| Saturday, 22nd July 2023, 9:51 pm

13 വര്‍ഷങ്ങള്‍ക്കപ്പുറം ഇതേദിവസം, അയാള്‍ക്ക് വേണ്ടി ഇന്ത്യ തോല്‍ക്കണമെന്നാഗ്രഹിച്ച ഇന്ത്യന്‍ ആരാധകരുമുണ്ടായിരുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

2010 ജൂലൈ 22, ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഐതിഹാസികമായ ദിവസമായിരുന്നു അത്. ദേശ്ബന്ധു മുത്തയ്യ മുരളീധരന്‍ എന്ന അഞ്ചടി ഏഴിഞ്ചുകാരന്‍ ക്രിക്കറ്റിലെ ഗോട്ട് ആയി മാറിയ ദിവസം.

മുത്തയ്യയുടെ കരിയറിലെ അവസാന മത്സരമായിരുന്നു അത്. ഇതിന് പുറമെ ടെസ്റ്റ് ക്രിക്കറ്റില്‍ 800 വിക്കറ്റ് എന്ന ചരിത്രപരമായ നേട്ടം മുത്തയ്യ കൈപ്പിടിയിലൊതുക്കിയ ദിവസമെന്ന പ്രത്യേകതയും അതിനുണ്ടായിരുന്നു. ഇന്ത്യയുടെ ലങ്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റിലാണ് മുത്തയ്യ മുരളീധരന്‍ ചരിത്രത്തിലേക്ക് നടന്നുകയറിയത്.

2010 ജൂലൈ 18 മുതല്‍ 22 വരെ ഗല്ലെയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ടോസ് നേടിയ ലങ്ക ബാറ്റിങ് തെരഞ്ഞെടുത്തു. ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാരയുടെയും ഓപ്പണര്‍ തരംഗ പരണവിതാനയുടെയും സെഞ്ച്വറി കരുത്തില്‍ ലങ്ക 520ന് എട്ട് എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ പിഴച്ചു. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ ഗംഭീറിനെ നഷ്ടമായ ഇന്ത്യക്ക് ടീം സ്‌കോര്‍ 68ല്‍ നില്‍ക്കവെ ദ്രാവിഡിനെയും നഷ്ടമായി.

ടീം സ്‌കോര്‍ 101ല്‍ നില്‍ക്കവെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പുറത്തായതോടെ ലോകമൊന്നാകെ ഗല്ലെയിലേക്ക് ചുരുങ്ങി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന ഇതിഹാസത്തിന്റെ വിക്കറ്റ് കൊയ്തതോടെ മുരളീധരന്‍ സ്വപ്‌നനേട്ടത്തിലേക്ക് ഒരടി കൂടി വെച്ചു. മുത്തയ്യയുടെ കരിയറിലെ 793ാം വിക്കറ്റായാണ് സച്ചിന്‍ പവലിയനിലേക്ക് മടങ്ങിയത്.

ആ ഇന്നിങ്‌സില്‍ മുത്തയ്യ മാജിക്കില്‍ നാല് വിക്കറ്റുകള്‍ കൂടി വീണു. യുവരാജ് സിങ്, എം.എസ്. ധോണി, പ്രഗ്യാന്‍ ഓജ, അഭിമന്യു മിഥുന്‍ എന്നിവരാണ് മുത്തയ്യ മുരളീധരന് മുമ്പില്‍ വീണത്.

തന്റെ കരിയറിലെ അവസാന മത്സരത്തില്‍ ആര്‍ക്കുമെത്തിപ്പിടിക്കാന്‍ സാധിക്കാത്ത 67ാമത് ഫൈഫര്‍ എന്ന നേട്ടവും സ്വന്തമാക്കിയ മുത്തയ്യ ഇന്ത്യയെ ഫോളോ ഓണിനയച്ചു.

ലങ്കയുടെ 520 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് ആദ്യ ഇന്നിങ്‌സില്‍ 276 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഫോളോ ഓണിനിറങ്ങിയ ഇന്ത്യക്ക് രണ്ടാം ഇന്നിങ്‌സിലും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ഗംഭീറിനെ ബ്രോണ്‍സ് ഡക്കാക്കി ലസിത് മലിംഗ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു.

ഒരുവശത്ത് മലിംഗ വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ടിരുന്നപ്പോള്‍ ലങ്കന്‍ ആരാധകര്‍ക്ക് പോലും ആശങ്കയുയര്‍ന്നിരുന്നു. മുരളീധരന് വേണ്ടി ഇങ്ങേര്‍ വിക്കറ്റൊന്നും ബാക്കിവെക്കില്ലേ എന്നതായിരുന്നു അവരുടെ ആശങ്കക്ക് കാരണം.

