വ്യക്തിയും പാര്‍ട്ടിയും ചരിത്രവും
Opinion
വ്യക്തിയും പാര്‍ട്ടിയും ചരിത്രവും
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌
Sunday, 6th September 2009, 3:02 pm
വിഭജനത്തിന്റെ മുറിപ്പാടുകള്‍ ഇനിയും ഉണങ്ങാത്ത, ഇരുരാജ്യത്തെയും ജനങ്ങളെ തിരിച്ചറിവിന്റെയും പുനര്‍ചിന്തയുടെയും സ്വയം തിരുത്തലിന്റെയും ഒരു ലോകത്തിലേക്ക് നയിക്കാന്‍ ലക്ഷ്യമിട്ടാണ് പുസ്തകത്തിന്റെ ഉള്‍ക്കാതലിനു രൂപം നല്‍കിയത്.

ഇന്ത്യാവിഭജനം ഒരു പ്രക്രിയയായിരുന്നു. വ്യക്തികളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും അധികാര താത്പര്യങ്ങളും അധികാരശക്തികളും ആ പ്രക്രിയയ്ക്ക് രൂപവും ലക്ഷ്യവും ആക്കവും കൂട്ടി. ജിന്നയുടെയോ നെഹ്രുവിന്റെയോ പട്ടേലിന്റെയോ ഗാന്ധിജിയുടെയോ തലയില്‍ മാത്രം ആ പ്രക്രിയയുടെ ഉത്തരവാദിത്വം കെട്ടിയേല്‍പ്പിക്കുന്നത് ശരിയായിരിക്കില്ല.

സിങ്ങിന്റെ നിലപാടുകളോട് യോജിക്കുന്നവര്‍ക്ക് യോജിക്കാം. വിയോജിക്കുന്നവര്‍ക്ക് അങ്ങിനെയുമാവാം. ഗ്രന്ഥകാരനെയും പുസ്തകത്തെയും തൂത്തുകളയരുത്

എണ്‍പതുകളുടെ തുടക്കത്തില്‍ രാജ്യസഭയിലേക്ക് സത്യപ്രതിജ്ഞ ചെയ്തുവന്ന ഒരു ബി.ജെ.പി. അംഗത്തിന് പാര്‍ട്ടി സഹപ്രവര്‍ത്തകരില്‍ നിന്നുമാത്രമല്ല മറ്റംഗങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തതയുണ്ടായിരുന്നു. നട്ടെല്ലുനിവര്‍ത്തിയുള്ള ആ ഇരുപ്പില്‍, വസ്തുതകളില്‍ ഒതുങ്ങിയുള്ള സംസാരത്തില്‍, ലക്ഷ്യത്തിന്റെ മര്‍മങ്ങളിലേക്ക് തറയ്ക്കുന്ന ചോദ്യങ്ങളില്‍, ബഹളത്തിന്റെ തിരമാലകള്‍ക്കിടയിലും ഉയര്‍ന്നുനില്‍ക്കുന്ന അക്ഷോഭ്യതയില്‍, ഇന്ത്യന്‍ കരസേനയില്‍ നിന്നു പുറത്തുവന്ന ഒരു ഉന്നത ഓഫീസറുടെ ചിട്ടയും ശീലവും വ്യക്തിത്വവും ജസ്വന്ത് സിങ് എന്ന ബി.ജെ.പി. നേതാവില്‍ വേറിട്ട് പ്രകടമായിരുന്നു.

695 പേജുള്ള, ഇന്ത്യയിലും പാകിസ്താനിലും ബംഗ്ലാദേശിലും ചര്‍ച്ചയ്ക്കും സംവാദത്തിനും തിരികൊളുത്തിയ ജിന്നയെക്കുറിച്ചുള്ള ജസ്വന്ത് സിങ്ങിന്റെ രാഷ്ട്രീയ ജീവചരിത്ര ഗ്രന്ഥവും അദ്ദേഹത്തിന്റെ മറ്റൊരു വ്യക്തിത്വത്തെ അവതരിപ്പിക്കുന്നു: ഇന്ത്യാവിഭജനത്തിന് ഇടയാക്കിയ യഥാര്‍ഥ കാരണങ്ങളുടെ സത്യം കണ്ടെത്താനുള്ള ഒരു ചരിത്ര കുതുകിയുടെ ധീരമായ സമീപനത്തെ.

