'ബാധയൊഴിപ്പിക്കല്‍'; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വായില്‍ തീക്കനല്‍ കൊണ്ട് കുത്തി; ആള്‍ദൈവം അറസ്റ്റില്‍
national news
'ബാധയൊഴിപ്പിക്കല്‍'; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വായില്‍ തീക്കനല്‍ കൊണ്ട് കുത്തി; ആള്‍ദൈവം അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th March 2023, 8:11 pm

റായ്പൂര്‍: ബാധയെഴിപ്പിക്കാനെന്ന പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വായ തീക്കനല്‍ കൊണ്ട് പൊള്ളിച്ച കേസില്‍ ആള്‍ദൈവം അറസ്റ്റില്‍. കുട്ടിയെ കത്തുന്ന മരത്തടിയുപയോഗിച്ച് മര്‍ദ്ദിച്ചെന്നും പരാതിയുണ്ട്. ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണ്.

കേസില്‍ മഹാസമുന്ദ് ജില്ലയിലെ സ്വയം പ്രഖ്യാപിത ആള്‍ദൈവം രമേശ് താക്കൂറിനെ അറസ്റ്റ് ചെയ്തതായി ഛത്തീസ്ഗഢ് പൊലീസ് മേധാവി അറിയിച്ചു. ഇയാളുടെ സഹായികളായ മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആശ്രമത്തിലെ ജോലിക്കാരായ നരേഷ് പട്ടേല്‍, ബജ്‌റാം സാഹു, രാകേഷ് ദിവാന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ കൊലപാതകക്കുറ്റം, തെളിവ് നശിപ്പിക്കല്‍, സംഘം ചേര്‍ന്ന് ആക്രമിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

അബന്‍പുര്‍ നിവാസിയായ പെണ്‍കുട്ടിയെ മാനസിക വിഭ്രാന്തി ആരോപിച്ച് സഹോദരനാണ് ആശ്രമത്തിലെത്തിക്കുന്നത്. ആശ്രമത്തിലെ ഭക്ഷണത്തില്‍ വിഷം കലര്‍ത്താന്‍ ശ്രമിച്ചെന്നാരോപിച്ചാണ് കുട്ടിക്ക് നേരെ ആക്രമണമുണ്ടായത്.

ആശ്രമത്തിലെ സഹായികളായ മൂന്ന് പേര്‍ ചേര്‍ന്ന് കത്തുന്ന വിറകുപയോഗിച്ച് കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു. ശേഷം ഇവര്‍ ചേര്‍ന്ന് കുട്ടിയുടെ വായ കത്തുന്ന വിറക് കൊള്ളി കൊണ്ട് പൊള്ളിക്കുകയും ചെയ്തു. ഫെബ്രുവരി 24ന് നടന്ന സംഭവം ഇപ്പോഴാണ് പുറംലോകമറിയുന്നത്.

മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം സ്വകാര്യ ഹോസ്പിറ്റലിലെത്തിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് റായ്പൂരിലുള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ആശ്രമത്തില്‍ മുമ്പും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. ആത്മീയതയുടെ മറവില്‍ ക്രൂരമായ അതിക്രമങ്ങള്‍ക്ക് ആശ്രമത്തിലെ അന്തേവാസികള്‍ ഇരയാകുന്നുണ്ടെന്നാണ് മഹാസമുന്ദ് പൊലീസിന്റെ കണ്ടെത്തല്‍.

സമാന സാഹചര്യത്തില്‍ കൊല്ലപ്പെട്ട മറ്റൊരു പെണ്‍കുട്ടിയെ കുറിച്ചുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചെന്നാണ് സൂചന. കൃത്യം നടന്ന സമയത്ത് ആള്‍ദൈവം രമേശും അവരുടെ ഭാര്യയും സംഭവ സ്ഥലത്തുണ്ടായിരുന്നതായാണ് വിവരം.

കേസില്‍ വിശദമായ അന്വേഷണത്തിന് ഛത്തീസ്ഗഢ് പൊലീസ് മേധാവി ഉത്തരവിട്ടിട്ടുണ്ട്.

Content Highlight: 13 year old girl brutally tortured by god man