എന്നാല്‍ യുവരാജ് സിങ്ങിനെ ജയവര്‍ധനെയുടെ കൈകളിലെത്തിച്ച് മടക്കിയപ്പോള്‍ ഗല്ലെ ആര്‍ത്തിരമ്പി. മുരളീധരന്റെ ടെസ്റ്റ് വിക്കറ്റ് നേട്ടത്തില്‍ 798ാമനായി യുവി പുറത്തായി.

പിന്നാലെ ഹര്‍ഭജനും പുറത്തായപ്പോള്‍ ആരാധകരുടെ നെഞ്ചിടിപ്പേറി. ചരിത്രം കുറിക്കാന്‍ മുരളീധരന് വേണ്ടിയിരുന്നത് വെറും ഒരു വിക്കറ്റ് മാത്രം. ക്രീസിലുള്ളതാകട്ടെ വെരി വെരി സ്‌പെഷ്യല്‍ എന്ന് വിശേഷണമുള്ള വി.വി.എസ്. ലക്ഷ്മണും അഭിമന്യു മിഥുനും.

എട്ടാം വിക്കറ്റായി അഭിമന്യു മിഥുന്‍ മലിംഗയോട് തോറ്റപ്പോള്‍, ലക്ഷ്മണ്‍ റണ്‍ ഔട്ടാവുകയും ചെയ്തു.

പ്രഗ്യാന്‍ ഓജ ക്രീസിലെത്തുമ്പോള്‍ കൂട്ടുണ്ടായിരുന്നത് ഇഷാന്ത് ശര്‍മയായിരുന്നു. ചെറുത്ത് നില്‍ക്കാവുന്നതിന്റെ അങ്ങേത്തലയ്ക്കല്‍ ഇരുവരും ക്രീസില്‍ തുടര്‍ന്നപ്പോള്‍ മുത്തയ്യയുടെ 800ാം വിക്കറ്റിനായി ഇന്ത്യന്‍ ആരാധകര്‍ പോലും ആഗ്രഹിച്ചിരുന്നു. അതിന് കാരണം ഒന്ന് മാത്രം, അയാളത് അര്‍ഹിച്ചിരുന്നു.

ഒടുവില്‍ 116ാം ഓവറിലെ നാലാം പന്തില്‍ ഓജ ജയവര്‍ധനെയുടെ കയ്യില്‍ ഒതുങ്ങുമ്പോള്‍ മുരളീധരന്റെ പേരിന് നേരെ 800 ടെസ്റ്റ് വിക്കറ്റുകള്‍ എന്നെഴുതിക്കാണിച്ചു.

രണ്ടാം ഇന്നിങ്‌സില്‍ 95 റണ്‍സിന്റെ വിജയലക്ഷ്യം ലങ്കന്‍ ബാറ്റര്‍മാര്‍ മുരളീധരന് വേണ്ടി ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടാതെ മറികടന്നു. അവസാന ടെസ്റ്റില്‍ പത്ത് വിക്കറ്റിന്റെ വിജയവുമായി മുരളി 22 യാര്‍ഡ് പിച്ചില്‍ നിന്നും പടിയിറങ്ങി.

അദ്ദേഹത്തിന്റെ എണ്ണൂറാം വിക്കറ്റ് നേട്ടത്തിന് ഇന്നേക്ക് 13 വയസ് തികയുകയാണ്. അതിന് മുമ്പും ശേഷവും പലരുമുണ്ടായെങ്കിലും മുരളീധരനോളം ആരുമെത്തിയില്ല. ക്രിക്കറ്റില്‍ ഗോട്ട് എന്ന് വിശേഷിപ്പിക്കുന്ന പലരുടെയും റെക്കോഡുകള്‍ തകരുമെന്നും തകര്‍ക്കുമെന്നുമുള്ള ചര്‍ച്ചകള്‍ സജീവമാകുമ്പോഴും മുരളീധരന്റെ പേര് അക്കൂട്ടത്തില്‍ ഒരിക്കലും ചര്‍ച്ചയുടെ ഭാഗമാകാറില്ല. കാരണം ആ റെക്കോഡ് തകരില്ല എന്ന് ഉറപ്പ് തന്നെയാണ്. അയാൾ തന്നെയാണ് ക്രിക്കറ്റിലെ യഥാര്‍ത്ഥ ഗോട്ട്.

Content Highlight: 13 years of Muttiah Muralitharan’s 800th test wicket

Latest Stories

We use cookies to give you the best possible experience. Learn more