| Sunday, 4th February 2024, 11:20 am

13 വര്‍ഷങ്ങള്‍; ബഷീര്‍ മുതല്‍ വിവേകാനന്ദന്‍ വരെ വൈറലായ ഷൈന്‍ ടോം ചാക്കോ

വി. ജസ്‌ന

ചെറുപ്പം മുതല്‍ക്കേ സിനിമയും അഭിനയവും ഒരുപാടിഷ്ടമുള്ള ഒരാള്‍. എന്നാല്‍ അയാള്‍ ക്യാമറ കാണുന്നത് നാട്ടിലെ കല്യാണവീടുകളില്‍ പോകുമ്പോള്‍ മാത്രമാണ്. അങ്ങനെയുള്ള ഒരാള്‍ക്ക് അത്രയെളുപ്പം കടന്ന് ചെല്ലാന്‍ പറ്റുന്ന ഒരിടമല്ല സിനിമ.

അക്കാലത്ത്, പലപ്പോഴും സ്‌കൂള്‍ യുവജനോത്സവങ്ങളില്‍ നിന്നായിരുന്നു സിനിമയിലേക്ക് പുതുമുഖങ്ങളെ തെരഞ്ഞെടുത്തിരുന്നത്. അതുകൊണ്ട് തന്നെ അത്തരം മേളകളില്‍ സജീവമായി പങ്കെടുക്കാന്‍ അയാള്‍ തീരുമാനിക്കുന്നു.

ഒടുവില്‍ സിനിമയിലേക്കെത്താന്‍ മറ്റൊരു മാര്‍ഗം അയാള്‍ കണ്ടെത്തി. പ്ലസ് ടു പഠനത്തിന് ശേഷം സംവിധായകന്‍ കമലിനെ സമീപിച്ചു. കമലിനോട് തനിക്ക് അസിസ്റ്റ് ചെയ്യാനുള്ള താത്പര്യമറിയിക്കുന്നു. അങ്ങനെ നടനാകാനുള്ള ആഗ്രഹവുമായി അയാള്‍ കമലിനൊപ്പം സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

സഹസംവിധായകനായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച അയാള്‍ പിന്നീട് ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം കമലിന്റെ തന്നെ ഗദ്ദാമ എന്ന സിനിമയിലൂടെ തന്റെ അഭിനയ ജീവിതവും ആരംഭിച്ചു. അന്ന് ആ കഥാപാത്രത്തെ അവതരിപ്പിക്കാനായി മരുഭൂമിയില്‍ പോയിരുന്ന് ടാനായി വരാന്‍ പോലും അയാള്‍ തയ്യാറായി.

കമലിന് അതില്‍ ഏറെ അത്ഭുതം തോന്നി. തന്റെയടുത്ത് വരുമ്പോള്‍ അവന് ഒട്ടും പക്വതയുള്ളതായോ ഗൗരവമായി സിനിമയെ കണ്ടതായോ തോന്നിയിട്ടില്ല. ആ പ്രായത്തിലുള്ള ഒരാള്‍ക്ക് സിനിമയോടുണ്ടാകുന്ന കൗതുകമായിരുന്നു അയാളിലും കണ്ടത്. അങ്ങനെയെങ്കില്‍ ഇത്രനാള്‍ തന്റെ കൂടെ നിന്ന് അവന്‍ എല്ലാം നിരീക്ഷിക്കുകയാകണം.

അതിന് മുമ്പ് 2002ല്‍ കമലിന്റെ നമ്മള്‍ എന്ന സിനിമയില്‍ ഒരു ബസിലെ സീനില്‍ മുഖം കാണിക്കാന്‍ അയാള്‍ക്ക് സാധിച്ചിരുന്നു.

