തൃശൂര്‍: തൃശൂരിലെ സ്വര്‍ണാഭരണ നിര്‍മാണ കേന്ദ്രങ്ങളില്‍ തുടരുന്ന (കേരള ചരക്ക് സേവന നികുതി) ജി.എസ്.ടി റെയ്ഡില്‍ ഇതുവരെ പിടിച്ചെടുത്തത് 120 കിലോ സ്വര്‍ണം. കണക്കില്‍പ്പെടാത്ത 120 കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്.
അഞ്ച് വര്‍ഷമായി തുടരുന്ന നികുതി വെട്ടിപ്പാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. സംസ്ഥാന ധനകാര്യ വകുപ്പിന്റെ നേരിട്ടുള്ള ഉത്തരവ് പ്രകാരമാണ് പരിശോധന.
തൃശൂരിലെ 74 കേന്ദ്രങ്ങളിലാണ് ജി.എസ്.ടി റെയ്ഡ് നടക്കുന്നത്. സംസ്ഥാനത്തിന്റെ 78 ഓളം ഭാഗങ്ങളില്‍ നിന്നുള്ള 700 ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്.
സംസ്ഥാനത്തെ ഏറ്റവും വലിയ ജി.എസ്.ടി റെയ്ഡ് ആയിട്ടാണ് തൃശൂരിലെ പരിശോധനയെ കണക്കാക്കുന്നത്. ‘ഓപ്പറേഷന്‍ ടോറേ ഡെല്‍ ഓറോ’ എന്ന പേരിലാണ് റെയ്ഡ് നടക്കുന്നത്.
ജില്ലയിലെ മൊത്ത വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. ബുധനാഴ്ച രാവിലെ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന ജി.എസ്.ടി ഇന്റലിജന്‍സ് സ്‌പെഷ്യല്‍ കമ്മീഷണര്‍ എബ്രഹാം റെന്‍. എസ്സിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്.
സ്വര്‍ണാഭരണങ്ങള്‍ക്ക് പുറമെ മറ്റു ചില രേഖകളും കണ്ടെടുത്തതായി ജി.എസ്.ടി വകുപ്പ് പറഞ്ഞു. നിര്‍മാണ കേന്ദ്രങ്ങളിലും കടകളിലുമായി
പരിശോധന തുടരുമെന്ന് സംസ്ഥാന ജി.എസ്.ടി ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണര്‍ ദിനേശ് കുമാര്‍ അറിയിച്ചു.
പരിശോധനയുടെ രഹസ്യസ്വഭാവം ഉറപ്പാക്കികൊണ്ടാണ് സംസ്ഥാനത്തുടനീളമുള്ള ഉദ്യോഗസ്ഥര്‍ തൃശൂരിലേക്ക് എത്തിയത്. ഉല്ലാസയാത്ര 24, അയല്‍ക്കൂട്ടങ്ങളുടെ ഉല്ലാസയാത്ര, ഫിനാന്‍ഷ്യല്‍ മീറ്റ് തുടങ്ങിയ ഫ്‌ളക്‌സുകള്‍ പതിപ്പിച്ച ടൂറിസ്റ്റ് ബസിലാണ് ഉദ്യോഗസ്ഥര്‍ സ്വര്‍ണനിര്‍മാണ കേന്ദ്രങ്ങളില്‍ എത്തിയത്.
പരിശീലവും പരിപാടിയുടെ മറവിലാണ് ഉദ്യോഗസ്ഥരെ ജി.എസ്.ടി വകുപ്പ് ജില്ലയിലെത്തിച്ചത്.
Content Highlight: 120 kg of gold has been seized so far in the ongoing GST raid on gold jewelery manufacturing centers in Thrissur