മുണ്ടക്കൈ-ചൂരൽമല ഉരുള്‍പൊട്ടൽ; മരിച്ചവരുടെ എണ്ണം 135 ആയി
Kerala News
മുണ്ടക്കൈ-ചൂരൽമല ഉരുള്‍പൊട്ടൽ; മരിച്ചവരുടെ എണ്ണം 135 ആയി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th July 2024, 9:29 pm

വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 135 ആയി. 113 ലേറെപ്പേര്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നുണ്ട്. 15 പേരുടെ പരിക്ക് ഗുരുതരമാണ്. മരിച്ചവരില്‍ 34 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കാണാതായവരുടെ അന്തിമ കണക്കുകൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചനകൾ.

നിലവിൽ 45 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 3069 ആളുകളാണ് ക്യമ്പുകളിൽ കഴിയുന്നത്. സൈന്യം നിർമിച്ച താത്കാലിക പാലത്തിലൂടെയാണ് ആളുകളെ രക്ഷപ്പെടുത്തുന്നത്.

ദുരന്തമേഖലയിലേക്കുള്ള എല്ലാ സഹായവും എത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചൂരൽമലയിൽ താത്കാലിക ക്ലിനിക്കുകളും ആശുപത്രികളും സജ്ജമാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരെയും അവിടേക്ക് എത്തിച്ചിട്ടുണ്ട്. അവധിയിലുള്ള ആരോഗ്യ പ്രവർത്തകരോട് തിരികെ ജോലിയിൽ പ്രവേശിക്കാനുള്ള നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാത്രി ആളുകള്‍ ഉറങ്ങിക്കിടക്കെയാണ് മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടിയത്. ഉരുൾപൊട്ടലിനെ തുടർന്ന് ആളുകൾക്ക് മീതെ മണ്ണും, വെള്ളവും വന്നു വീഴുകയായിരുന്നു. പുലർച്ചെ രണ്ടിനാണ് ആദ്യ ഉരുൾ പൊട്ടൽ ഉണ്ടായത്. ശേഷം 4:10 ന് വീണ്ടും ഉരുൾ പൊട്ടൽ ഉണ്ടാവുകയായിരുന്നു.

മുണ്ടക്കൈ-ചൂരല്‍മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിൽ മരിച്ചവർക്കുള്ള ആദരവായി സംസ്ഥാനത്ത് ഇന്നും നാളെയും ദുഃഖാചരണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുഃഖാചരണത്തിന്റെ ഭാഗമായി പൊതു പരിപാടികൾ റദ്ദാക്കുകയും ദേശീയ പതാക താഴ്ത്തി കെട്ടുകയും ചെയ്യുമെന്ന് സർക്കാർ ഔദ്യോഗികമായി അറിയിച്ചു.

ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായമയക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ദുരിതബാധിതരെ സഹായിക്കാനും ദുരന്തമനുഭവിക്കുന്നവരെ ചേര്‍ത്തുപിടിക്കാനും ഇതിലൂടെ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

Content Highlight: 122 people were died in mundakkai-chooralmala landslide