മുഹമ്മദലി ജിന്നയെ മഹത്ത്വവത്കരിക്കുകയായിരുന്നോ ലക്ഷ്യം? അതോ നെഹ്രുവും പട്ടേലുമടക്കമുള്ള ദേശീയ നേതാക്കളെ മോശപ്പെടുത്തുകയോ? തന്റെകൂടി പങ്കാളിത്തത്തില്‍ രൂപപ്പെട്ട ബി.ജെ.പി.യുടെ ചരിത്രനിലപാടുകളെ തകര്‍ക്കുകയോ? ഇത്തരം അഭിപ്രായ പ്രകടനങ്ങളിലേക്കും വിലയിരുത്തലുകളിലേക്കും തിടുക്കപ്പെട്ട് കടക്കുന്നതിന് മുമ്പ് ജസ്വന്ത് സിങ് പറഞ്ഞതും ചെയ്തതും ശരിക്കു മനസ്സിലാക്കുകയാണ് വേണ്ടത്.

അതിന് “ജിന്ന ഇന്ത്യവിഭജനം സ്വാതന്ത്ര്യം” എന്ന പുസ്തകം മനസ്സിരുത്തി വായിക്കേണ്ടിവരും. ഒരിക്കലല്ല, പലവട്ടം. എന്തിനാണ് ഇന്ത്യ വിഭജിക്കപ്പെട്ടത്? അത് വീണ്ടും കണ്ടെത്താനും വ്യക്തമായ ധാരണയുണ്ടാക്കാനും താന്‍ നടത്തിയ സ്വയംയാത്രയാണ് പുസ്തകമെന്നാണ് ജസ്വന്ത് സിങ് വിശദീകരിക്കുന്നത്. അതിനുള്ള മാധ്യമമായി മുഹമ്മദലി ജിന്നയുടെ ജീവചരിത്രം ഉപയോഗപ്പെടുത്തി. ഈ ആഗ്രഹം വര്‍ഷങ്ങള്‍ക്ക് മുമ്പേ അദ്ദേഹം മനസ്സില്‍ സൂക്ഷിച്ചിരുന്നു.

1940 മാര്‍ച്ച് 23നാണ് ഓള്‍ ഇന്ത്യാ മുസ്‌ലിംലീഗ് പാകിസ്താന്‍ രൂപവത്കരിക്കണമെന്ന പ്രമേയം പാസ്സാക്കിയത്. ലാഹോറില്‍ ആ സമ്മേളനം നടന്ന സ്ഥലത്ത് അറുപത് മീറ്റര്‍ ഉയരത്തിലുള്ള ഒരു ഗോപുരം പാകിസ്താന്‍ നിര്‍മിച്ചിട്ടുണ്ട്. മിനാര്‍എ പാകിസ്താന്‍. പ്രധാനമന്ത്രി വാജ്‌പേയിയോടൊപ്പം 1999ല്‍ ലാഹോറിലേക്കുള്ള ബസ് യാത്രയില്‍ ജസ്വന്ത് സിങ് അവിടം സന്ദര്‍ശിച്ചു.

തന്റെ ചരിത്രാന്വേഷണത്തിനുള്ള തീരുമാനത്തിന് ആ സന്ദര്‍ശനം ഏറെ സ്വാധീനം ചെലുത്തി. 2004ല്‍ പുസ്തകമെഴുതാന്‍ തുടങ്ങും മുമ്പ് ഒരുപാടുപേരുടെ അഭിപ്രായം അദ്ദേഹം ആരാഞ്ഞു. ആ പുറപ്പാട് പലരെയും ആശ്ചര്യപ്പെടുത്തി. അതിന് മുതിരേണ്ടെന്ന് അഭ്യുദയകാംക്ഷികള്‍ പലരും ഓര്‍മപ്പെടുത്തി.

