ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 13 വയസുകാരിയെ ക്രൂരമായി ബലാത്സംഗത്തിനിരായാക്കിയ ശേഷം കൊലപ്പെടുത്തി. യു.പിയിലെ ലഖിംപൂര്‍ ഖേരിയിലെ കരിമ്പിന്‍ തോട്ടത്തിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
പെണ്‍കുട്ടിയെ ക്രൂര പീഡനത്തിനിരയാക്കിയ ശേഷം ഷാളുപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. കുട്ടിയുടെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്.
പീഡനത്തിന് ശേഷം പെണ്‍കുട്ടിയുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തിട്ടുണ്ടെന്നും നാവ് മുറിച്ചിട്ടുണ്ടെന്നും കുട്ടിയുടെ കുടുംബം ആരോപിച്ചു.
ലക്‌നൗവില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെ നേപ്പാള്‍ അതിര്‍ത്തിയിലാണ് പീഡനം നടന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ കാണാനില്ലെന്ന് പരാതി നല്‍കി. തുടര്‍ന്നുള്ള പരിശോധനയിലാണ് ഇന്നലെ രാത്രിയോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കേസില്‍ ഗ്രാമവാസികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ ആഴ്ചയാണ് യു.പിയിലെ ഹാപ്പൂരില്‍ ആറു വയസ്സുകാരി ക്രൂര ബലാത്സംഗത്തിന് ഇരയായത്. അബോധാവസ്ഥയില്‍ വഴിയിലുപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം യു.പിയില്‍ ക്രമസമാധാനം പൂര്‍ണ്ണമായി തകര്‍ന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ബി.ജെ.പിയും സമാജ് വാദി പാര്‍ട്ടിയും തമ്മില്‍ യാതൊരു വ്യത്യാസമില്ലെന്നും സംഭവം തീര്‍ത്തും ലജ്ജാകരമാണെന്നും ബി.എസ്.പി നേതാവ് മായാവതി പറഞ്ഞു.
അതേസമയം രാജ്യത്ത് ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് ദളിത് പീഡനങ്ങള്‍ വര്‍ധിക്കുകയാണെന്ന് ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. തങ്ങളുടെ പെണ്‍കുട്ടികളും അവര്‍ താമസിക്കുന്ന സ്വന്തം വീടുപോലും സുരക്ഷിതമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.