| Saturday, 8th July 2023, 5:02 pm

ബംഗാളില്‍ തെരഞ്ഞെടുപ്പിനിടെ സ്ഥാനാര്‍ത്ഥിയുടെ മകളെ വെടിവെച്ചു; നടന്നത് 13 രാഷ്ട്രീയ കൊലപാതകങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനിടെ പശ്ചിമ ബംഗാളിലെ ഹൂഗ്ലിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ മകള്‍ക്ക് നേരെ വെടിയുതിര്‍ത്തു. താരകേശ്വരില്‍ നടന്ന സംഭവത്തിന് പിന്നില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരാണെന്നാണ് ആരോപണമുയരുന്നത്.

ആരോപണം തൃണമൂല്‍ കോണ്‍ഗ്രസ് നിഷേധിച്ചതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. ഗുരുതരമായി പരിക്കേറ്റ 20കാരിയായ ചന്ദന സിങ്ങിനെ കൊല്‍ക്കത്ത മെഡിക്കല്‍ കോളേജിലെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഒരു സംഘം അക്രമികള്‍ തന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി തോക്കുകൊണ്ട് അടിച്ചെന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ പിന്റു സിങ് മാധ്യമങ്ങളോട് പറഞ്ഞു. ഇതിന് ശേഷമാണ് അക്രമികളില്‍ ഒരാള്‍ മകളുടെ നെറ്റിയില്‍ വെടിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.

സംഭവസ്ഥലത്ത് നിന്ന് ബുള്ളറ്റ് ഷെല്ലുകളും ബോംബുകളും കണ്ടെടുത്തെന്നും പൊലീസിനെ വിവരമറിയിച്ചിട്ടും ഉടനടി നടപടിയെടുക്കാന്‍ തയ്യാറായില്ലെന്നും അയല്‍വാസികള്‍ ഇന്ത്യ ടുഡെയോട് പറഞ്ഞു. തൃണമൂല്‍ പ്രവര്‍ത്തകനായ പിന്റു സിങ്ങിന് പാര്‍ട്ടി സീറ്റ് നല്‍കാത്തതിനെ തുടര്‍ന്നാണ് അദ്ദേഹം സ്വതന്ത്രനായി മത്സരിച്ചത്.

അതേസമയം, ശനിയാഴ്ച പശ്ചിമ ബംഗാളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചതിന് പിന്നാലെ 13 പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.

കൊല്ലപ്പെട്ടവരില്‍ എട്ട് പേര്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. മൂന്ന് സി.പി.ഐ.എം പ്രവര്‍ത്തകരും ഓരോ ബി.ജെ.പി, കോണ്‍ഗ്രസ് പ്രവര്‍ത്തകരും വിവിധ അക്രമസംഭവങ്ങളില്‍ കൊല്ലപ്പെട്ടു.

മുര്‍ഷിദാബാദില്‍ മാത്രം നാല് രാഷ്ട്രീയ കൊലപാതകങ്ങളാണ് ഇന്ന് നടന്നത്. മൂന്ന് തൃണമൂല്‍ പ്രവര്‍ത്തകരും ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനുമാണ് കൊല്ലപ്പെട്ടത്. കൂച്ച് ബിഹാറില്‍ ബി.ജെ.പി, തൃണമൂല്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.

ഈസ്റ്റ് ബര്‍ദ്വാനില്‍ ഉണ്ടായ അക്രമ സംഭവങ്ങളില്‍ രണ്ട് സി.പി.ഐ.എമ്മുകാരും, ഒരു തൃണമൂല്‍ പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. മാല്‍ഡ, സൗത്ത് 24 പര്‍ഗനാസ് എന്നിവിടങ്ങളിലും ഓരോ തൃണമൂല്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.

Content Highlights: 13 political murders during Bengal election, candidates’s daughter was shot on head

We use cookies to give you the best possible experience. Learn more