അഞ്ചുവര്‍ഷം നീണ്ട ആഴത്തിലുള്ള അന്വേഷണങ്ങളുടെയും ഗവേഷണങ്ങളുടെയും പഠനങ്ങളുടെയും പുനര്‍വായനയുടെയും ഫലമാണ് ജസ്വന്തിന്റെ പുസ്തകം. ഇന്ത്യയുടെ സംസ്‌കൃതി തകര്‍ത്ത, രാജ്യത്തെ വെട്ടിമുറിച്ച, ആയിരങ്ങളുടെ ജീവനെടുത്ത, ലക്ഷങ്ങളെ അഭയാര്‍ഥികളാക്കിയ ചരിത്രത്തിലെ അതിക്രൂരമായ ഇന്ത്യാ വിഭജനത്തിലേക്ക് എത്തിച്ച കാര്യങ്ങള്‍.

അതാണ് അദ്ദേഹം ചികയുന്നത്. ആറ് പതിറ്റാണ്ടിന് അപ്പുറത്തെ ഇരുട്ടിലേക്ക് നിരവധി പുസ്തകങ്ങളിലൂടെ, ചരിത്രരേഖകളിലൂടെ കൈത്തിരി തെളിയിക്കുകയാണ്.

അതുകൊണ്ട് തന്നെ ജീവചരിത്രത്തിന്റെ എഴുപത് ശതമാനത്തോളം ഉദ്ധരണികളാണ്. (ഇവയ്ക്ക് വിശദീകരണകുറിപ്പുകള്‍ കൂടിയേതീരൂ). ലഭ്യമല്ലാത്ത പലവിവരങ്ങളും ചരിത്രരേഖകളില്‍ നിന്ന് അതില്‍ നിറഞ്ഞുകവിയുന്നു. നമ്മുടെ നാഷണല്‍ ആര്‍ക്കൈവ്‌സിനെയോ, തീന്‍മൂര്‍ത്തി ലൈബ്രറിയെയോ പോലെ ചരിത്രപ്രധാനമായ പാകിസ്താന്റെ ദേശീയ പുരാരേഖാ കേന്ദ്രമായ ഖായിദെഅസം പേപ്പേഴ്‌സ് പ്രോജക്ടില്‍ നിന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങള്‍ അദ്ദേഹത്തിന് അയച്ചുകിട്ടി.

ജസ്വന്ത്‌സിങ് മാത്രമല്ല ചരിത്രത്തെ വിലമതിക്കുന്ന ഇന്ത്യക്കാരാകെ തന്നെ ഡോ.സെഡ്.എച്ച്. സൈദിയോട് ഈ സഹകരണത്തിനു കടപ്പെട്ടിരിക്കുന്നു. വിഭജനത്തിന്റെ മുറിപ്പാടുകള്‍ ഇനിയും ഉണങ്ങാത്ത, ഇരുരാജ്യത്തെയും ജനങ്ങളെ തിരിച്ചറിവിന്റെയും പുനര്‍ചിന്തയുടെയും സ്വയം തിരുത്തലിന്റെയും ഒരു ലോകത്തിലേക്ക് നയിക്കാന്‍ ലക്ഷ്യമിട്ടാണ് പുസ്തകത്തിന്റെ ഉള്‍ക്കാതലിനു രൂപം നല്‍കിയത്. അന്‍ജന്‍ ഭൗമികിന്റെ നേതൃത്വത്തില്‍ ഒരു ഗവേഷണസംഘം സിങ്ങിനെ സഹായിക്കാനുണ്ടായിരുന്നു.

എം.ജെ. അക്ബര്‍, റിട്ട.മേജര്‍ ജനറല്‍ ഭാട്ടിയ, എ.ജി. നൂറാനി, ടി.സി.എ. രാഘവന്‍, സൂസണ്‍ റൂഡോള്‍ഫ്, ലോയ്‌സ് റൂഡോള്‍ഫ്, മാനവേന്ദ്രസിങ്, സ്‌ട്രോബ് താല്‍ബോട്ട്, ബി.ജി. വര്‍ഗീസ്, മണിശങ്കര്‍ അയ്യര്‍, വജാഹത് ഹബീബുള്ള തുടങ്ങി എത്രയോപേര്‍ കൈയെഴുത്തുപത്രിക സൂക്ഷ്മമായി പരിശോധിച്ച് അഭിപ്രായനിര്‍ദേശങ്ങള്‍ നല്‍കി.

