12 വർഷം; ബെംഗളൂരിവിൽ മാത്രം കാണാതായത് 485 പെൺകുട്ടികളെ
NATIONALNEWS
12 വർഷം; ബെംഗളൂരിവിൽ മാത്രം കാണാതായത് 485 പെൺകുട്ടികളെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th August 2024, 9:26 am

ബെംഗളൂരു: കഴിഞ്ഞ 12 വർഷത്തിനിടെ ബെംഗളൂരിവിൽ നിന്ന് മാത്രം കുറഞ്ഞത് 485 സ്ത്രീകളെയും പെൺകുട്ടികളെയും കാണാതായിട്ടുണ്ടെന്ന് സമീപകാലത്തായി പുറത്ത് വിട്ട ക്രൈം ഡാറ്റ റിപ്പോർട്ട്. ഡെക്കാൻ ഹെറാൾഡ് അവലോകനം ചെയ്ത കണക്കുകൾ പ്രകാരം 19 മുതൽ 21 വയസ് വരെ പ്രായമുള്ള 173 പെൺകുട്ടികളെയും 16 വയസിൽ താഴെയുള്ള 162 പെൺകുട്ടികളെയും ഇതുവരെയും കണ്ടെത്താനായിട്ടില്ല. 17 നും 18 നും ഇടയിൽ പ്രായമുള്ള 92 പെൺകുട്ടികളും 22 വയസോ അതിൽ കൂടുതൽ പ്രായമുള്ള 58 സ്ത്രീകളെയും ഇതുവരെയും കണ്ടെത്താനായിട്ടില്ല.

കാണാതാകുന്ന പെൺകുട്ടികളിൽ 70 ശതമാനവും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ടുകൾ കാണിക്കുന്നത്. പല പരാതിക്കാരും ഒരു പരാതി നൽകിയതിന് ശേഷം പ്രതികരിക്കുന്നില്ലെന്നും പൊലീസ് പറഞ്ഞു. പ്രത്യേകിച്ച് പ്രായപൂർത്തിയാവാത്ത പെൺകുട്ടികളുടെ കാര്യത്തിലാണ് ഈ നിസ്സംഗത കൂടുതലെന്നും പൊലീസ് പറഞ്ഞു.

‘പലപ്പോഴും പ്രണയബന്ധങ്ങളിൽ പെടുമ്പോൾ പരാതിക്കാർ കേസിന്റെ പശ്ചാത്തലം മറച്ച് വെക്കുകയും വളരെ കുറച്ച് വിവരങ്ങൾ മാത്രം നൽകുകയും ചെയ്യും. അഥവാ പെൺകുട്ടിയെ കണ്ടെത്തിയാലും അവർ പൊലീസിനെ വിവരം അറിയിക്കുന്നില്ല,’ പൊലീസ് പറഞ്ഞു.

പലപ്പോഴും കേസുകളിൽ ആവർത്തിച്ച് പരാതിക്കാരുമായി ബന്ധപ്പെട്ടാലും അവർ പ്രതികരിക്കാറില്ലെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഡെക്കാൻ ഹെറാൾഡിനോട് പറഞ്ഞു.

‘ഒരു പെൺകുട്ടിയെ കാണാതായാൽ അത് കുടുംബത്തിന് അപമാനമെന്ന നിലപാടാണ് പല കുടുംബങ്ങൾക്കും ഉള്ളത് അതിനാൽ തന്നെ അവർ കേസിനെക്കുറിച്ച് പിന്നീട് അന്വേഷിക്കാതാകുന്നു,’ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

 

എന്നാൽ പൊലീസിന്റെ നിസ്സംഗതയും ഒരു കാരണമാണെന്ന് ജനങ്ങൾ പറയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

18 നും 23 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെ കാണാതായതുമായി ബന്ധപ്പെട്ട പരാതികൾ പൊലീസ് വൈകിപ്പിക്കാറുണ്ടെന്നും ഇത് പെൺകുട്ടികളെ അതിർത്തി കടന്ന് മറ്റ് സംസ്ഥാനങ്ങളിൽ അഭയം തേടാനുള്ള അവസരം നല്കുമെന്നുമുള്ള വിമർശനം ഉയരുന്നുണ്ട്. പരാതിക്കാർ സമ്മർദ്ദം ചെലുത്തിയാൽ പോലും പൊലീസ് ഇതര സംസ്ഥാനങ്ങളിൽ പോയി അന്വേഷണം നടത്തുന്നതും വിരളമാണെന്നും അദ്ദേഹം പറഞ്ഞു.

കാണാതാകുന്നവർ അപകടങ്ങളിൽ പെട്ട് മരണപ്പെട്ടാൽ തിരിച്ചറിയപ്പെടാതെ പോകുന്നുവെന്ന് മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

‘കാണാതാകുന്ന പലരും അപകടങ്ങൾക്ക് ഇരയാകുകയും പിന്നീട് തിരിച്ചറിയപ്പെടാതെ പോകുകയും ചെയ്യുന്നു. പ്രത്യേകിച്ച് മറ്റ് സംസ്ഥാനങ്ങളിൽ വെച്ച് അവർ മരണപ്പെട്ടാൽ അജ്ഞാത മൃതദേഹവുമായി സംസ്കരിക്കപ്പെടുന്നു,’ അദ്ദേഹം പറഞ്ഞു.

പെൺകുട്ടികളുടെ തിരോധാനത്തിൽ മനുഷ്യക്കടത്ത് സാധ്യതകൾ ഏറെയുണ്ടെന്ന് മറ്റൊരു മുതിർന്ന സെൻട്രൽ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ സമ്മതിച്ചു. സാങ്കേതിക മുന്നേറ്റങ്ങൾ കേസുകൾ തെളിയിക്കുന്നതിന് വലിയ സഹായകമാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

Content Highlight: 12 years, 485 cases: Bengaluru’s crisis of missing girls & women