| Tuesday, 4th October 2022, 7:23 pm

സെറ്റിലെ ഏറ്റവും വലിയ കോമാളി ഞാന്‍, ഗോസിപ്പ് ചെയ്യാന്‍ ഞങ്ങള്‍ക്ക് ഗ്രൂപ്പുണ്ട്; ഇന്‍ഡസ്ട്രിയില്‍ സീനിയറാണെങ്കിലും ബുദ്ധിയില്‍ ഇവള്‍ ഞങ്ങള്‍ക്കൊപ്പമാ; ചിരിപ്പിച്ച് ട്വല്‍ത് മാന്‍ ടീം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ജീത്തു ജോസഫ് അണിയിച്ചൊരുക്കിയ ചിത്രമായിരുന്നു ട്വല്‍ത് മാന്‍. ഒ.ടി.ടിയില്‍ റിലീസ് ചെയ്ത ചിത്രത്തില്‍ സൈജു കുറുപ്പ്, ഉണ്ണി മുകുന്ദന്‍, ശിവദ, അനു സിത്താര, രാഹുല്‍ മാധവ്, അനുശ്രീ, ചന്തുനാഥ്, അതിഥി രവി, പ്രിയങ്ക നായര്‍, അനു മോഹന്‍, ലിയോണ ലിഷോയ് എന്നിങ്ങനെ വമ്പന്‍ താരനിരയായിരുന്നു ചിത്രത്തില്‍ അണിനിരന്നത്.

ട്വല്‍ത് മാനിലൂടെ തങ്ങളെല്ലാവരും യഥാര്‍ത്ഥത്തില്‍ വലിയ സുഹൃത്തുക്കളായി മാറിയെന്ന് നിരവധി അഭിമുഖങ്ങളില്‍ ഈ താരങ്ങള്‍ പറഞ്ഞിട്ടുണ്ട്.

അനു മോഹന്‍, അനുശ്രീ, അതിഥി രവി, ചന്തുനാഥ് എന്നിവര്‍ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലും ട്വല്‍ത് മാനിലെ ചില ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുന്നുണ്ട്.

അനു (അനു മോഹന്‍) കുറച്ച് സീരിയസാണെന്ന് തോന്നുന്നു, ഇത്രയും താരങ്ങളുടെ കൂടെ ഒരുമിച്ച് അഭിനയിച്ചപ്പോഴുള്ള സെറ്റിലെ അനുഭവമെന്തായിരുന്നു എന്ന അവതാരകയുടെ ചോദ്യത്തിന്, ഞാനായിരുന്നു അവിടെ സെറ്റിലെ ഏറ്റവും വലിയ കോമാളി, എന്നാണ് അനു മോഹന്‍ ചിരിച്ചുകൊണ്ട് നല്‍കിയ മറുപടി.

”സെറ്റിലേക്ക് ആദ്യം ചെന്നപ്പോള്‍ ഭയങ്കര ടെന്‍ഷനുണ്ടായിരുന്നു. കൂടുതലും അറിയാത്ത ആള്‍ക്കാരായിരുന്നു. ഉണ്ണിയെയും (ഉണ്ണി മുകുന്ദന്‍), ലിയോണയെയും (ലിയോണ ലിഷോയ്), സൈജു ചേട്ടനെയും (സൈജു കുറുപ്പ്) മാത്രമേ പരിചയമുണ്ടായിരുന്നു.

അതിഥിയെയും അനുവിനെയുമൊക്കെ (അനുശ്രീ) അവിടെ ചെന്ന ശേഷം പരിചയപ്പെട്ടതാണ്. പക്ഷെ വര്‍ഷങ്ങളായി സ്‌കൂളില്‍ നിന്നേ പഠിച്ചുവന്ന സുഹൃത്തുക്കളെ പോലെ ഞങ്ങള്‍ ജെല്ലായി. അത്രത്തോളം കമ്പനിയായി,” അനു മോഹന്‍ പറഞ്ഞു.