അതിനുശേഷമാണ് പുസ്തകത്തിന് അവസാനരൂപമായത് സിങ് വെളിപ്പെടുത്തുന്നു. ഹിന്ദുമുസ്‌ലിം ഐക്യത്തിന്റെ അംബാസഡര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന മുഹമ്മദ് അലി ജിന്ന പിന്നീട് എങ്ങനെ മുസ്‌ലിങ്ങളുടെ പ്രത്യേക രാഷ്ട്രത്തിന്റെ ശക്തനായ വക്താവും പാകിസ്താന്റെ ഖായിദ്ഇ അസമുമായി? ഈ ചോദ്യമുയര്‍ത്തി ഉത്തരം കണ്ടെത്താനാണ് പുസ്തകം ശ്രമിക്കുന്നത്.

പരസ്പരം അവിശ്വസിക്കുകയും ശത്രുക്കളായി കാണുകയും ചെയ്യുന്ന രാഷ്ട്രങ്ങളായി ഇന്ത്യ എങ്ങനെ ഛേദിക്കപ്പെട്ടു എന്ന ചോദ്യമായി അതു വികസിക്കുന്നു. ദക്ഷിണ ഏഷ്യയില്‍ സമാധാനം പുലരാന്‍ ഇതിനുള്ള സത്യസന്ധമായ ഉത്തരം ആദ്യം കാണണമെന്ന നിലപാടില്‍ ഊന്നുന്നു മുന്‍ വിദേശധനമന്ത്രി കൂടിയായ ജസ്വന്ത് സിങ്.

ഇന്ത്യാവിഭജനം ഒരു പ്രക്രിയയായിരുന്നു. വ്യക്തികളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും അധികാര താത്പര്യങ്ങളും അധികാരശക്തികളും ആ പ്രക്രിയയ്ക്ക് രൂപവും ലക്ഷ്യവും ആക്കവും കൂട്ടി. ജിന്നയുടെയോ നെഹ്റുവിന്റെയോ പട്ടേലിന്റെയോ ഗാന്ധിജിയുടെയോ തലയില്‍ മാത്രം ആ പ്രക്രിയയുടെ ഉത്തരവാദിത്വം കെട്ടിയേല്‍പ്പിക്കുന്നത് ശരിയായിരിക്കില്ല. ജസ്വന്ത് സിങ്ങും യഥാര്‍ഥത്തില്‍ കുറ്റവാളികളെ കണ്ടെത്തി തരംതിരിക്കുകയല്ല. ആ പ്രക്രിയ വിശദീകരിക്കുന്ന സംഭവങ്ങളും തെളിവുകളും പരമാവധി സമാഹരിക്കുവാന്‍ ശ്രമിക്കുകയാണ്.

അവയെ സംബന്ധിച്ച തന്റെ വിശകലനവും അപഗ്രഥനവും വികാരപരമായിത്തന്നെ അവതരിപ്പിക്കുകയും അക്കാര്യം അദ്ദേഹം തുറന്നു സമ്മതിക്കുന്നുണ്ട്. സിങ്ങിന്റെ നിലപാടുകളോട് യോജിക്കുന്നവര്‍ക്ക് യോജിക്കാം. വിയോജിക്കുന്നവര്‍ക്ക് അങ്ങിനെയുമാവാം. ഗ്രന്ഥകാരനെയും പുസ്തകത്തെയും തൂത്തുകളയരുത്. പക്ഷേ, ഈ അന്വേഷണം വഴി ഭൂതകാലത്തിന്റെ ഇരുട്ടില്‍ നിന്ന് അദ്ദേഹം സമാഹരിച്ച് അവതരിപ്പിച്ച പുസ്തകത്തിന്റെ എഴുപത് ശതമാനം വരുന്ന ഉദ്ധരണികളോടും വസ്തുതകളോടും കലഹിക്കാനും വാളെടുക്കാനും ആര്‍ക്കും സാധ്യമല്ല.

അവയെ വെല്ലുന്ന വസ്തുതകളും തെളിവുകളും പുറത്തുകൊണ്ടുവന്നല്ലാതെ അത്തരമൊരു സംരംഭത്തിന് ഇന്ത്യയിലും വിശിഷ്യപാകിസ്താനിലും പുതിയ ശ്രമങ്ങള്‍ക്ക് ജിന്നയെ സംബന്ധിക്കുന്ന ഈ പുസ്തകം വഴിതുറക്കുകയേയുളളൂ.

