| Sunday, 18th December 2016, 9:26 pm

കമല്‍ സി ചവറയ്‌ക്കെതിരെ 124 (എ) പ്രകാരം കേസ്‌; ജാമ്യത്തില്‍ വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്


രാവിലെ എട്ടുമണിയോടെ എരഞ്ഞിപ്പാലത്ത് വെച്ചാണ് പൊലീസ് കമലിനെ അറസ്റ്റ് ചെയ്തിരുന്നത്. കസ്റ്റഡിയിലിരിക്കെ രാത്രി ഏഴുമണിയോടെ കമല്‍ സ്‌റ്റേഷനില്‍ കുഴഞ്ഞ വീണെങ്കിലും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ പൊലീസ് ആദ്യം വിസമ്മതിക്കുകയായിരുന്നു.


കോഴിക്കോട്:  ദേശീയഗാനത്തെ അവഹേളിച്ചെന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത എഴുത്തുകാരന്‍ കമല്‍ സി. ചവറയ്ക്കെതിരെ 124 (എ) വകുപ്പു പ്രകാരം കേസ്‌. പതിമൂന്ന് മണിക്കൂറോളം കസ്റ്റഡിയില്‍ വെച്ച ശേഷം ബിന്ദു, സമീറ എന്നിവരുടെ ആള്‍ ജാമ്യത്തില്‍ കമലിനെ ജാമ്യത്തില്‍ വിട്ടു.

കൊല്ലം ചവറ പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആര്‍ ഇട്ടത്. നോവലിലൂടെയും ഫേസ്ബുക്ക് പോസ്റ്റിലൂടെയും ദേശീയഗാനത്തെ അധിക്ഷേപിച്ചു എന്ന യുവമോര്‍ച്ച പ്രവര്‍ത്തകന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിനായാണ് കമലിനെ കസ്റ്റഡിയിലെടുത്തത്.

പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര്‍ ഇട്ടതെന്നും ഈ സെക്ഷന്‍ വരാവുന്ന കുറ്റം ഉണ്ടോയെന്ന് പരിശോധിക്കുകയാണെന്നും പൊലീസ് വിശദീകരിച്ചു.

രാവിലെ എട്ടുമണിയോടെ എരഞ്ഞിപ്പാലത്ത് വെച്ച് കോഴിക്കോട് സിറ്റി നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ.പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡാണ് കമലിനെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലിരിക്കെ രാത്രി ഏഴുമണിയോടെ കമല്‍ സ്റ്റേഷനില്‍ കുഴഞ്ഞ വീണെങ്കിലും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ പൊലീസ് വിസമ്മതിച്ചത് പ്രതിഷേധങ്ങള്‍ക്കു കാരണമായി.

കമല്‍ അഭിനയിക്കുകയാണെന്നാണ് പൊലീസ് പറഞ്ഞതെന്ന് കമലിന്റെ സുഹൃത്തുക്കള്‍ പറയുന്നു. തുടര്‍ന്ന് സ്റ്റേഷനിലുണ്ടായിരുന്ന കമലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഒരു മണിക്കൂര്‍ കഴിഞ്ഞ ശേഷമാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് തയ്യാറായത്.

ബോധരഹിതനായ കമലിനെ കാണാനെത്തിയ ഭാര്യ ബിന്ദുവിനെയും മകനെയും സ്റ്റേഷനില്‍ കയറാന്‍ പൊലീസ് അനുവദിച്ചിരുന്നില്ല.

ബീച്ച് ആശുപത്രിയില്‍ നിന്നും കമലിനെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തിരുന്നെങ്കിലും പുറത്തിരുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കാതെ വീണ്ടും സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയായിരുന്നു. പിന്നീട് സ്റ്റേഷനിലേക്ക് കൊണ്ടു പോയി മൊഴിയെടുത്ത ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചത്.

അതേ സമയം കമലിനെ ആശുപത്രിയിലെത്തിക്കാതിരുന്ന പൊലീസ് നടപടിയെ ചോദ്യം ചെയ്തതിന് കമലിന്റെ സുഹൃത്തായ ഷഫീഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ഷഫീഖിനെ രണ്ടു പേരുടെ ജാമ്യത്തില്‍ വിട്ടയച്ചു.

പൊലിസ് കമലിനോട് പൊയ്‌ക്കൊള്ളാന്‍ പറഞ്ഞേുവെന്നും എന്നാല്‍ കരുനാഗപ്പള്ളി പൊലിസ് എത്തി സംസാരിച്ച ശേഷം പോകാമെന്ന് കമല്‍ പറയുകയായിരുന്നെന്നും കരുനാഗപ്പള്ളി പൊലീസ് എത്തിയാലുടനെ കമല്‍ സ്റ്റേഷന്‍ വിടുമെന്നും സര്‍ക്കാര്‍ അനുകൂലികള്‍ ഫേസ്ബുക്കിലടക്കം പ്രചരിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സുഹൃത്തുക്കളടക്കമുള്ളവര്‍ സ്റ്റേഷനിലെത്തിയിരുന്നത്.

കമലിനെ വിട്ടയ്ക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ പൊലീസ് സുഹൃത്തുക്കളോടും ബന്ധുക്കളോടും കയര്‍ക്കുകയാണുണ്ടായതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഈ സമയത്താണ് കമല്‍ കുഴഞ്ഞു വീഴുന്നത്.

കമലിന്റെ “ശ്മശാനങ്ങളുടെ നോട്ടുപുസ്തകം എന്ന നോവലിലെ ചില ഭാഗങ്ങളും ചില ഫേസ്ബുക്ക് പോസ്റ്റുകളും ദേശീയഗാനത്തെ അധിക്ഷേപിക്കുന്നതാണെന്നാരോപിച്ചാണ് യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പരാതി നല്‍കിയത്.

We use cookies to give you the best possible experience. Learn more