national news
മഹാരാഷ്ട്രയില്‍ 127 ഗില്ലന്‍ബാരി സിന്‍ഡ്രോം കേസുകള്‍ സ്ഥിരീകരിച്ചു; റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 03, 08:51 am
Monday, 3rd February 2025, 2:21 pm

പൂനെ: മഹാരാഷ്ട്രയില്‍ 127 ഗില്ലന്‍ബാരി സിന്‍ഡ്രോം കേസുകള്‍ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ കഴിയുന്ന 152 പേരില്‍ 127 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 48 പേര്‍ തീവ്രപരിചരണ വിഭാഗത്തിലും 23 പേര്‍ വെന്റിലേറ്ററിലും ചികിത്സയില്‍ തുടരുന്നുണ്ട്.

രോഗ ലക്ഷണങ്ങളോടുകൂടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സഹായവും രോഗികള്‍ക്കായുള്ള കുത്തിവെയ്പ്പ് സൗജന്യമായി നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഗില്ലന്‍ബാരി സിന്‍ഡ്രോവുമായി ചികിത്സയിലുള്ള രോഗികള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ സഹായ ധനം രണ്ട് ലക്ഷമായി ഉയര്‍ത്തിയതായും അറിയിപ്പുണ്ട്.

അതേസമയം രോഗം പടരുന്നത് വെള്ളത്തില്‍ നിന്നാണെന്ന് കണ്ടെത്തിയതായും കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ധ സംഘം പ്രദേശത്ത് പരിശോധനയ്ക്കായി ക്യാമ്പ് ചെയ്യുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സോലാപൂര്‍, പൂനെ, പിംപ്രി ചിഞ്ച്വാഡ്, പൂനെ റൂറല്‍ എന്നിവിടങ്ങളിലും ഗില്ലന്‍ ബാരി സിന്‍ഡ്രോം ആണെന്ന് സംശയിക്കുന്ന കേസുകള്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു.

അതേസമയം മലിനീകരണമാണോ രോഗകാരണമെന്ന് സ്ഥിരീകരിക്കുന്നതിന് ജലപരിശോധനയ്ക്കും 23 രക്ത സാമ്പിളുകളും നേരത്തെ ഐ.സി.എം.ആര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രോഗം വെള്ളത്തില്‍ നിന്നാണ് പടരുന്നതെന്ന് കണ്ടെത്തിയത്.

എന്താണ് ഗില്ലന്‍ ബാരി സിന്‍ഡ്രോം

ഗില്ലന്‍ ബാരി സിന്‍ഡ്രോം ഒരു സ്വയം പ്രതിരോധ ന്യൂറോളജിക്കല്‍ ഡിസോഡറാണ്. ഒരു വ്യക്തിയുടെ രോഗപ്രതിരോധ സംവിധാനം പെരിഫറല്‍ ഞരമ്പുകളെ ബാധിക്കുകയും പേശികളുടെ ബലക്ഷയത്തിന് കാരണമാകുകയും ചെയ്യും. പിന്നാലെ പക്ഷാഘാതത്തിലേക്ക് നയിക്കുന്നു. ഇത് ഏത് പ്രായത്തിലുള്ളവര്‍ക്കും ബാധിക്കാം. അതേസമയം പുരുഷന്മാരിലും മുതിര്‍ന്നവരിലും ഇത് സാധാരണമാണെന്ന റിപ്പോര്‍ട്ടുകളുണ്ട്.

അതേ സമയം ഈ രോഗം പകര്‍ച്ച വ്യാധിയായി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ബാക്ടീരിയ ഗ്യാസ്‌ട്രോ എറൈറ്റിസ് പോലെയുള്ള അമുബാധകള്‍ വെള്ളത്തിലൂടെയും വൃത്തിഹീനമായ ഭക്ഷണത്തിലൂടെയും എളുപ്പത്തില്‍ പടരാന്‍ കാരണമായേക്കും.

മോശമായ ഡ്രെയിനേജ് സംവിധാനങ്ങള്‍, പൊട്ടിയ പൈപ്പ് ലൈനുകള്‍, തെറ്റായ മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയ കാര്യങ്ങളും അണുബാധകള്‍ പെരുകുന്നതിന് കാരണമാകും.

Content Highlight: 127 cases of Gillenbarry syndrome confirmed in Maharashtra; Report