മുംബൈ: മുംബൈ തീരത്ത് ബുധനാഴ്ച 110 പേരുമായി പോയ ബോട്ട് നാവികസേനയുടെ സ്പീഡ് ബോട്ടിൽ ഇടിച്ച് മറിഞ്ഞ് മൂന്ന് നാവികസേനാംഗങ്ങളും 10 സാധാരണക്കാരും ഉൾപ്പെടെ 13 പേർ മരിച്ചു. രക്ഷപ്പെടുത്തിയ 108 പേരിൽ നാല് പേരുടെ നില ഗുരുതരമാണ്, പലർക്കും വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.
മുംബൈക്കടുത്തുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ എലിഫൻ്റ ഐലൻഡിൽ നിന്ന് ഗേറ്റ്‌വേ ഓഫ് ഇന്ത്യയിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന നീലകമൽ എന്ന ബോട്ടിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട നേവിയുടെ സ്പീഡ് ബോട്ടിൽ ഇടിക്കുകയായിരുന്നു.
80 പേർക്ക് യാത്ര ചെയ്യാവുന്ന ബോട്ടിൽ അഞ്ചു ജീവനക്കാർ ഉൾപ്പെടെ 110 പേരാണ് യാത്ര ചെയ്തത്. 97 പേരെ രക്ഷിച്ചു. ബോട്ടില്‍ നിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപയുടെ നഷ്ടപരിഹാരം പ്രഖ്യാപിച്ച മുഖ്യമന്ത്രി ബോട്ട് ഉടമയ്ക്കെതിരെ കേസെടുക്കുമെന്ന് അറിയിച്ചു.
11 നേവി ബോട്ടുകളും മറൈൻ പൊലീസിന്റെ മൂന്ന് ബോട്ടുകളും കോസ്റ്റ് ഗാർഡിൻ്റെ ഒരു ബോട്ടും പ്രദേശത്ത് തിരച്ചിൽ നടത്തുന്നുണ്ട്.