ന്യൂദല്‍ഹി: നിയമസഭാ തെരെഞ്ഞെടുപ്പ് വോട്ടിങ് പുരോഗമിക്കുന്ന ത്രിപുരയില്‍ ആദ്യ ഘട്ടം കഴിഞ്ഞപ്പോള്‍ 13.7 ശതമാനം വോട്ട് രേഖപ്പെടുത്തിയിരിക്കുകയാണ്. ബി.ജെ.പി- ഐ.പി.എഫ്.ടി (ഇന്‍ഡിജീനിയസ് പീപ്പിള്‍ ഫ്രണ്ട് ഓഫ് ത്രിപുര) സഖ്യത്തിനും സി.പി.ഐ.എം- കോണ്‍ഗ്രസ് സംഖ്യത്തിനും പുറമേ പ്രാദേശിക പാര്‍ട്ടിയായ തിപ്ര മോതയും ചേര്‍ന്നതോടെ ത്രികോണ മത്സരത്തിനാണ് ഇത്തവണ ത്രിപുര സാക്ഷ്യം വഹിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ട പുതിയ കണക്കുകള്‍ പ്രകാരം വെസ്റ്റ് ത്രിപുരയില്‍ രാവിലെ ഒമ്പത് മണി വരെ 14.56 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. ധലായ് 13.62 ശതമാനം, ഗോമതി 12.99 ശതമാനം, ഖോവായ് 13.08 ശതമാനം, നോര്‍ത്ത് ത്രിപുര 12.79 ശതമാനം, സെപാഹിജാല 13.61 ശതമാനം, ഉനകോട്ടി 13.34 ശതമാനം, ദക്ഷിണ ത്രിപുര 14.34 ശതമാനം എന്നിങ്ങനെയാണ് വോട്ടിങ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനിടയില്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തും വോട്ടര്‍മാരെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞുവെന്നും മര്‍ദിച്ചെന്നും സി.പി.ഐ.എം ആരോപിച്ചു.
സമാധാനത്തിനും പുരോഗതിക്കും വോട്ട് ചെയ്യണമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞത്. മാറ്റത്തിനായി ത്രിപുരയിലെ ജനങ്ങള്‍ ഒറ്റക്കെട്ടാണെന്നും ഭയമില്ലാതെ വോട്ട് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ത്രിപുരയില്‍ ബി.ജെ.പി. ഭരണം നിലനിര്‍ത്തുമെന്നും സി.പി.ഐ.എം- കോണ്‍ഗ്രസ് പാര്‍ട്ടികളുടേത് അവിശുദ്ധ കൂട്ടുകെട്ടാണെന്നും മുഖ്യമന്ത്രി മണിക് സാഹ പ്രതികരിച്ചിരുന്നു. അവിശുദ്ധ കൂട്ടുകെട്ടില്‍ ഏര്‍പ്പെട്ടവര്‍ സമാധാനം പാലിക്കണമെന്നും മനസമാധാനപരമായ വോട്ടടുപ്പാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ടൗണ്‍ ബോര്‍ദോവാലിയിലെ പതിനാറാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം പറഞ്ഞു.
അറുപത് സീറ്റുകളിലേക്കാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടിങ്ങിനായി 3,327 പോളിംഗ് സ്റ്റേഷനുകള്‍ ഒരുക്കിയിട്ടുണ്ട്. 28 ലക്ഷത്തോളം വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്.
Content Highlight: 13.7 percent polling in Tripura in the first phase