര്‍ മുസ്ലിങ്ങള്‍ക്കെതിരായ ചൈനയുടെ ക്രൂരത തുറന്ന് പറഞ്ഞ് മുസ്ലിം യുവതി രംഗത്തെത്തിയിരുന്നു. “”നാല് ദിവസം ഉറങ്ങാന്‍ അനുവദിക്കാതെ ചോദ്യം ചെയ്തു. മുടി ഷേവ് ചെയ്യിപ്പിച്ചു. ശരീരത്തില്‍ അനാവശ്യമായ മെഡിക്കല്‍ പരിശോധനകള്‍ നടത്തി””. മൂന്നാം തവണ അറസ്റ്റ് ചെയ്തതിന് ശേഷമായിരുന്നു ക്രൂര പീഡനമെന്നും മിഹൃഗുല്‍ ടുര്‍സുന്‍ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ചൈനയില്‍ ഉയിഗൂര്‍ വിഭാഗത്തെ ലക്ഷ്യമിട്ട് വ്യാപക വംശീയ ഉന്‍മൂലനമാണ് നടക്കുന്നത് റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് മില്യണ്‍ ഉയിഗൂര്‍ മുസ്ലിങ്ങള്‍ ഇതിനോടകം ചൈനയിലെ വിവിധ ക്യാംപുകളിലായി പാര്‍പ്പിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. മതജീവിതത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ ബലം പ്രയോഗിച്ച് കല്‍പ്പിക്കുകയാണെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറയുന്നു.