ഡോക്ടര്‍മാര്‍ സമരത്തില്‍; പാട്‌നയില്‍ ചികിത്സ കിട്ടാതെ മരിച്ചത് 15 രോഗികള്‍
Daily News
ഡോക്ടര്‍മാര്‍ സമരത്തില്‍; പാട്‌നയില്‍ ചികിത്സ കിട്ടാതെ മരിച്ചത് 15 രോഗികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th November 2017, 7:14 pm

പാട്ന: ജൂനിയര്‍ ഡോക്ടര്‍ സമരത്തിന് ഇറങ്ങിയതോടെ പാട്‌നയില്‍ ചികിത്സ കിട്ടാതെ 15 രോഗികള്‍ മരിച്ചു. പാട്‌നയിലെ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലിലാണ് സംഭവം. വ്യാഴാഴ്ച്ച രാത്രിയോടെ അഞ്ഞൂറോളം ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങിയിരുന്നു.

കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ മരിച്ച രോഗിയുടെ ബന്ധുക്കള്‍ ഡോക്ടര്‍മാരെ മര്‍ദ്ദിച്ചതിന് പിന്നാലെയാണ് സമരം ആരംഭിച്ചത്. ആക്രമിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നുമാണ് സമരക്കാരുടെ ആവശ്യം.


Also Read: ‘അമ്മ വിളിച്ചു, അവന്‍ മടങ്ങിയെത്തി’; ലഷ്‌കര്‍ ഇ തൊയ്ബയില്‍ ചേര്‍ന്ന കശ്മീരി ഫുട്‌ബോളര്‍ കീഴടങ്ങി


തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന 15 രോഗികള്‍ ചികിത്സ ലഭിക്കാത്തതു മൂലം മരിച്ചതായി ആശുപത്രി അധികൃതരെ ഉദ്ധരിച്ച് ഐ.എ.എന്‍.എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സമരത്തെ തുടര്‍ന്ന് ഇതുവരെ 36 ശസ്ത്രക്രിയകളാണ് മാറ്റിവച്ചിട്ടുള്ളത്.

സമരം നിരവധി രോഗികളെ ദുരിതത്തിലാക്കിയെന്നും സ്വകാര്യ ആശുപത്രിയിലേക്കും നഴ്സിങ് ഹോമുകളിലേക്കും ചികിത്സ തേടിപ്പോകാന്‍ നിരവധി രോഗികള്‍ നിര്‍ബന്ധിതരായെന്നും അധികൃതര്‍ പറയുന്നു.

അതേസമയം, അത്യാഹിത വിഭാഗങ്ങളില്‍ സീനിയര്‍ ഡോക്ടര്‍മാരെ നിയോഗിച്ചിട്ടുള്ളതായി പി.എം.സി.എച്ച് ആക്ടിങ് പ്രിന്‍സിപ്പല്‍ വി കെ ഗുപ്ത അറിയിച്ചു.