ഒരു ഉദാഹരണം: വെയില്‍സ് രാജകുമാരന്റെ ചീഫ് ഓഫ് സ്റ്റാഫായിരുന്ന സര്‍ വാള്‍ട്ടര്‍ ലോറന്‍സാണ് കോണ്‍ഗ്രസ്സിനു സമാനമായി മുസ്‌ലിങ്ങളുടെ ഒരു സംഘടന രൂപവത്കരിക്കണമെന്ന് ആദ്യമായി നിര്‍ദേശിച്ചതെന്ന് പുസ്തകം വെളിപ്പെടുത്തുന്നു. വാള്‍ട്ടറുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് തന്ത്രപരമായി നീങ്ങുകയാണ് വൈസ്രോയി ചെയ്തത്. അതിന്റെ തുടര്‍ച്ചയായിരുന്നു സിംലയില്‍ മുസ്‌ലിം പ്രതിനിധി സംഘം വൈസ്രോയിക്ക് നിവേദനം നല്‍കിയത്.

ഓള്‍ ഇന്ത്യാ മുസ്‌ലിം ലീഗ് 1906ല്‍ രൂപവത്കരിച്ചതും. ഇങ്ങനെ പോയകാല ചരിത്രത്തിന്റെ ഉള്ളറകളില്‍ നിന്ന് വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ ബ്രിട്ടീഷ് അധികാരികളും വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കളും സ്വീകരിച്ച അവിശ്വസനീയമായ നിലപാടുകളും അതിന്റെ പ്രത്യാഘാതങ്ങളും ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തില്‍ ഉള്‍പ്പെടുന്നു.

അവയാകെ പരിശോധിച്ച് ഒരു വിലയിരുത്തലിലേക്ക് വായനക്കാരെ നയിക്കുകയല്ല ഇവിടെ ഉദ്ദേശിക്കുന്നത്. ജസ്വന്ത് സിങ് സ്വീകരിച്ച വ്യക്തിപരമായ പഠനവും ഇടപെടലും സംബന്ധിച്ച് അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാക്കളടക്കമുള്ള വിമര്‍ശകര്‍ സ്വീകരിച്ച നിലപാടിനെയാണ് ചോദ്യം ചെയ്യുന്നത്.

സ്ഥാപക നേതാക്കളില്‍ ഒരാളായിട്ടുപോലും ജസ്വന്ത് സിങ്ങിനെ ടെലിഫോണ്‍ ഉത്തരവ് വഴി ബി.ജെ.പി. പുറത്താക്കി. ഒരുപക്ഷേ, ഈ പുസ്തകം വായിച്ച് ചര്‍ച്ച നടത്തുക പോലും ചെയ്യാതെ. ഒരു ബി.ജെ.പി. മുഖ്യമന്ത്രി തന്റെ സംസ്ഥാനത്ത് പുസ്തകം നിരോധിച്ചു. മറ്റൊരു സംസ്ഥാനത്ത് അതേ പാര്‍ട്ടിയുടെ മുഖ്യമന്ത്രി നിരോധനം ആവശ്യമില്ലെന്ന് പറയുമ്പോള്‍ തന്നെ.

ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സ്വന്തം ചരിത്രത്തിനും വീക്ഷണത്തിനും കീഴ്‌പ്പെട്ടതാണോ ഒരു രാജ്യത്തിന്റെയും കാലഘട്ടങ്ങളുടെആകെയും ചരിത്രം? അതോ അതിനു പുറത്തുവന്ന് സമൂഹത്തെയും ചരിത്രലോകഗതിയെയും പഠിക്കാനും വിലയിരുത്താനും അഭിപ്രായപ്രകടനം നടത്താനും വ്യക്തികള്‍ക്ക് സ്വാതന്ത്ര്യമുണ്ടോ?

തങ്ങള്‍ അംഗീകരിക്കാത്ത ചരിത്രത്തിന് ലോകത്ത് നിലനില്‍ക്കാനുള്ള അവകാശമില്ലെന്ന് ബാബ്‌റി മസ്ജിദ് തകര്‍ത്ത് ബി.ജെ.പി. നേരത്തേ പ്രഖ്യാപിച്ചതാണ്. ജസ്വന്ത് സിങ് മറിച്ചൊരു സമീപനം ആ പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് പ്രതീക്ഷിച്ചെങ്കില്‍ അദ്ദേഹത്തിന് തെറ്റി.

