| Sunday, 4th October 2020, 8:53 pm

സംസ്ഥാനത്ത് നിരോധനാജ്ഞ ലംഘിച്ചതിന് 124 പേര്‍ അറസ്റ്റില്‍; ഏറ്റവും കൂടുതല്‍ പേര്‍ മലപ്പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് ഇന്ന് മാത്രം 58 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 124 പേരെയാണ് സംസ്ഥാനത്ത് അറസ്റ്റ് ചെയ്തിരിക്കുന്നത്.

മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 37 പേരാണ് നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയില്‍ അറസ്റ്റിലായത്. തൃശ്ശൂര്‍ സിറ്റി 30, കൊല്ലം സിറ്റി 26, കണ്ണൂര്‍ 20, കോട്ടയം അഞ്ച്, ഇടുക്കി അഞ്ച്, കോഴിക്കോട് സിറ്റി ഒന്ന്, എന്നിങ്ങനെയാണ് മറ്റുജില്ലകളില്‍ അറസ്റ്റിലായവരുടെ എണ്ണം.

കൊല്ലം സിറ്റിയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇരുപത് കേസുകളാണ് കൊല്ലം സിറ്റിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

തിരുവനന്തപുരം സിറ്റി ഒന്ന്, കോട്ടയം ഒന്ന്, ഇടുക്കി 13, തൃശൂര്‍ സിറ്റി അഞ്ച്, മലപ്പുറം ആറ്, കോഴിക്കോട് സിറ്റി എട്ട്, കണ്ണൂര്‍ നാല് എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

അതേസമയം കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1905 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇന്ന് മാത്രം 734 പേര്‍ അറസ്റ്റിലാവുകയും 78 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.

മാസ്‌ക് ധരിക്കാത്ത 8214 സംഭവങ്ങളും ക്വാറന്റൈന്‍ ലംഘിച്ചതിന് ഏഴുകേസുകളും രജിസ്റ്റര്‍ ചെയ്തു. ഒക്ടോബര്‍ 3 മുതലാണ് സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ഒരുമാസത്തേക്കാണ് സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല. ലോക്ഡൗണ്‍ പ്രഖ്യാപിക്കാതെ തന്നെ ആള്‍ക്കൂട്ടം ഒഴിവാക്കാനും സമ്പര്‍ക്ക വ്യാപനം തടയാനും ഉദ്ദേശിച്ചാണ് നടപടികള്‍.

നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മരണാനന്തര ചടങ്ങുകള്‍ക്കും വിവാഹം പോലുള്ള ചടങ്ങുകള്‍ക്കും കര്‍ശനമായ വ്യവസ്ഥകളോടെ ആളുകള്‍ക്ക് പങ്കെടുക്കാം.

സംസ്ഥാനത്ത് ഇന്ന് പുതുതായി 8553 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 30 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 181 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 7527 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ഇതില്‍ 716 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ കോഴിക്കോട് 1164 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് ഇതില്‍ 1080 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: 124 arrested for violating Section 144 In Kerala; Most people in Malappuram

We use cookies to give you the best possible experience. Learn more