പാലക്കാട്: അട്ടപ്പാടിയില്‍ പന്ത്രണ്ട് വയസ്സുള്ള പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസിന്റെ അന്വേഷണത്തില്‍ പൊലീസ് അനാസ്ഥ കാണിക്കുന്നതായി ആരോപണം. കേസില്‍ അറസ്റ്റിലായ ഒരു പ്രതി പൊലീസ് പിടിയില്‍ നിന്ന് രക്ഷപ്പെട്ടതടക്കം ഗുരുതര അനാസ്ഥയാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്.
കഴിഞ്ഞ മെയ് 19 ാം തിയ്യതി മറ്റൊരു പെണ്‍കുട്ടിയുടെ കൂടെ കാണാതായ പന്ത്രണ്ട് വയസുകാരിയെ പൊലീസ് കണ്ടെത്തുന്നത് ദിവസങ്ങള്‍ കഴിഞ്ഞാണ്. അയല്‍വാസിയായ പെണ്‍കുട്ടി പ്രദേശത്തെ പ്രശസ്തമായ പുതൂര്‍ ഉത്സവത്തിന് കൊണ്ട് പൊകാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ കൊണ്ട് പോകുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞിരുന്നു.
എന്നാല്‍ തിരിച്ച് എത്തേണ്ട സമയമായിട്ടും ഇരുവരെയും കാണാത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ദിവസങ്ങള്‍ കഴിഞ്ഞ് പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ വൈദ്യ പരിശോധനയിലാണ് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായ വിവരമറിഞ്ഞത്. തുടര്‍ന്നാണ് പൊലീസ് പന്ത്രണ്ട് വയസുകാരിയെ കൊണ്ട് പോയ പെണ്‍കുട്ടിയെയടക്കം പന്ത്രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.
ആനക്കട്ടി രതീഷ്, നെല്ലിപ്പതി ഊരിലെ ശിവകുമാര്‍, വീനസ് രാജ്, കാരറ ഊരിലെ മണികണ്ഠന്‍, താഴേ സാമ്പാര്‍കോട് ഊരിലെ രാംരാജ്, സുധീഷ്, ഭൂതിവഴി ഊരിലെ രാജേഷ്, എം.കുമാര്‍, അരവിന്ദ്, കാരയൂര്‍ ഈശ്വരന്‍, നെല്ലിപ്പതി എം.കുമാര്‍, ഇന്ദുമതി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെല്ലാം തന്നെ 19 മുതല്‍ 25 വയസ് വരെ മാത്രം പ്രായമുള്ളവരാണ്. ഇവര്‍ക്കെതിരെ പൊക്‌സോ പ്രകാരം കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്.
കേസ് അന്വേഷണത്തില്‍ പൊലീസിന്റെ നിരന്തര അനാസ്ഥ
പെണ്‍കുട്ടിയുടെ കാണാതാവലുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ പരാതി നല്‍കി മൂന്ന് ദിവസം കഴിഞ്ഞാണ് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. കേസില്‍ തുടക്കം മുതല്‍ പൊലീസ് അനാസ്ഥ കാണിച്ചിരുന്നെന്ന് കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനെ സമീപിച്ച പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത അട്ടപ്പാടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തക ഡൂള്‍ന്യൂസിനോട് പറഞ്ഞത്.
ഇത് തെളിയിക്കുന്നത് തന്നെയായിരുന്നു കോടതിയില്‍ റിമാന്‍ഡ് ചെയ്യാന്‍ കൊണ്ട് പോകുന്നതിനിടെ ഒരു പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു പോയത്. മണ്ണാര്‍ക്കാട് കോടതിയല്‍ എത്തിച്ച് പ്രതികളിലൊരാളായ വീനസ് രാജ് പൊലീസ് വാനില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് പ്രതിയെ പൊലീസ് പിടികൂടിയെങ്കിലും പെണ്‍കുട്ടിക്ക് എതിരെയുള്ള അതിക്രമം നടത്തിയ കേസില്‍ പൊലീസ് കാണിക്കുന്ന അനാസ്ഥയ്ക്ക് ഉദാഹരണമാണ് ഇതെന്ന് സമൂഹ മാധ്യമങ്ങളിലടക്കം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