കോണ്‍ഗ്രസ് അടക്കമുള്ള മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒരു ബി.ജെ.പി. നേതാവിന്റെ പുസ്തകമെന്ന മുന്‍വിധിയിലാണ് പ്രതികരിച്ചു കാണുന്നത്. അഞ്ചുവര്‍ഷം മുമ്പ് ജെയിംസ് ലെയ്ന്‍ന്റെ ശിവജിയുടെ ജീവചരിത്രം നിരോധിച്ചത് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്എന്‍.സി.പി. കൂട്ടുഭരണമായിരുന്നു.

പ്രമുഖചരിത്ര ഗവേഷണ സ്ഥാപനമായ പൂണെയിലെ ഭണ്ഡാര്‍ക്കര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആക്രമിച്ച് നശിപ്പിച്ചത് ഈ പാര്‍ട്ടികളുടെ അനുയായികള്‍ക്കൊപ്പം ശിവസേനക്കാരും. ജിന്നയുടെ മതനിരപേക്ഷതയെപ്പറ്റി പരാമര്‍ശിച്ച ഇ.എം.എസ്സിനെ അദ്ദേഹത്തിന്റെ പാര്‍ട്ടി നേതൃത്വവും തള്ളിപ്പറഞ്ഞു. ഏകപക്ഷീയമായ ഒരു പ്രസ്താവനയിലൂടെ ഇ.എം.എസ്. പറഞ്ഞ ജിന്നയുടെ മതനിരപേക്ഷത, എല്‍.കെ.അദ്വാനി പിന്നീട് ആവര്‍ത്തിച്ചു. അത് മറ്റൊരു ചരിത്രം.

വ്യക്തികളായാലും പ്രസ്ഥാനങ്ങളായാലും തെറ്റിന്റെയും ശരിയുടെയും ഇടര്‍ച്ചകളിലൂടെയും വളര്‍ച്ചകളിലൂടേയുമാണ് സമൂഹത്തിന്റെ പൊതുസ്വത്തായിത്തീരുന്നത്. ഈ തെറ്റും ശരിയും വേറിട്ട് പരിശോധിച്ച് അടയാളപ്പെടുത്തിപ്പോകേണ്ടത് ചരിത്രത്തിന്റെ ചുമതലയും ഭാവിയുടെ ആവശ്യവുമാണ്. അതിനുള്ള സ്വാതന്ത്ര്യം വ്യക്തികള്‍ക്ക് അനുവദിക്കാതെ ചിന്താശേഷിയേയും അഭിപ്രായ സ്വാതന്ത്ര്യത്തെയും നാലുപാടു നിന്നും വലിഞ്ഞുമുറുക്കി അടിച്ചൊതുക്കാനാണ് പക്ഷേ, രാഷ്ട്രീയ നേതൃത്വങ്ങള്‍ യോജിക്കുന്നത്.

ഇത് ഇന്ത്യയുടെ മാത്രം അവസ്ഥയല്ല. ജസ്വന്ത് സിങ്ങിന്റെ പുസ്തകത്തെക്കുറിച്ച് പാകിസ്താന്‍ പത്രങ്ങളില്‍ വന്ന പ്രതികരണങ്ങള്‍ മറ്റൊന്നല്ല വ്യക്തമാക്കുന്നത്: “”അതിര്‍ത്തിക്കിപ്പുറത്തും പുസ്തകത്തെ സംബന്ധിച്ച് വലിയ ബഹളമൊന്നും ഉണ്ടാകില്ല. സിങ്ങിന്റെ ഗവേഷണം മഹത്തായ പാകിസ്താനി ചരിത്ര ആഖ്യാനത്തിനും അസ്വസ്ഥത സൃഷ്ടിക്കുന്നതാണ്. ജിന്ന, ദേശീയവാദിയായ ഇന്ത്യന്‍ പാര്‍ലമെന്‍േററിയനോ? എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും തൂങ്ങുന്ന ഛായാചിത്രത്തിന് അത് തീര്‍ച്ചയായും നല്ല വാര്‍ത്തയല്ല.”” സാറാഹുസൈന്‍ തന്റെ കോളത്തില്‍ എഴുതുന്നു.

കടപ്പാട് മാതൃഭൂമി .09.05.2009