സുപ്രീംകോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ താല്‍പ്പര്യമുള്ള കമ്പനികളില്‍നിന്നും നഗരസഭ അപേക്ഷ ക്ഷണിച്ചത്. ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ള കമ്പനികളാണ് അപേക്ഷ സമര്‍പ്പിച്ചത്.
ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ അടിസ്ഥാന ചെലവായി കണക്കാക്കിയിട്ടുള്ളത് 30 കോടി രൂപയാണ്. വിദഗ്ധസംഘത്തെ നിയോഗിച്ച് കമ്പനികളുടെ കാര്യക്ഷമത പരിശോധിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടും. കൂടാതെ 30 കോടി രൂപയെന്ന ഭീമമായ തുക നഗരസഭയ്ക്ക് താങ്ങാനാകില്ലെന്നും സര്‍ക്കാരിനെ അറിയിക്കും.
അതേസമയം, ഫ്‌ളാറ്റ് വിഷയത്തില്‍ കേരള എം.പിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തില്‍ ടി.എന്‍ പ്രതാപന്‍, എന്‍.കെ പ്രേമചന്ദ്രന്‍, രാഹുല്‍ ഗാന്ധി എന്നിവര്‍ ഒപ്പിട്ടിരുന്നില്ല.
മരട് വിഷയവുമായി ബന്ധപ്പെട്ട് വ്യത്യസ്ത നിലപാടുള്ളതിനാലാണ് പ്രതാപനും പ്രേമചന്ദ്രനും കത്തില്‍ ഒപ്പുവയ്ക്കാതിരുന്നത്. എന്നാല്‍ സ്ഥലത്തില്ലാത്തതിനാലാണ് ഒപ്പിടാതിരുന്നതെന്നാണ് രാഹുല്‍ ഗാന്ധിയുടെ വിശദീകരണം.
350-ഓളം കുടുംബങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടാണ് കേരളത്തിലെ 17 എം.പിമാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്. മനുഷ്യത്വപരമായ സമീപനം മരട് വിഷയത്തില്‍ വേണമെന്നും എം.പിമാര്‍ കത്തിലൂടെ ആവശ്യപ്പെട്ടു.