പൊലീസ് ഉദ്യോഗസ്ഥര്‍ വംശീയവും സ്ത്രീ വിരുദ്ദവുമായ നിലപാട് എടുത്തെന്ന് ആരോപണം
കേസുമായി ബന്ധപ്പെട്ട് സ്ത്രീവിരുദ്ധവും വംശീയവുമായ നിലപാടാണ് പൊലീസ് ഉദ്യോഗസ്ഥര്‍ എടുത്തതെന്നാണ് സാമൂഹിക പ്രവര്‍ത്തകയും അധ്യാപികയുമായ ബിന്ദു തങ്കം കല്ല്യാണി പറയുന്നത്. കേസുമായി ബന്ധപ്പെട്ട് അഗളി സ്റ്റേഷനില്‍ എത്തിയ തന്നോട് പെണ്‍കുട്ടിയെ കുറിച്ച് വംശീയമായും സ്ത്രീ വിരുദ്ധവുമായി അഗളി ഡി.വൈ.എസ്.പി സംസാരിച്ചെന്നാണ് ബിന്ദു പറയുന്നത്. പുറത്തുള്ള കുട്ടികള്‍ പഠിച്ച് ജോലിവാങ്ങാനും ജീവിതം കെട്ടിപ്പടുക്കാനും ശ്രമിക്കുമ്പോള്‍ ആദിവാസി പെണ്‍കുട്ടികള്‍ അങ്ങനെയല്ലെന്നും അവര്‍ ഋതുമതിയാവുമ്പോള്‍ തന്നെ അത്തരം കാര്യങ്ങള്‍ ചിന്തിക്കുകയും തന്റെ കാമുകനെ കണ്ടുപിടിക്കുകയും ഇത്തരം കാര്യങ്ങള്‍ക്ക് (SEX) പോവുകയും ചെയ്യുന്നു. അതാണ് അവിടെ സംഭവിച്ചത്. പതിനൊന്ന് വയസ്സായ ഈ കുട്ടിക്ക് കാഴ്ചയില്‍ 16-17 വയസ്സ് തോന്നിക്കും. കൂടെപ്പോയ പെണ്‍കുട്ടിയേക്കാള്‍ (19വയസ്സുള്ള) ശരീര വലിപ്പമുണ്ട്. അവള്‍ക്കിപ്പോള്‍ യാതൊരു പ്രശ്‌നവുമില്ല. ആരോഗ്യവതിയാണ്.. എന്നുമായിരുന്നു ഡി.വൈ.എസ്.പി പറഞ്ഞ പ്രസ്താവനയെന്നും ബിന്ദു പറയുന്നു.
എത്രമാത്രം സ്ത്രീവിരുദ്ധതയും വംശീയമായ അധിക്ഷേപവും ഇതിലുണ്ടെന്ന് ഈ പദവിയിലിരിക്കുന്ന ഒരാള്‍ക്ക് അറിയില്ല എന്നാണോ? ദളിതരും ( കൂട്ടിക്കൊടുപ്പുകാരിയെന്ന് കൊട്ടിഘോഷിക്കുന്ന പെണ്‍കുട്ടി SC ആണ് ) ആദിവാസികളുമായ പെണ്‍കുട്ടികള്‍ ലൈംഗികത തേടി നടക്കുന്നവരും അതൃപ്തരുമാണെന്ന കണ്ടെത്തല്‍ പൊതു സമൂഹത്തിന്റെ വൃത്തികെട്ട മനസ്സാണ്.. ആ മനസ്സോടെയാണ് ഈ പൊതു സമൂഹം ഈ കുറ്റകൃത്യത്തെ കാണാതിരിക്കുന്നത്.. ഒന്നുകില്‍ തല്ലിക്കൊല്ലണം ഇല്ലെങ്കില്‍ റേപ്പ് ചെയ്ത് കൊല്ലണം. എന്നാലല്ലേ പ്രതികരിക്കാനും കണ്ണീരൊഴുക്കി അട്ടപ്പാടിക്ക് ടൂര്‍ നടത്താനും കേരള മനസ്സാക്ഷി ഉണരൂ.. ബിന്ദു പറഞ്ഞു.
താന്‍ അന്വേഷിച്ചറിഞ്ഞിടത്തോളം അവള്‍ പുതൂര്‍ അമ്പലത്തിലെ ഉത്സവത്തിന് അയല്‍വാസിയായ പെണ്‍കുട്ടിയോടൊപ്പം പോയതാണ്. കൂടെപ്പോയ പെണ്‍കുട്ടിക്ക് 19 വയസ്സ് പ്രായമേയുള്ളൂ. അവള്‍ ഒരു കൂട്ടിക്കൊടുപ്പുകാരിയല്ല. ഉത്സവത്തിന് പോയ സ്ഥലത്ത് നിന്ന് ആരാണ് ഇവരെ കൊണ്ടുപോയത്, എന്നും ആരൊക്കെ എവിടെയൊക്കെ തടവില്‍ പാര്‍പ്പിച്ചാണ് ലൈംഗികമായി ഉപയോഗിച്ചതെന്നും വ്യക്തമല്ല. കൂടെപ്പോയ പെണ്‍കുട്ടിയും ലൈംഗീക ചൂഷണം ചെയ്യപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ പിടിക്കപ്പെട്ടവര്‍ കുറ്റകൃത്യത്തില്‍ പങ്കാളികളാണെന്ന് സംശയം മാത്രമേയുള്ളൂവെന്നും പെണ്‍കുട്ടി ഇവരെ തിരിച്ചറിഞ്ഞോയെന്ന ചോദ്യത്തിന് അത്തരം കാര്യങ്ങളൊന്നും പറയാന്‍ കഴിയില്ലെന്നാണ് എ.എസ്.പി പറഞ്ഞത്. എന്നാല്‍ ആദിവാസിയല്ലാത്ത ഒരാളെ പിടികിട്ടിയിട്ടില്ല- എന്നും ബിന്ദു വ്യക്തമാക്കി.