ഇന്ന് ഗദ്ദാമയെന്ന സിനിമ തിയേറ്ററിലെത്തിയിട്ട് പതിമൂന്ന് വര്‍ഷം പൂര്‍ത്തിയാകുന്നു. ഒപ്പം ഷൈന്‍ ടോം ചാക്കോയെ ബിഗ് സ്‌ക്രീനില്‍ കാണാന്‍ ആരംഭിച്ചിട്ടും പതിമൂന്ന് വര്‍ഷങ്ങള്‍.

സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹവുമായി കമലിന്റെ അടുത്തെത്തിയ ആ വ്യക്തി ഷൈന്‍ ആയിരുന്നു. ഇപ്പോള്‍ കമലിന്റെ തന്നെ ‘വിവേകാനന്ദന്‍ വൈറലാണ്’ എന്ന ചിത്രത്തിലൂടെ ഷൈന്‍ തന്റെ കരിയറിലെ നൂറാം സിനിമയെന്ന ഉയരത്തിലുമെത്തി.

ഈ വര്‍ഷങ്ങള്‍ക്കിടയില്‍ ഷൈനിന്റെ വിസ്മയിപ്പിക്കുന്ന പ്രകടനമായിരുന്നു നമ്മള്‍ കണ്ടത്. നായകനായും സഹനടനായും വില്ലനായും ഷൈന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു.

2011ല്‍ ആദ്യ സിനിമയായ ഗദ്ദാമയില്‍ ബഷീര്‍ എന്ന കഥാപാത്രമായെത്തി. പിന്നീട് ഒരുപാട് സിനിമകള്‍ മലയാളത്തിലും മറ്റ് അന്യ ഭാഷകളിലുമായി ചെയ്തു.


മലയാളത്തില്‍ എടുത്ത് പറയേണ്ടത് 2014ലില്‍ തിയേറ്ററിലെത്തിയ ഇതിഹാസയാണ്. ഒരു തുടക്കകാരനായ നടന്‍ ഒരിക്കലും ചെയ്യാന്‍ ധൈര്യം കാണിക്കാത്ത ഒരു കഥാപാത്രമായിരുന്നു ഇതിഹാസയിലെ ആല്‍വിയുടേത്.

ഇനിയുമുണ്ട് ഒരുപാട് ശ്രദ്ധേയമായ കഥാപാത്രങ്ങള്‍. കുമാരി, അന്നയും റസൂലും, ഇഷ്‌ക്, ഭീഷ്മ പര്‍വ്വം, ഉണ്ട, കമ്മട്ടിപാടം, കുറുപ്പ്, വര്‍ണ്യത്തില്‍ ആശങ്ക, കുരുതി, തല്ലുമാല, കൊറോണ പേപ്പേഴ്‌സ്, ലവ് അങ്ങനെ നിരവധി സിനിമകള്‍. മലയാളത്തിലെ ആദ്യ ടൈം ട്രാവല്‍ ചിത്രമായ ഹൂ (who) വിലും അഭിനയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

കീര്‍ത്തി സുരേഷും നാനിയും ഒന്നിച്ച ദസറ എന്ന സിനിമയിലൂടെ തെലുങ്കിലും വിജയ് ചിത്രമായ ബീസ്റ്റിലൂടെ തമിഴിലും ഷൈന്‍ തന്റെ അരങ്ങേറ്റം കുറിച്ചു. തമിഴില്‍ ജിഗര്‍തണ്ട ഡബിള്‍ എക്‌സ് എന്ന ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു.

13 വര്‍ഷങ്ങള്‍ കൊണ്ട് നൂറിലേറെ സിനിമകള്‍ ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചു. ബഷീര്‍ മുതല്‍ വിവേകാനന്ദന്‍ വരെ തന്റെ അഭിനയം കൊണ്ട് ഓരോ കഥാപാത്രങ്ങളെയും ഷൈന്‍ ടോം ചാക്കോ എന്ന നടന്‍ വൈറലാക്കിയിട്ടുണ്ട്.

Content Highlight: 13 Years Of Shine Tom Chacko

വി. ജസ്‌ന

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more