”ഞങ്ങള്‍ക്ക് ഒരു ഗ്രൂപ്പൊക്കെയുണ്ട്. ഞങ്ങള്‍ ഗോസിപ്പ് ചെയ്യുന്നത് ആ ഗ്രൂപ്പിലാണ്,” എന്നായിരുന്നു ഇതിന് പിന്നാലെ നടന്‍ ചന്തുനാഥിന്റെ കമന്റ്.

തുടർന്ന് അനുശ്രീയായിരുന്നു ട്വല്‍ത് മാന്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.

ബാക്കിയുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ അനുശ്രീ ഒരു സീനിയര്‍ താരമാണല്ലോ, എന്ന അവതാരകയുടെ ചോദ്യത്തിന്,
”കരിയറില്‍ മാത്രമേ സീനിയര്‍ ഉള്ളൂ കേട്ടോ, ബുദ്ധിപരമായി ഇല്ല. സിനിമാ ഇന്‍ഡസ്ട്രിയില്‍ നേരത്തെ വന്നെന്നേ ഉള്ളൂ, ബുദ്ധിയില്‍ അവള്‍ ഞങ്ങളുടെ കൂടെയാണ്,” എന്നാണ് അനു മോഹനും ചന്തുനാഥും കൊടുക്കുന്ന തഗ്ഗ് കമന്റ്.

”എത്ര സീനിയറാണെന്ന് പറഞ്ഞാലും സ്വാഭാവികമായും പുതിയ ടീം, ഒരു സെറ്റില്‍ ഇത്രയും ആള്‍ക്കാര്‍ എന്ന് പറയുമ്പോള്‍, എങ്ങനെയായിരിക്കും എന്നൊരു ടെന്‍ഷന്‍ നമുക്കാദ്യമുണ്ടാകും. ഒരുപക്ഷേ അത് എല്ലാവര്‍ക്കുമുണ്ടായിരിക്കും.

പക്ഷെ ആദ്യത്തെ മൂന്ന് ദിവസമേ ഈ ടെന്‍ഷന്‍ ഉണ്ടായിരുന്നുള്ളൂ. ഈ സിനിമയില്‍ ഏറ്റവും കൂടുതല്‍ സീനുകള്‍ വരുന്നത് രാത്രിയിലാണ്. രാത്രിയില്‍ ഷൂട്ടാണെങ്കില്‍ പോലും പകല്‍ മുഴുവന്‍ എല്ലാവരും കിടന്നുറങ്ങില്ല. എല്ലാവരും ഒമ്പത് മണിക്ക് തന്നെ എണീറ്റ്, ‘ഓക്കെ, എന്താണ് ഇന്നത്തെ പരിപാടി,’ എന്ന രീതിയിലാണ്.

ഞങ്ങള്‍ക്കെല്ലാവര്‍ക്കും എന്‍ജോയ് ചെയ്യാന്‍ പകല്‍ നിവര്‍ന്ന് കിടക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് കൂടിയായിരിക്കാം എല്ലാവരും ഇത്ര ക്ലോസ് ആയത്. പകല്‍ ഷൂട്ടിങ്ങ് നടക്കുന്ന സെറ്റായിരുന്നെങ്കില്‍ എല്ലാവരും പകല്‍ ഷൂട്ട് ചെയ്ത് രാത്രി മുഴുവന്‍ കിടന്നുറങ്ങുകയായിരിക്കും.

പിന്നെ ഫോണിന് റേഞ്ചുണ്ടായിരുന്നില്ല. അതൊരു വലിയ കാര്യമായിരുന്നു. ഫോണില്ലാത്തത് കൊണ്ട് എല്ലാവരും ഒരുമിച്ചിരിക്കുകയും ഓരോ ഗെയിംസ് പ്ലാന്‍ ചെയ്യുകയും ഇന്ററാക്ട് ചെയ്യുകയുമായിരുന്നു. അതുകൊണ്ടാണ് ഒരു വര്‍ഷമാകാനായിട്ടും ഈ സൗഹൃദം ഇങ്ങനെ നിലനിന്ന് പോകുന്നത്,” അനുശ്രീ പറഞ്ഞു.

Content Highlight: 12th Man movie stars shares funny experiences from the set

We use cookies to give you the best possible experience. Learn more