മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് 12ത്ത് മാന്‍. ദൃശ്യം 2 വിന്റെ വന്‍ വിജയത്തിന് ശേഷം ലാല്‍-ജീത്തു കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം കൂടിയാണ് 12 ത്ത് മാന്‍. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
12ത്ത് മാനിലേക്ക് മോഹന്‍ലാല്‍ എത്തിയതിനെ കുറിച്ചും കഥയ്ക്ക് പിന്നില്‍ നടത്തിയ റീ വര്‍ക്കുകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ജീത്തു ജോസഫ്. 12ത്ത് മാന്‍ മോഹന്‍ലാലിനെ നായകനാക്കി എഴുതിയ സ്‌ക്രിപ്റ്റ് ആയിരുന്നില്ലെന്നാണ് ജീത്തു ജോസഫ് പറയുന്നത്. മാത്രമല്ല ഈ ചിത്രം മലയാളത്തില്‍ എടുക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ജീത്തു പറയുന്നു.
12ത്ത് മാന്റെ ഐഡിയ തരുന്നത് എന്റെ ഒരു സുഹൃത്താണ്. എന്നോട് എഴുതാനായിരുന്നു പറഞ്ഞത്. എന്നാല്‍ ഞാന്‍ ആ സമയം ആസിഫിനെ നായകനാക്കിയുള്ള കൂമന്‍ എന്ന ചിത്രത്തിന്റെ വര്‍ക്കിലാണ്. അങ്ങനെയാണ് ആ ദൗത്യം കൃഷ്ണകുമാര്‍ ഏറ്റെടുക്കുന്നത്.
കഥ ഡവലപ് ചെയ്തപ്പോള്‍ ഭംഗിയുള്ള സംഭവമായി വന്നു. ഈ ചിത്രം ലാലേട്ടനെ വെച്ച് ചെയ്യണമെന്നൊന്നും അന്ന് ആലോചിച്ചിട്ടില്ല. വേറെ ഏതെങ്കിലും ലാംഗ്വേജില്‍ ആലോചിക്കാമെന്നാണ് കരുതിയത്. പാന്‍ഡമിക് തീര്‍ന്നുകൊണ്ടിരിക്കുന്ന സമയമാണ്.
അങ്ങനെ ഇരിക്കെ ഏതെങ്കിലും കൊച്ചു സബ്ജക്ട് ഉണ്ടെങ്കില്‍ പറയണേ എന്ന് ഒരു ദിവസം ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ഒരു സാധനമുണ്ട് പക്ഷേ ലാലേട്ടന്‍ ചെയ്യുമോ എന്ന് അറിയില്ല എന്നായിരുന്നു ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത്.
ആദ്യ സ്റ്റോറി ലൈനില്‍ ക്രൈം നടന്നുകഴിയുമ്പോള്‍ അവിടെ ഒരു പൊലീസ് ഓഫീസര്‍ വരുന്നുണ്ട്. ആ ഇന്‍വസ്റ്റിഗേഷന്‍ ഓഫീസറാണ് ഹീറോ. ഞാന്‍ ഇത് പറഞ്ഞു. ലാലേട്ടന് കോണ്‍സപ്റ്റ് ഇഷ്ടപ്പെട്ടു. പക്ഷേ ലാലേട്ടന് തീരെ സ്‌ക്രീന്‍ ഇല്ലാത്തതുപോലെ തോന്നി. പിന്നെ ഒന്നും ചെയ്യാനില്ലാത്തപോലെ.
അങ്ങനെ ഇരുന്ന് വീണ്ടും ആലോചിച്ച് അതിനകത്തേക്ക് ഇങ്ങനെ ഒരു ക്യാരക്ടറൈസേഷന്‍ വര്‍ക്ക് ചെയ്ത് എടുത്തു. ആദ്യം എനിക്ക് പേടിയുണ്ടായിരുന്നു. അത് ഫോഴ്‌സ്ഡ് ആകുമോ എന്ന്. എന്നാല്‍ പിന്നീട് വന്നപ്പോള്‍ പുള്ളിയുടെ കഥാപാത്രം തന്നെ ഒരു സസ്‌പെക്ട് ആയി മാറി. അതോടെ അദ്ദേഹവും ഓക്കെ ആയി.
പിന്നെ ഇപ്പോഴത്തെ ക്ലൈമാക്‌സ് അല്ലായിരുന്നു ആദ്യത്തെ ക്ലൈമാക്‌സ്. പിന്നീട് മാറ്റിയതാണ്. ഒരു സിനിമയുടെ നട്ടെല്ല് എന്ന് പറയുന്നത് സ്‌ക്രിപ്റ്റാണ്. നമുക്ക് ഇവിടെ തന്നെ വേണ്ട പുറത്തേക്ക് കടക്കാം വിഷ്വലി മാറ്റാം എന്നൊക്കെ ചിലര്‍ പറയും. എന്നാല്‍ സ്‌ക്രിപ്റ്റ് എന്‍ഗേജിങ് ആണെങ്കില്‍ ഒരു മുറി മതിയെന്ന ഉറച്ച വിശ്വാസമുണ്ടായിരുന്നു, ജീത്തു ജോസഫ് പറഞ്ഞു.
Content Highlight: 12th Man was not a film to be made in Malayalam says jeethu joseph