മലപ്പുറം: സി.ഐ.സിയില്‍ ( കോര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളേജസ്) നിന്ന് രാജി തുടരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഹക്കീം ഫൈസി അദൃശേരി രാജിവെച്ചതിന് പിന്നാലെ 130 അധ്യാപകരാണ് സി.ഐ.സി വിട്ടത്. ഇവര്‍ക്കുപുറമെ വാഫി സ്റ്റുഡന്റ്‌സ് അസോസിയേഷനും ഹക്കീം ഫൈസിയെ പുറത്താക്കിയാല്‍ രാജിവെക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
സംഘടനാവിരുദ്ധമായ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കഴിഞ്ഞ ദിവസമായിരുന്നു ഹക്കീം ഫൈസി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയില്‍ നിന്നും പുറത്താക്കപ്പെട്ടത്. ഇതിന് പിന്നാലെ സി.ഐ.സി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കുകയായിരുന്നു.
അതേസമയം തന്റെ രാജി കാരണം നിലവില്‍ വാഫി കോഴ്‌സ് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ അനാഥമാകുന്ന അവസ്ഥയുണ്ടാകില്ലെന്നും സാദിഖലി തങ്ങള്‍ സി.ഐ.സി ജനറല്‍ ബോഡി വിളിച്ച് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് കരുതുന്നുവെന്നും ഹക്കീം ഫൈസി പറഞ്ഞു. സാദിഖലി തങ്ങള്‍ ആവശ്യപ്പെട്ടതുകൊണ്ട് മാത്രമാണ് രാജി സമര്‍പ്പിക്കുന്നതെന്നും ഹക്കീം ഫൈസി പറഞ്ഞു.
ആദര്‍ശത്തില്‍ ഉറച്ചുനിന്ന് പ്രവര്‍ത്തനശൈലിയില്‍ മാറ്റംവരുത്തി മുന്നോട്ട് പോകുമെന്നും തന്റെ രാജി ഒരു വിഭാഗം ആഗ്രഹിച്ചിരുന്നെന്നും ഹക്കീം ഫൈസി ആദൃശേരി കൂട്ടിച്ചേര്‍ത്തു.
‘സമസ്ത ഞങ്ങളുടെ മാതൃ സംഘടനയാണ്. അത് ആദര്‍ശ പ്രസ്ഥാനമാണ്. അതൊരു കേവല സംഘടനയല്ല. മുസ്ലിങ്ങള്‍ എന്ന നിലയില്‍ ഞങ്ങള്‍ അതിനുള്ളില്‍ തന്നെയാണ്. ആര്‍ക്കും അതില്‍ നിന്ന് പുറത്താക്കാനാകില്ല. വിശ്വസ പ്രമാണ രംഗത്ത് നിന്നുകൊണ്ട് പ്രവര്‍ത്തിക്കും.
സമസ്തയിലെ കുറച്ചാളുകള്‍ അനവസരത്തില്‍ അനാവശ്യമായി അസ്വസ്ഥതകളുണ്ടാക്കുകയാണ്. മഹാപണ്ഡിതന്മാരായിട്ടുള്ള സമസ്തയിലെ 40 അംഗങ്ങള്‍ ഭരണപരമായ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നവരല്ല. എന്നാല്‍ ചില ആളുകള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്.
നിലവില്‍ വാഫി കോഴ്‌സ് ചെയ്യുന്ന വിദ്യാര്‍ഥികളെ അനാഥമാക്കുന്ന രീതി ഇപ്പോഴുണ്ടാകില്ല. പകരം സംവിധാനമുണ്ടാവുന്നത് വരെ സ്ഥാനത്ത് തുടരും. വിദ്യാര്‍ഥികളും രക്ഷിതാക്കളും അടങ്ങുന്ന വലിയൊരു വിഭാഗം ഇവിടെയുണ്ട്,’ ഹക്കീം ഫൈസി ആദൃശേരി പറഞ്ഞു.
സുന്നി ആശയാദര്‍ശങ്ങള്‍ക്കും സമസ്തയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കും വിരുദ്ധമായി പ്രചാരണം നടത്തിയെന്നാരോപിച്ച് ഹക്കീം ഫൈസിയെ സമസ്തയില്‍ നിന്ന് നേരത്തെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ ഹക്കീം ഫൈസിയുമായി സഹകരിക്കുകയോ പരിപാടികളില്‍ അദ്ദേഹത്തെ പങ്കെടുപ്പിക്കുകയോ ചെയ്യരുതെന്നും സമസ്തയുടെ നിര്‍ദേശമുണ്ടായിരുന്നു.