ഇസ്‌ലാമാബാദ്: പാകിസ്ഥാനില്‍ പ്രളയം കൂടുതല്‍ ദുരിതം വിതക്കുന്നതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച സിന്ധ് പ്രവിശ്യയിലെ സിന്ധു നദിയില്‍ 25 വെള്ളപ്പൊക്കബാധിതരുമായി പോയ ബോട്ട് മറിഞ്ഞ് 13 പേര്‍ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തതായി പാക് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിന്ധിലെ സെഹ്വാന്‍ നഗരത്തിലെ ബിലാവല്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം.
വെള്ളപ്പൊക്കത്തില്‍പ്പെട്ടവരെ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകവെയായിരുന്നു ബോട്ട് മറിഞ്ഞത്. സംഘത്തിലെ എട്ട് പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സ്വാത് മേഖലയിലെ വെള്ളപ്പൊക്കത്തില്‍ 24 പാലങ്ങളും 50 ഹോട്ടലുകളും ഒലിച്ചുപോയതായി റിപ്പോര്‍ട്ടുകളുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്.
ഇതുവരെ 3.3 കോടി ആളുകളെയെങ്കിലും പ്രളയം ബാധിച്ചതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 10 ബില്യണ്‍ ഡോളറലധികം നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബലൂചിസ്ഥാന്‍, സിന്ധ് പ്രവിശ്യകളെയാണ് മഴ ഏറ്റവും പ്രതികൂലമായി ബാധിച്ചത്.
രണ്ട് ലക്ഷത്തി ഇരുപതിനായിരത്തോളം വീടുകള്‍ തകര്‍ന്നു എന്നാണ് കണക്ക്. മഴക്കെടുതിയില്‍ 400 കോടി ഡോളറിന്റെ കാര്‍ഷിക നഷ്ടം കണക്കാക്കുന്നു. അതിനിടയില്‍ പ്രളയക്കെടുതികള്‍ നേരിടാന്‍ പാകിസ്ഥാന്‍ രാജ്യാന്തര സമൂഹത്തിന്റെ സഹായം അഭ്യര്‍ത്ഥിച്ചിരുക്കുകയാണ്.
നാശനഷ്ടങ്ങളുടെ തോത് വര്‍ധിച്ചതോടെ സര്‍ക്കാര്‍ പ്രളയത്തെ ദേശീയ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു. 2010ലും സമാനമായ രീതിയില്‍ പാകിസ്ഥാനെ വലിയ പ്രളയം ബാധിച്ചിരുന്നു.
Content Highlights: 13 died when the boat carrying the victims capsized; Floods wreak havoc in Pakistan