ന്യൂദല്‍ഹി: ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധി രൂപത്തിനു നേരെ പ്രതീകാത്മകമായി വെടിയുതിര്‍ത്ത ഹിന്ദു മഹാസഭ നേതാക്കള്‍ക്കെതിരെ കേസ്. ഗാന്ധി രൂപത്തിനു നേരെ വെടിയുതിര്‍ത്ത ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയടക്കം 13 പേര്‍ക്കെതിരെ കേസെടുത്തതായി അലിഗഡ് സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് പറഞ്ഞതായി സ്‌ക്രോള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. എന്നാല്‍ ഇവരെ ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല.
ഗാന്ധിയുടെ കോലത്തിനു നേരെ വെടിയുതിര്‍ത്തതിനു പിന്നാലെ ഹിന്ദു മഹാസഭ നേതാവും ഗാന്ധിയുടെ ഘാതകനുമായ നാഥൂറാം വിനായക് ഗോഡ്സെയുടെ പ്രതിമയില്‍ ഇവര്‍ ഹാരാര്‍പ്പണം നടത്തിയിരുന്നു. നാഥുറാം ഗോഡ്‌സെയ്ക്ക് മുമ്പ് ജനിച്ചിരുന്നെങ്കില്‍ മഹാത്മാ ഗാന്ധിജിയെ സ്വന്തം കൈകൊണ്ട് വെടിവെച്ചു കൊല്ലുമായിരുന്നെന്ന പൂജ ശകുന്‍ പാണ്ഡെയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു.
Also Read ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധികോലത്തിലേക്ക് വെടിയുതിര്‍ത്ത് ഹിന്ദു മഹാസഭ നേതാവ്
അലിഗഢില്‍ നടത്തിയ പ്രസംഗത്തിലാണ് ഗണിത പ്രൊഫസറും സംഘടനയുടെ നേതാവുമായ പൂജ വിദ്വേഷ പ്രസംഗം നടത്തിയത്. രാജ്യത്ത് ഇനി ആരെങ്കിലും മഹാത്മാഗാന്ധിയെ പോലെ ആവാന്‍ ശ്രമിക്കുകയാണെങ്കില്‍ അവരെ താന്‍ വെടിവെച്ചു കൊല്ലുമെന്നും പൂഡ പാണ്ഡെ പറഞ്ഞിരുന്നു.
ഗാന്ധിജിയെ രാഷ്ട്രപിതാവെന്ന് വിളിക്കരുത്. വിഭജനസമയത്ത് നിരവധി ഹിന്ദുക്കളുടെ മരണത്തിന് കാരണക്കാരനായ ഗാന്ധിജിയെ ആ പേര് വിളിക്കുന്നത് അവസാനിപ്പിക്കണമെന്നും പൂജ ശകുന്‍ പാണ്ഡെ അന്ന് ആവശ്യപ്പെട്ടിരുന്നു.
1948 ജനുവരി 30ന് ദല്‍ഹിയിലെ ബിര്‍ള മന്ദിരത്തിലെ പ്രാര്‍ഥനാ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഗാന്ധിജിയെ ഹിന്ദു മഹാസഭ പ്രവര്‍ത്തകനായ നാഥുറാം ഗോദ്‌സെ വെടിവെച്ചാണ് കൊലപ്പെടുത്തിയത്. 1949 നവംബര്‍ 15ന് വിചാരണക്ക് ശേഷം ഗോദ്‌സെയെ തൂക്കിലേറ്റി.