ന്യൂദല്‍ഹി: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി ഉത്തര്‍പ്രദേശില്‍ ബി.എസ്.പി- എസ്.പി സഖ്യമുണ്ടാക്കിയതിന് പിന്നാലെ കടുത്ത തീരുമാനവുമായി കോണ്‍ഗ്രസ്. യുപിയിലെ 80 മണ്ഡലങ്ങളിലും തനിച്ച് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.
കര്‍ഷകരുടെ പ്രശ്‌നങ്ങളും കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധികളും ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് പ്രചരണം നടത്താന്‍ പദ്ധതിയിടുന്നതെന്നും കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.
യു.എ.ഇ സന്ദര്‍ശം കഴിഞ്ഞ് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരിച്ചെത്തിയ ഉടന്‍ യു.പി കേന്ദ്രീകരിച്ച് റാലികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിഎസ്പിയും എസ്പിയുമായി കോണ്‍ഗ്രസ് സഖ്യത്തിനു ശ്രമിക്കുന്നതിനിടെയാണ് വെള്ളിയാഴ്ച ഇരു പാര്‍ട്ടികളും സഖ്യപ്രഖ്യാപനം നടത്തിയത്. ഇരുപാര്‍ട്ടികളും 38 വീതം സീറ്റുകളില്‍ മത്സരിക്കുമെന്നും വ്യക്തമാക്കിയിരുന്നു
വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ശക്തമായ പോരാട്ടം നടത്തുമെന്നും ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സ്വന്തം നിലക്ക് മത്സരിക്കുമെന്നും കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണമടക്കം പറഞ്ഞുകൊണ്ട് കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയത്.
ഓരോ സംസ്ഥാനത്തും വ്യത്യസ്തമായ സാഹചര്യമാണുള്ളതെന്നും സാധ്യമായ സ്ഥലത്തെല്ലാം സഖ്യമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സ്വന്തം നിലക്ക് മത്സരിക്കും. പാര്‍ട്ടിയുടെ രാഷ്ട്രീയം ഉയര്‍ത്തി പിടിച്ച് പോരാടും. തെരഞ്ഞെടുപ്പിനെ ശക്തമായി നേരിടും. എസ്.പി ബി.എസ്.പി സഖ്യം തിരിച്ചടിയല്ല. അവര്‍ എസ്.പിയും ബി.എസ്.പിയും കോണ്‍ഗ്രസിനോട് ആശയപൊരുത്തമുള്ള പാര്‍ട്ടികളാണെന്നും രാഹുല്‍ ദുബായില്‍ പറഞ്ഞിരുന്നു.