പാറയിടുക്കില്‍ കുടുങ്ങിയ റാല്‍സ്റ്റണ് ജീവന്‍ രക്ഷിക്കുന്നതിനിടയില്‍ നഷ്ടമായത് വലതുകൈ; ബാബു മലയില്‍ കുടുങ്ങിയ വാര്‍ത്തയ്ക്ക് പിന്നാലെ ചര്‍ച്ചയായി '127 അവേഴ്‌സ്'
Film News
പാറയിടുക്കില്‍ കുടുങ്ങിയ റാല്‍സ്റ്റണ് ജീവന്‍ രക്ഷിക്കുന്നതിനിടയില്‍ നഷ്ടമായത് വലതുകൈ; ബാബു മലയില്‍ കുടുങ്ങിയ വാര്‍ത്തയ്ക്ക് പിന്നാലെ ചര്‍ച്ചയായി '127 അവേഴ്‌സ്'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 9th February 2022, 11:10 am

മലമ്പുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ ബാബു എന്ന യുവാവിനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ സൈന്യം രക്ഷപ്പെടുത്തിയിരിക്കുകയാണ്. കേരളത്തിലാദ്യമായിട്ടായിരിക്കും ഒരാള്‍ക്ക് വേണ്ടി ഇത്രയും വലിയ രക്ഷാപ്രവര്‍ത്തനം നടന്നത്.

ഈ സംഭവം നടക്കുമ്പോള്‍ ചിലരുടെയെങ്കിലും മനസിലേക്ക് ഓടിവന്ന ചിത്രമായിരിക്കും 2010-ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം 127 അവേഴ്‌സ്. ബാബുവിനെ രക്ഷിക്കാനായി ഒരു നാട് മുഴുവന്‍ പരിശ്രമിക്കുമ്പോള്‍ 127 അവേഴ്‌സ് സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായി. ഡാനി ബോയല്‍ സംവിധാനം ചെയ്ത ചിത്രം യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയായിരുന്നു.

2003ല്‍ അമേരിക്കന്‍ ഐക്യനാടുകളിലെ ഉട്ടാഹിലെ റോബേര്‍സ് റൂസ്റ്റില്‍ പര്‍വ്വതങ്ങള്‍ക്കിടയിലെ വലിയ പാറക്കെട്ടുകളില്‍ കൈകള്‍ കുടുങ്ങി 5 ദിവസം കഴിച്ചു കൂട്ടിയ ആരോണ്‍ റാല്‍സ്റ്റണ്‍ എന്ന പര്‍വ്വതാരോഹകന്റെ കഥയാണ് ഇത്.

മലയിടുക്ക് കയറുന്നതിനിടയില്‍ റാല്‍സ്റ്റന്‍ ചവിട്ടിനിന്ന ചെറിയൊരു പാറ അടര്‍ന്നു മാറുകയും റാല്‍സ്റ്റനോടൊപ്പം അത് തൊട്ടുതാഴെയുള്ള പാറയിടുക്കില്‍ പതിക്കുകയും ചെയ്യുന്നു.

താഴെ വീഴുന്ന റാല്‍സ്റ്റന്റെ വലതുകൈ അടര്‍ന്നു വീണ പാറകഷ്ണത്തിനും മറ്റൊരു പാറയ്ക്കുമിടയില്‍ കുടുങ്ങിപ്പോയി. 127 മണിക്കൂറാണ് റാല്‍സ്റ്റണ്‍ പാറയിടുക്കില്‍ കിടന്നത്. രക്ഷക്കായി അലറിവിളിച്ചെങ്കിലും ആളുകള്‍ ഇല്ലാത്ത സ്ഥലത്ത് റാല്‍സ്റ്റണിന്റെ നിലവിളി കേള്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ല.

127 Hours- Poster Analysis

ഒടുവില്‍ രക്ഷപ്പെടാനായി ധൈര്യം സംഭരിച്ച് തന്റെ കൈവശമുണ്ടായിരുന്ന മൂര്‍ച്ഛയൊട്ടുമില്ലാത്ത ഒരു ചെറു കത്തി ഉപയോഗിച്ച് വലതുകൈ മുട്ടിന് താഴെവെച്ചു അറുത്തുമാറ്റി. ജീവനുവേണ്ടി 127 മണിക്കൂര്‍ പൊരുതി മരണമുഖത്തുനിന്നും വലതുകൈ അറുത്ത് ഉയിര്‍ത്തെഴുന്നേറ്റു വന്ന റാല്‍സ്റ്റണിന്റെ ജീവിതം സിനിമയില്‍ അവതരിപ്പിച്ചത് ജെയിംസ് ഫ്രാങ്കോ ആയിരുന്നു. എ.ആര്‍. റഹ്മാനാണ് ചിത്രത്തിന് സംഗീതം നല്‍കിയിരുന്നത്.

ഏകദേശം 127 അവേഴ്‌സ് ആവര്‍ത്തിക്കുന്ന സംഭവമാണ് മലമ്പുഴയില്‍ നടന്നത്. അധികം ആളുകള്‍ ഇല്ലാത്ത സഥലത്താണ് ബാബു അപകടത്തില്‍ പെട്ടത്. മണിക്കൂറുകളോളം അദ്ദേഹത്തെ അധികൃതര്‍ക്ക് കണ്ടെത്താനായില്ല. എന്നാല്‍ ഭാഗ്യവശാല്‍ സൈനികര്‍ക്ക് യുവാവിനടുത്ത് എത്താനും രക്ഷിക്കാനും സാധിച്ചു.

രണ്ട് ദിവസത്തോളം കേരളത്തെയാകെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവത്തില്‍ ആ ചെറുപ്പക്കാരനെ രക്ഷിച്ചതോടെ ആശ്വസിക്കുന്നത് കേരളം മുഴുവനുമാണ്.


Content Highlight: 127 hours movie became a discussion topic after the rescue of babu