ന്യൂദല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഐ.ഐ.ടി, ഐ.ഐ.എം, കേന്ദ്ര സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ നിന്ന് 13,600 ഓളം പിന്നോക്ക വിദ്യാര്‍ത്ഥികള്‍ കോഴ്‌സ് ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ക്യാമ്പസുകളില്‍ പിന്നോക്ക ജാതിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ജാതിവിവേചനം നേരിടുന്നതായുള്ള തുറന്ന് പറച്ചിലുകള്‍ക്ക് പിന്നാലെയാണ് കണക്കുകള്‍ പുറത്ത് വരുന്നത്.
ബഹുജന്‍ സമാജ് പാര്‍ട്ടി എം.പി രതീഷ് പാണ്ഡെയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ലോക്‌സഭയില്‍ കണക്കുകള്‍ അവതരിപ്പിച്ചത്.
കേന്ദ്ര സര്‍വകാലാശാലകളില്‍ നിന്ന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 2,622 പട്ടികജാതി വിദ്യാര്‍ത്ഥികളും 2,424 പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളും കൊഴിഞ്ഞു പോയി. മറ്റു പിന്നോക്ക ജാതികളില്‍ നിന്നായി 4,596 വിദ്യാര്‍ത്ഥികളാണ് കോഴ്‌സുകള്‍ ഉപേക്ഷിച്ചത്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ മറ്റു പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ള 2,066 വിദ്യാര്‍ത്ഥികളും പട്ടികജാതിയില്‍ നിന്നുള്ള 1,068ഉം പട്ടികവര്‍ഗത്തില്‍ നിന്നുള്ള 408വിദ്യാര്‍ത്ഥികളും കോഴ്‌സുകള്‍ ഉപേക്ഷിച്ചു.
അതേസമയം ഐ.ഐ.എമുകളില്‍ നിന്ന് 188 പട്ടികജാതി വിദ്യാര്‍ത്ഥികളും 91 പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളുമാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കൊഴിഞ്ഞ് പോയത്. മറ്റ് പിന്നോക്ക വിഭാഗങ്ങളില്‍ നിന്നായി 163 പേരും കോഴ്‌സുകള്‍ ഉപേക്ഷിച്ചു.
വിദ്യാര്‍ത്ഥികള്‍ അവരുടെ കോഴ്‌സുകള്‍ ഉപേക്ഷിക്കുന്നത് പ്രധാനമായും അവര്‍ക്ക് ഇഷ്ടമുള്ള മറ്റൊരു ഡിപ്പാര്‍ട്ട്‌മെന്റിലേക്കോ സ്ഥാപനങ്ങളിലേക്കോ സീറ്റ് നേടിപ്പോകുന്നതിനാലോ വ്യക്തിപരമായ കാരണങ്ങളാലോ ആണെന്ന് മന്ത്രി സുഭാഷ് സര്‍ക്കാര്‍ ലോക്‌സഭയില്‍ പറഞ്ഞത്.
കൊഴിഞ്ഞുപോകല്‍ പരിഹരിക്കാന്‍ ഫീസ് കുറയ്ക്കല്‍, കൂടുതല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ സ്ഥാപിക്കല്‍, സ്‌കോളര്‍ഷിപ്പുകള്‍ നല്‍കല്‍, മുന്‍ഗണന നല്‍കല്‍, തുടങ്ങിയ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് മന്ത്രിയുടെ വാദം.
content highlight : 13,600 students from marginalised groups dropped out of IITs, IIMs in five years: Education Ministry