Kerala News
മലപ്പുറത്ത് പതിമൂന്നുകാരന്‍ H1N1 ബാധിച്ച് മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jun 22, 02:34 pm
Thursday, 22nd June 2023, 8:04 pm

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് പതിമൂന്നുകാരന്‍ മരിച്ചത് എച്ച്1എന്‍1 ബാധിച്ചെന്ന് റിപ്പോര്‍ട്ട്. കുറ്റിപ്പുറം സ്വദേശി ഗോകുല്‍ ദാസാണ് മരിച്ചത്. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഈ മാസം 19നായിരുന്നു ഗോകുലിനെ പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് മരണകാരണം എച്ച്1 എന്‍1 ആണെന്ന് സ്ഥിരീകരിച്ചത്. സമീപകാലത്ത് മലപ്പുറത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ എച്ച്1എന്‍1 മരണമാണിത്.

അതേസമയം സംസ്ഥാനത്ത് വൈറല്‍ പനി, ഡെങ്കിപ്പനി, എലിപ്പനി എന്നിവ വ്യാപിക്കുന്നുണ്ട്. വ്യാഴാഴ്ച തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. കൊല്ലത്ത് ഡെങ്കിപ്പനി ബാധിച്ചും ഒരാള്‍ മരണപ്പെട്ടു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മലപ്പുറത്താണ്. പനി ബാധിച്ചാല്‍ ഉടന്‍ തന്നെ വിദഗ്ധ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് പനി പടരുന്ന സാഹചര്യത്തില്‍ ഓരോ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെയും പരിധിയിലുള്ള വാര്‍ഡുകള്‍ സമ്പൂര്‍ണ പകര്‍ച്ചവ്യാധി മുക്തമാക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ പകര്‍ച്ചപ്പനി പ്രതിരോധത്തില്‍ പങ്കെടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Content Highlight: 13 Year old student died due to H1N1 in malappuram