റായ്പൂര്‍: ജോലിസ്ഥലത്തുനിന്നും 150 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് നടന്ന 12 വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. മൂന്ന് ദിവസമായി പെണ്‍കുട്ടി വീട്ടിലേക്കുള്ള കാല്‍നടയാത്ര ആരംഭിച്ചിട്ട്. നിര്‍ജലീകരണവും ക്ഷീണവും മൂലമാണ് പെണ്‍കുട്ടി മരിച്ചത്. തെലങ്കാനയിലെ ജോലിസ്ഥലത്തുനിന്നും ഛത്തീസ്ഗഡിലെ ബിജാപൂരിലേക്കാണ് പെണ്‍കുട്ടി യാത്ര തിരിച്ചത്.
മുളക് പാടത്ത് കുടിയേറ്റ തൊഴിലാളികള്‍ക്കൊപ്പമായിരുന്നു കുട്ടി ജോലിചെയ്തിരുന്നതെന്നും ജമലോ മക്ഡം എന്ന പെണ്‍കുട്ടിയാണ് മരിച്ചതെന്നും അധികൃതര്‍ അറിയിച്ചു. കൂടെ ജോലി ചെയ്യുന്ന ആളുകള്‍ക്കൊപ്പമായിരുന്നു പെണ്‍കുട്ടി നടന്നത്.
ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സ്വന്തം നാട്ടിലേക്കെത്താന്‍ കാല്‍നടയല്ലാതെ സംഘത്തിന് മുന്നില്‍ മറ്റൊരു വഴിയുമുണ്ടായിരുന്നില്ല. ഇതോടെയാണ് 150 കിലോമീറ്റര്‍ നടക്കാന്‍ ഇവര്‍ തീരുമാനിച്ചത്.
ഏപ്രില്‍ 15നാണ് സംഘം യാത്ര ആരംഭിച്ചതെന്നാണ് വിവരം. മൂന്ന് ദിവസത്തെ യാത്ര പിന്നിട്ടതിന് ശേഷം ഏപ്രില്‍ 18നാണ് പെണ്‍കുട്ടി മരിച്ചത്. വീടിന് സമീപത്തുള്ള ഗ്രാമത്തിലെയപ്പോഴായിരുന്നു പെണ്‍കുട്ടി കുഴഞ്ഞുവീണത്.
‘തെലങ്കാനയും ബിജാപൂരും തമ്മില്‍ 150 കിലോമീറ്റര്‍ ദൂരമുണ്ട്. വീട്ടിലെത്താന്‍ 50 കിലോമീറ്റര്‍ ശേഷിക്കെയാണ് പെണ്‍കുട്ടി തളര്‍ന്ന് മരിച്ചത്. ശനിയാഴ്ച രാവിലെ കുട്ടി ഭക്ഷണം കഴിച്ചിരുന്നെങ്കിലും വയറുവേദനയടക്കം കുട്ടിയെ അലച്ചിയിരുന്നെന്നാണ് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞത്. രാവിലെ പത്തുമണിയോടെയാണ് കുട്ടി മരിച്ചത്’, ബിജാപൂരിലെ മുതിര്‍ന്ന ആരോഗ്യ ഉദ്യോഗസ്ഥന്‍ ബി.ആര്‍ പൂജാരി പറഞ്ഞു.
കുട്ടിയുടെ മരണം പ്രഥമദൃഷ്ട്യാ നിര്‍ജലീകരണവും ക്ഷീണവും കാരണം ഉണ്ടായതാണെന്നാണ് മനസിലാവുന്നതെന്നും അദ്ദേഹം പി.ടി.ഐയോട് പറഞ്ഞു. കുട്ടി അധികം ഭക്ഷണം കഴിക്കാറില്ലെന്നായിരുന്നു കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞിരുന്നതെന്നും അദ്ദേഹം അറിയിച്ചു.
പെണ്‍കുട്ടിയോടൊപ്പമുണ്ടായിരുന്ന സംഘത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 13 പേരായിരുന്നു ഉണ്ടായിരുന്നത്. ഇവരുടെ പക്കലുള്ള ഫോണുകളില്‍ ചാര്‍ജ് തീര്‍ന്നുപോയതിനാല്‍ കുട്ടിയുടെ മരണ വിവരം ഏറെ വൈകിയാണ് വീട്ടില്‍ അറിഞ്ഞതും.
കുട്ടി മരിച്ചെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ അവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ഛത്തീസ്ഗഡിലെ ആദിവാസി വിഭാഗത്തില്‍പെട്ട കുട്ടിയാണ് മരിച്ചത്. സംസ്ഥാനത്തുനിന്നും ആദിവാസി വിഭാഗത്തിലെ നിരവധി കുട്ടികളെ തെലങ്കാനയിലെ തോട്ടങ്ങളില്‍ ജോലിക്ക് കൊണ്ടുപോകുന്നുണ്ടെന്നാണ് വിവരം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.