| Friday, 6th September 2024, 9:37 pm

ബീഹാർ; സ്വകാര്യ സ്‌കൂൾ ഹോസ്റ്റലിൽ 13 വയസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്ന: ബീഹാറിലെ കതിഹാറിലെ ഒരു സ്വകാര്യ സ്കൂൾ ഹോസ്റ്റലിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ കുളിമുറിക്ക് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവം ആത്മഹത്യയെന്ന് സ്കൂൾ അധികൃതർ ആരോപിച്ചെങ്കിലും കുട്ടിയുടെ മരണം കൊലപാതകമെന്ന് രക്ഷിതാക്കൾ പറഞ്ഞു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്. ബീഹാറിലെ മാൻസാഹി പൊലീസ് സ്റ്റേഷന് കീഴിലുള്ള സ്വകാര്യ സ്കൂൾ ഹോസ്റ്റലിലാണ് സംഭവം നടന്നത്.

മണിഹാരി പൊലീസ് സ്‌റ്റേഷന് കീഴിലുള്ള ദിലാർപൂർ ഗ്രാമവാസിയായ 13 വയസുകാരൻ സ്‌കൂൾ ഹോസ്റ്റലിൽ മൂന്ന് വർഷമായി താമസിച്ചു വരികയായിരുന്നു. കുട്ടിയുടെ പിതാവ് തമിഴ്‌നാട്ടിലെ സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. കുട്ടിയുടെ മരണത്തിന് പിന്നിൽ ഹോസ്റ്റൽ അധികൃതരും കരണമാകാമെന്ന് അടുത്ത ബന്ധു സിംഗേശ്വര് മണ്ഡല് ആരോപിച്ചു.

‘കേസ് വഴിതിരിച്ചുവിടാൻ അവർ അവനെ തല്ലിക്കൊന്നു. പിന്നീട് കെട്ടിത്തൂക്കുകയായിരുന്നു,’ അദ്ദേഹം ആരോപിച്ചു. കുട്ടി 200 രൂപ മോഷ്ടിച്ചെന്ന ആരോപിച്ച് ഹോസ്റ്റൽ അഡ്മിനിസ്ട്രേഷൻ കുട്ടിയെ അപമാനിച്ചെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കുട്ടിയെ അപമാനിക്കരുതെന്ന് പറഞ്ഞ വീട്ടുകാർ പണം നൽകുകയായിരുന്നു.

പണം മോഷ്ടിച്ചെന്നുള്ള കുറ്റാരോപണം അവൻ താങ്ങാൻ സാധിച്ചിട്ടുണ്ടാകില്ല. കുറ്റാരോപിതർക്കെതിരെ കർശന നടപടി എടുക്കണമെന്ന് കുട്ടിയുടെ ബന്ധു ആവശ്യപ്പെട്ടു. പ്രഥമ ദൃഷ്ട്യാ ഇത് ആത്മഹത്യയാണെന്നും മറ്റ് വിവരങ്ങൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ പറയാൻ സാധിക്കു എന്നും സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ) അലോക് റോയ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: 13-year-old Class 5 boy found hanging in a private school hostel at Katihar in Bihar

We use cookies to give you the best possible experience. Learn more